ബിജോ തോമസ് അടവിച്ചിറ
പ്രകൃതി കനിഞ്ഞു നൽകിയ ദൈവത്തിന്റെ സ്വന്തം നാട് നമ്മുടെ കൊച്ചു കേരളം, അവിടേക്ക് ഇന്ന് ലോകം ഉറ്റു നോക്കുന്നു. പക്ഷെ അത് ഇവിടുത്തെ പ്രകൃതി രമണീയതയിൽ മനം കുളിർന്നിട്ടു അല്ലെന്നു മാത്രം. നമ്മൾ ഇന്ന് ഒരു യുദ്ധ ഭൂമിയിൽ ആണ് ആ യുദ്ധം എന്ന് തിരുമെന്നോ, അങ്ങനെ അവസാനിക്കുമെന്നോ, ഭാവി ഭവിഷ്യത്തുകൾ എങ്ങനെ ആയിത്തീരുമെന്നോ ആർക്കും അറിയില്ല. പക്ഷെ ഒന്ന് മാത്രം ഈ യുദ്ധക്കളത്തിൽ മലയാളികൾ ഒന്നിച്ചു പൊരുതി ഇനിയും പൊരുതുന്നു, സമൃദ്ധിയുടെ ആ നല്ല നാളുകളിലേക്ക്……
എന്റെ നാട് കുട്ടനാട് പ്രകൃതി ഉഗ്രരൂപിണിയായി സംഹാരതാണ്ഡവം ആടി നിറഞ്ഞു കവിഞ്ഞു പല ജീവിതവും തുടച്ചു നീക്കി തൂത്തെറിഞ്ഞു വരുമ്പോൾ എല്ലാം ഉൾകൊള്ളാൻ കാത്തിരുന്ന നാട്. വർഷത്തോറും ചെറുതും വലുതുമായ പല വെള്ളപ്പൊക്കവും വന്നെങ്കിലും അതെല്ലാം വർഷത്തിലൊരിക്കൽ വിരുന്നു വരുന്ന ഉൽസവമാക്കി മാറ്റുന്ന കുട്ടനാടൻ ജനതയ്ക്ക് അപ്രതീഷിതമായി കിട്ടിയ ഇരുട്ടടി ആയി പോയി ഈ മഹാ ദുരന്തം. പമ്പ നദി നിറഞ്ഞു തുളുമ്പിയപ്പോളും എല്ലാം സഹിക്കാം എന്നും കരുതി,… ഏതൊക്കെ എന്ത് ? എന്ന് പറഞ്ഞു കൂട് വിട്ടുപോരാതിരുന്ന കുട്ടനാടൻ മക്കളുടെ കണ്ണുകൾ ചുവക്കാൻ അധിക സമയം വേണ്ടി വന്നില്ല. കഴിഞ്ഞ ഒരു മാസക്കാലം കൂടെ ഉണ്ടായിരുന്ന വെള്ളപൊക്കം പ്രളയ ജലമായി മാറിയപ്പോൾ നാട് അക്ഷരാത്ഥത്തിൽ മുങ്ങി. കരകാണാൻ ഒരിടംപോലും ഇല്ലാതെ മുട്ടോളം വെള്ളം, തലപൊക്കമായി മാറാൻ അധിക നേരം വേണ്ടി വന്നില്ല. പിന്നെ ജിവനെങ്കിലും നിലനിർത്താനുള്ള ഓട്ടം ആയിരുന്നു.
ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് കത്ത് വച്ച സമ്പാദ്യങ്ങൾ മുഴുവൻ കണ്മുൻപിൽ അസ്തമിക്കുന്നതും കണ്ടു ജീവന് വേണ്ടിയുള്ള ഓട്ടം. ഏകദേശം 3 ലക്ഷത്തോളം വരുന്ന കുട്ടനാടൻ മക്കൾ തിരിച്ചറിയാൻ ഒരു രേഖകൾ പോലും ഇല്ലാതെ അവിടുന്ന് പലായനം തുടങ്ങി.
ആലുവയിലും പെരിയാറിന്റെ തീരങ്ങളിലും, ചെങ്ങന്നൂർ ഉൾപ്പെടയുള്ള പമ്പയാറിന്റെ തീരങ്ങളിലും മലബാർ മേഖലയിലും പ്രളയ ജലം സംഹാര താണ്ഡവമാടി അനവധി ജീവനുകൾ അപകരിക്കുമ്പോളും. അവിടങ്ങളിൽ നാട്ടുകാരോടൊപ്പം കേന്ദ്ര സംസ്ഥാന സേനയുടെ രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തങ്ങളിൽ ഏർപ്പെടുമ്പോൾ.
അധികാരികൾ പറഞ്ഞു അവർ കുട്ടനാട്ടുകാർ അവർ രക്ഷപെടും അവർ വെള്ളത്തിൽ പൊങ്ങി കിടന്നുകൊള്ളും. അധികാരികളുടെ ശ്രദ്ധ ശരി വയ്ക്കുന്ന രീതിയിൽ ആയിരുന്ന ആദ്യ ദിനങ്ങളിൽ ഗ്രാമവാസികളുടെ രക്ഷാപ്രവർത്തനം. പ്രളയ ജലം വന്നു മൂടുന്ന ആദ്യ ദിനങ്ങളിൽ നാട്ടുകാർ തന്നെ സംഘടിച്ചുള്ള രക്ഷാപ്രവർത്തനം ആയിരുന്നു. പലരും സ്വന്തമായി സ്പീഡ് ബോട്ടുകളും യമഹ വള്ളങ്ങളിലും കിഴക്കൻ ദേശങ്ങളിലുള്ള ബന്ധു വീടുകളിൽ അഭയം തേടിയിരുന്നു.
എന്നാൽ നാട്ടുകാരെ കൊണ്ട് കുട്ടിയാൽ കൂടില്ലാത്ത സ്ഥിതിയില്ലേക്ക് കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ അധികാരികാരികളുടെ ശ്രദ്ധയിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ പിന്നെ കണ്ടത് കുട്ടനാട്ടുക്കാർ എന്നുവരെ കാണാത്ത രക്ഷാപ്രവർത്തനത്തിന് നാൾ വഴികൾ ആയിരുന്നു. പിന്നെ കുട്ടനാടിന്റെ കിഴക്കൻ മേഖലയായ ചങ്ങനാശേരിയിലേക്കും ആലപ്പുഴ നഗര പ്രദേശങ്ങളിലേക്കും കുട്ടനാട്ടുകാരുടെ ഒഴുക്കായിരുന്നു .
നാട്ടുകാർ സ്വന്തമായി സംഘടിപ്പിച്ച യമഹ വച്ച വള്ളങ്ങളോടൊപ്പം ദുരകർമ്മ സേനയുടെ സ്പീഡ് ബോട്ടുകളും പിന്നെ അവരും…… ഇനി കുട്ടനാട്ടുക്കാർ തങ്ങളുടെ ജീവിത കാലം മുഴുവൻ നന്ദിയോടെ ഓർക്കാനും തങ്ങളുടെ വരും തലമുറയ്ക്ക് കഥയിലൂടെ പറഞ്ഞു കൊടുക്കാനും കാത്തിരുന്നവർ… എല്ലാരും പറയുന്നതുപോലെ നമ്മുടെ സ്വന്തം സേന മൽസ്യബന്ധന തൊഴിലാളികൾ അതെ അവർ തന്നെ കാരിരുമ്പിന്റെ കരുത്തും കടലോളം കരുതലും തന്ന കടലിന്റെ മക്കൾ. നാട്ടുകാരോടും ദുര കർമ്മ സേനക്കും നയിക്കാൻ കടലിന്റെ മക്കൾ മുന്നിൽ നിന്നപ്പോൾ എന്തൊന്നില്ലാത്ത ഉണർവും കരുത്തും നാട്ടുകാർക്കും രക്ഷാപ്രവർത്തകർക്കും കിട്ടി. റോഡുകളും പുഴകളും സമം സമമായി ഒഴുകുമ്പോൾ കരയായി ഒരു ഇത്തിരി സ്ഥലം പോലും ഇല്ലാത്ത അവസ്ഥയിൽ അറിയാത്ത വഴികളിലൂടെ നാട്ടുകാർക്കൊപ്പം അവർ ഇറങ്ങി തങ്ങൾക്കു അന്നം തരുന്ന അവരുടെ ആ ചെറുവള്ളങ്ങളുമായി ഒപ്പം യുവാക്കളായ കുട്ടനാടിന്റെ മക്കൾക്കൊപ്പം ചങ്ങനാശേരിയിലെ ഒരുപറ്റം കൂട്ടുകാരും…
കുട്ടനാടിന്റെ ഊടുവഴികളിലൂടെ എടത്തോടുകളിലൂടെയും കിലോമീറ്ററോളം അവർ പാഞ്ഞു മനുഷ്യ ജീവന്റെ ഒരു നമ്പ്പോലും നഷ്ടപ്പെടാതിരിക്കാൻ. അവരോടൊപ്പമുള്ള യാത്രയിൽ അക്ഷരത്തിൽ മുങ്ങി ഒരു പക്ഷെ ശവപ്പറമ്പ് ആയി മാറിയെനെക്കാമായിരുന്ന കുട്ടനാടിന്റെ അത്യന്തം ഭയാനകമായ നിലവിലെ സ്ഥിതി അടുത്ത് മനസിലാക്കാൻ കഴിഞ്ഞു. മനുഷ്യർ നിവർത്തികേടുകൊണ്ടു ജീവനുകൊണ്ട് ഓടിയപ്പോൾ വീട്ടിൽ ഉപേക്ഷിച്ചു പോയ പക്ഷി മൃഗാദികളിൽ പലതും ചത്ത് ഒഴുകി വരുന്ന ദുരന്ത നിമിഷങ്ങൾ. എത്രവിളിച്ചിട്ടും മുകളിലത്തെ നിലയിൽ സ്ഥാന മുറപ്പിച്ചു വീട് വിട്ടു വരാൻ കൂട്ടാക്കാത്ത നാട്ടുകാർ. രോഗ അവസ്ഥയിൽ കിടപ്പിലായ രോഗികൾ. അത്യന്തം ശ്രമപ്പെട്ടാണ് അവരിൽ പലരെയും അഭയ സ്ഥാനങ്ങളിൽ എത്തിയത്. നമ്മുടെ സ്വന്തം കടലിന്റെ മക്കൾ അവിടെ നമുക്ക് തന്ന കരുതൽ കടലോളം തന്നെ.
ഞാൻ ഒപ്പം കൂടിയ വിഴിഞ്ഞം തുറമുഖത്തിനിന്നും വന്ന തൊഴിലാളി സഹോദരങ്ങളിൽ 25 വയസോളം പ്രായം തോന്നിക്കുന്ന അണ്ണാ എന്ന് എന്നെ വിളിച്ച യുസഫ് എന്ന ചെറുപ്പക്കാരൻ പറയുകയുണ്ടായി കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങൾക്കു മുൻപ് കടലിൽ പോയി പുലർച്ചെ തുറയിൽ (കടലിൽ പോയി തിരിച്ചെത്തിയപ്പോൾ ) മടങ്ങിയെത്തിയപ്പോൾ പെട്ടന്ന് പള്ളിയിലേക്ക് വരാൻ പറഞ്ഞു അവിടെ എത്തുമ്പോൾ വെള്ളപൊക്കം മൂലം രക്ഷാപ്രവർത്തനത്തിന് പോകാൻ പറഞ്ഞത് എന്നും ഉടൻ തന്നെ പള്ളിമുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറികളിൽ വള്ളവും കയറ്റി എങ്ങോട്ടു പുറപ്പെടുവായിരുന്നു എന്ന്. കടലിൽ നിന്നും മടങ്ങിയെത്തി കൊടുത്ത മത്സ്യത്തിന്റെ പണം പോലും വാങ്ങാതെ ആണ് പോലും അവർ എവിടേക്ക് തിരിച്ചത്. എല്ലാം കഴിഞ്ഞിട്ട് വേണം ഒന്ന് ഉറങ്ങാൻ എന്ന് ആ മുടി ചെമ്പിപ്പിച്ച ഇരുപത്തഞ്ച് വയസുകാരന്റെ വാക്കുകളിലെ നൻമ, പലപ്പോഴും കടൽഷോഭങ്ങളിലും ചുഴലിക്കാറ്റിലും മല്ലിടുന്ന സമയങ്ങളിൽ നമ്മുടെ നാട്ടുകാരായ തലമുറ അവരോടു കാണിച്ചിരുന്നോ എന്നുള്ളത് ഒരു ചോദ്യ ചിഹ്നം ?
വിഴിഞ്ഞത്തു നിന്നും വന്ന യൂസഫ് എന്ന ആ ചെറുപ്പകാരനൊപ്പം
അങ്ങനെ മുപ്പതോളം വരുന്ന ബോട്ടുകളിൽ വേറെയും നൂറോളം മൽസ്യത്തൊഴിലാളികൾ…രക്ഷാപ്രവർത്തനങ്ങളിൽ അവർക്കു കൂട്ടായി പല സുഹൃത്തുക്കളോടൊപ്പം പരിചിതവും അല്ലാത്തതുമായ പലമുഖങ്ങളും അവിടെ കാണാൻ കഴിഞ്ഞു. എല്ലാത്തിനും നേതൃത്വം കൊടുത്തു മുൻ നിരയിൽ നിന്നും നയിച്ച നമ്മുടെ സ്വന്തം സെലിബ്രറ്റി ആയ അജേഷും, രാജേഷും പിന്നെ സിജോ കാനച്ചേരിയും ശിഷ്യന്മാരും, പുട്ടൻ ബ്രിജിത്തും ഐസ് ജൂഡിപ്പനും, നവാസും, സലേഷ്, കണ്ണാടി പള്ളിയിലെ കൊച്ചച്ഛനും പിന്നെയും പേരറിയാത്ത ചങ്ക് ബ്രോകളും അക്ഷരത്തിൽ ഈ ദിവസങ്ങളിൽ ജീവൻ പോലും പണയം വച്ചുള്ള കൈയും മേയും മറന്നുള്ള അധ്വാനം ആയിരുന്നു.
പുളികുന്നിൽ നിന്നും എല്ലാം നിയന്ത്രിച്ച റ്റിറ്റോ ചേട്ടനും നന്ദിയുടെ വാക്കുകളിൽ. പിന്നെയും എടുത്തു പറയാൻ ഒരുലക്ഷത്തോളം വരുന്ന കുട്ടനാട്ടുകാരെ ഇരുകയ്യും നീട്ടി സ്വീകരിച്ച അഞ്ചു വിളക്കിന്റെയും മാനവികതയുടെയും നാട്ടുകാരായ ചങ്ങനാശേരിയുടെ പ്രബുദ്ധരായ നാനാതുറകളിലുള്ള ജനങ്ങളും…. ഓരോ തോണിയും ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ അടുക്കുമ്പോൾ ദുരന്ത നിവാരണ സേനയോടൊപ്പം ചങ്ങനാശേരിയിലെ ചെറിയ ക്ലബ്ബുകളിൽ തുടങ്ങി പല രാഷ്ട്രീയ പാർട്ടികളുടെ യുവരക്തങ്ങൾ ഒത്തൊരുമിച്ചു ജാതി മത ഭേദമന്യേ അഹോരാത്രം പ്രവർത്തിച്ചതിന്റെ ഫലമായി പ്രളയത്തിൽ മൂടിയ കുട്ടനാട്ടിൽ നിന്നും കരയിലേക്ക് എത്തുവാൻ ആഗ്രഹിച്ച അവസാനത്തെ ആളെവരെയും എത്തിക്കാൻ സാധിച്ചു.
ഈ ദുരന്തം നമ്മുടെ നാടിൻറെ ഈ കൊച്ചു കേരളത്തിന്റെ മാനവികതയുടെയും സാഹോദര്യത്തിന്റെയും നൻമ്മ വിളിച്ചോതുന്ന രക്ഷാപ്രവർത്തനത്തിന് നാളുകൾ കൂടിയായി മാറി. പ്രളയ ഭൂമിയിൽ കുട്ടനാട് മുങ്ങി പൊങ്ങിയ അവസ്ഥയിലും ഒരു ജീവഹാനി പോലും ഇല്ലാതെ കരകയറാൻ കടലിന്റെ മക്കളോടൊപ്പം നമ്മുടെ ഈ സഹോദരങ്ങളുടെയും പ്രവർത്തനം ഒരിക്കലും വിലമതിക്കാനാവാത്തതാണ്. ജീവന്റെ കണികപ്പോലും നഷ്ടപ്പെടാതെ കാക്കാൻ അവർ ദൈവങ്ങളായി രൂപം മാറി, വെറും മനുഷ്യർ……
രക്ഷപ്പെടിലിൻറെ നാളുകൾ കഴിഞ്ഞു ഇനി ഉള്ളത് വീണ്ടും ഒരു തിരിച്ചുവരവിനുള്ള നാളുകൾ ആണ്, നമ്മൾ തിരിച്ചു വരും ഈ ഒത്തോരുമ്മയും ഐക്കവും ഉള്ളടത്തോളം നമ്മൾ തിരിച്ചു വരിക തന്നെ ചെയ്യും…….
Leave a Reply