ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം.

ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മില്‍ഖാ സിങ്ങിനെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാര്‍ജ് ആയശേഷം ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മില്‍ഖാ സിങ്ങിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിര്‍മല്‍.

മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിങ്ങിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി.

പറക്കും സിങ്- ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം തന്നെ ഒരുകാലത്ത് അതായിരുന്നു. പേരില്‍ തന്നെ രാജാവായുള്ള മില്‍ഖ ഇന്ത്യന്‍ ട്രാക്കുകള്‍ കീഴടക്കി ഭരിച്ചത് ഏറെക്കാലം. അന്താരാഷ്ട്ര ട്രാക്കുകളില്‍ ഇന്ത്യയുടെ പേര് മുഴങ്ങിക്കേട്ടതും മില്‍ഖയിലൂടെ തന്നെ. അയാള്‍ ഓടുകയല്ല, പറക്കുകയാണ്-മില്‍ഖാ സിങ്ങിനെക്കുറിച്ച് ആദ്യം ഇങ്ങനെ പറഞ്ഞത് പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനാണ്. അങ്ങനെ മില്‍ഖ സിങ് ഇന്ത്യയുടെ പറക്കും സിങ്ങായി. ലാഹോറില്‍ നടന്ന ഇന്തോ-പാക് മീറ്റില്‍ പാകിസ്ഥാന്റെ അബ്ദുല്‍ ഖലീലിനെ പിന്നിലാക്കി 200 മീറ്ററില്‍ മില്‍ഖ മെഡല്‍ നേടിയപ്പോഴാണ് അയൂബ് ഖാന്‍ ഇതുപറഞ്ഞത്. പറക്കും സിങ് എന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു മില്‍ഖയുടെ പിന്നീടുള്ള കരിയര്‍.

മില്‍ഖാ സിങ് ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം

1958 വെയ്ല്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 വാര ഓട്ടത്തിലൂടെ മില്‍ഖയാണ് അന്താരാഷ്ട്ര ട്രാക്കില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലേക്ക് ആദ്യ മെഡല്‍ കൊണ്ടുവരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വ്യക്തിഗത മെഡല്‍ നേട്ടവും മില്‍ഖയുടേത് തന്നെ. 1958ലെ ടോക്യോ ഏഷ്യന്‍ ഗെയിംസിലാണ് മില്‍ഖ വരവറിയിക്കുന്നത്. അന്ന് 400, 200 മീറ്ററുകളില്‍ സ്വര്‍ണം നേടി. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 400 മീറ്ററില്‍ മില്‍ഖക്ക് തന്നെയായിരുന്നു സ്വര്‍ണം. 4 400 മീറ്റര്‍ റിലേയിലും മില്‍ഖ സ്വര്‍ണനേട്ടത്തില്‍ മുന്നില്‍ നിന്നു.

മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിങ്ങിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി. മൂന്ന് ഒളിമ്പിക്‌സുകളിലാണ് മില്‍ഖ സിങ് പങ്കെടുത്തത്. അവസാനം പങ്കെടുത്ത ടോക്യോ ഒളിമ്പിക്‌സില്‍ ഹീറ്റ്‌സില്‍ നിന്നു തന്നെ പുറത്തായി.

രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.