ന്യൂസ് ഡെസ്ക്, മലയാളം യുകെ
കനത്ത മൂടൽമഞ്ഞ് മൂലം യുകെയിലെ മിക്ക വിമാനത്താവളങ്ങളിലും യാത്രാ ദുരിതം തുടരുന്നു. പല സ്ഥലങ്ങളിലും വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തതിന്റെ വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഗാറ്റ്‌വിക്കിലെയും സ്റ്റാൻസ്റ്റെഡിലെയും ഭൂരിഭാഗം വിമാനങ്ങളെയും ശനിയാഴ്ച ഉച്ചയോടെ മോശം കാലാവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ ബാധിച്ചു. പ്രശ്നങ്ങൾ ഇന്ന് കൂടി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് നിരവധി കാലതാമസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഡസൻ കണക്കിന് വിമാനങ്ങൾ ഹീത്രൂവിലും ബർമിംഗ്ഹാമിലും വൈകി. മൂടൽ മഞ്ഞ് മൂലം കാണാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് താത്കാലിക നിയന്ത്രണങ്ങൾ ഇന്ന് കൂടി ഉണ്ടാകുമെന്ന് യുകെയിലെ പ്രധാന എയർ ട്രാഫിക് കൺട്രോൾ പ്രൊവൈഡർ, നാറ്റ്സ് അറിയിച്ചു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഭൂരിഭാഗം പ്രദേശങ്ങളിലും മൂടൽമഞ്ഞ് നിലനിൽക്കുമെന്നും പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ അത് നീണ്ടുനിൽക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവധിക്ക് പലസ്ഥലങ്ങളിലും യാത്ര പോയപ്പോൾ തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ക്രിസ്മസ് അവധിക്കാലം നീട്ടിയതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. യുകെയിൽ ഉടനീളമുള്ള ഡസൻ കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കിയതായും നൂറുകണക്കിന് വിമാനങ്ങൾ വൈകിയതായും ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ആയ ഫ്ലൈറ്റ് റഡാർ 24 – റിപ്പോർട്ട് ചെയ്തു. എന്നാൽ മൂടൽ മഞ്ഞുള്ള കാലാവസ്ഥ തങ്ങൾക്ക് അധികം പ്രശ്നം ഉണ്ടാക്കിയില്ലെന്ന് യുകെയിലെ മോട്ടോർവേകളിലും ഏറ്റവും തിരക്കേറിയ എ-റോഡുകളിലും വാഹന ഗതാഗതം നടത്തുന്ന നാഷണൽ ഹൈവേസ് പറഞ്ഞു. ഞായറാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply