ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഓപ്ര വിൻഫ്രെയുമായുള്ള മേഗന്റെയും ഹാരിയുടെയും അഭിമുഖത്തിന് പിന്നാലെ ചാൾസ് രാജകുമാരനുമായും വില്യം രാജകുമാരനുമായും അടിയന്തര ചർച്ചകൾ നടത്തി എലിസബത്ത് രാജ്ഞി. ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ നടത്തിയ അവകാശവാദങ്ങൾ കൊട്ടാരത്തെ ആകമാനം പിടിച്ചു കുലുക്കിയിട്ടുണ്ട്. അതേസമയം ഇരുവരെയും പ്രതിസ്ഥാനത്തുനിർത്തി കഥകൾ മെനഞ്ഞ് ടാബ്ളോയിഡുകൾ ‘പണി’ തുടങ്ങിയിട്ടുമുണ്ട്. മേഗനെ ദുരന്തനായികയായി അവതരിപ്പിക്കുന്ന കഥകൾ ഓരോ മണിക്കൂറിലും പുതുതായി അവതരിപ്പിച്ച് മാനനഷ്ടം തീർക്കാമെന്ന കണക്കുകൂട്ടലിലാണ് കൊട്ടാരം അനുകൂല മാധ്യമങ്ങൾ. കഴിഞ്ഞ മാസം ജെയിംസ് കോർഡന് അനുവദിച്ച അഭിമുഖത്തിൽ കൊട്ടാരത്തിലെ അനുഭവങ്ങളാണ് തങ്ങളെ ഇത്രയും വേഗം രാജ്യം വിടാൻ പ്രേരിപ്പിച്ചതെന്ന് പറഞ്ഞിരുന്നു. നാല് ടാബ്ലോയ്ഡുകളുമായും ബന്ധം അവസാനിപ്പിച്ചതായും അന്ന് ഹാരി വ്യക്തമാക്കിയിരുന്നു.
ടാബ്ലോയിഡ് മാധ്യമങ്ങൾ വർഗീയത സൃഷ്ടിക്കുകയാണെന്ന് ഹാരി തുറന്ന് പറഞ്ഞു. “വെയിൽസ് രാജകുമാരനുമായി സമാധാനമുണ്ടാക്കണമെന്നാണ് തന്റെ ആഗ്രഹം. സഹോദരനും അച്ഛനും രാജകുടുംബത്തിന്റെ വ്യവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണ്.” ഹാരി വെളിപ്പെടുത്തി. ഹാരിയുടെയും മേഗന്റെയും മാനസികാരോഗ്യം നോക്കുന്നതിൽ രാജകുടുംബം പരാജയപ്പെട്ടുവെന്നും ഒരു കുടുംബാംഗം അവരുടെ കുഞ്ഞിനെതിരെ വംശീയാധിക്ഷേപം നടത്തിയെന്നുമുള്ള വാദങ്ങളിൽ പ്രധാനമന്ത്രി അഭിപ്രായം പ്രകടിപ്പിക്കാൻ വിസമ്മതിച്ചു. രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രധാനമന്ത്രി ഇടപെടുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സഹോദരൻ വില്യം രാജകുമാരന് കൊട്ടാരം ഉപേക്ഷിക്കാൻ കഴിയില്ലെന്ന് തനിക്ക് വളരെ ബോധ്യമുണ്ടെന്ന് ഹാരി പറഞ്ഞു. കൊട്ടാരം സംവിധാനത്തിൽ നിന്ന് പുറത്തുപോകാൻ വില്യം ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് “എനിക്കറിയില്ല” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. കൊട്ടാരം നിയന്ത്രണവും യുകെ ടാബ്ലോയിഡുകൾ സൃഷ്ടിക്കുന്ന അന്തരീക്ഷവും ഭയാനകമാണെന്ന് ഹാരി വ്യക്തമാക്കി.
Leave a Reply