ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യന്‍ എംബസി. തടവിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികര്‍ ഇന്ത്യന്‍ സര്‍ക്കാരിനു നന്ദിപറഞ്ഞു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലുള്ളത്.
അതിനിടെ, ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത നാവികരുടെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കപ്പലിലെ ജീവനക്കാരുടെ മോചനത്തിൽ ആശങ്കയേറുന്നതിനിടെയാണു മുഖ്യമന്ത്രി കത്തയച്ചത്. ഫസ്റ്റ് ഓഫിസർ മലയാളിയായ സനു ജോസിനെ ഇന്നലെ അറസ്റ്റ് ചെയ്തു കപ്പലിൽനിന്നു മാറ്റിയെങ്കിലും തിരികെ എത്തിച്ചു.
കൊല്ലം സ്വദേശി വിജിത് വി. നായർ, കൊച്ചി സ്വദേശി മിൽട്ടൺ അടക്കമുള്ളവരാണ് ഗിനിയൻ സേനയുടെ തടവിലുള്ളത്. ജീവനക്കാരെ നൈജീരിയയ്ക്കു കൈമാറും എന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടായതോടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു കൊണ്ടുപോയ തന്നെ തിരികെ കപ്പലിൽ വിട്ടുവെന്ന് മലയാളിയായ ഫസ്റ്റ് ഓഫിസർ സനു ജോസ് അറിയിച്ചു. ഹോട്ടലിലേക്കെന്നും പറഞ്ഞാണ് തടവിലുള്ള 15 പേരെ കപ്പലിൽനിന്നു കൊണ്ടുപോയത്. മോചനം വൈകുന്നതോടെ ആശങ്കയിലാണ് ജീവനക്കാരുടെ കുടുംബങ്ങൾ. ജീവനക്കാരുടെ മോചനത്തിനായി രാജ്യാന്തര തലത്തിൽ ശ്രമങ്ങൾ തുടരുകയാണ്.
Leave a Reply