ശാസ്ത്ര ലോകത്തെ അമ്പരിപ്പിക്കുന്ന മണ്ടന്‍ പ്രസ്താവനകളിലൂടെ ബിജെപി നേതാക്കള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. സ്വന്തമായ ‘കണ്ടുപിടുത്തങ്ങളിലൂടെ’ ശാസ്ത്ര ലോകത്തിന് ബിജെപി നല്‍കിയ ‘സംഭാവന’ ചെറുതല്ല. മഹാഭാരത യുദ്ധക്കാലത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നെന്ന് ബിജെപി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേവ് ഇന്നലെ നടത്തിയ വിവാദ പ്രസ്താവനയുടെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. അന്ധമായ വിശ്വാസങ്ങളുടെ കൂട്ടുപിടിച്ച് ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്ന് മാത്രമല്ല, വന്‍ വിഡ്ഢിത്തരങ്ങളുമാണ്.

 

മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ യുദ്ധവിവരങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു എന്നാണ് ബിപ്ലബ് ദേവിന്റെ പ്രസ്താവന. ഉപഗ്രഹ ആശയവിനിമയം ആ കാലം മുതലുണ്ട്. എങ്ങനെയാണ് ധൃതരാഷ്ട്രര്‍ക്കു സഞ്ജയനിലൂടെ കാണാന്‍ കഴിയുന്നത്. അന്ന് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ലഭ്യമായിരുന്നു. ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ലഭിച്ചിരുന്നുവെന്ന് ബിപ്ലബ് പറഞ്ഞത് വിവാദങ്ങള്‍ക്കിടം നല്‍കി.

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ആള്‍കുരങ്ങുകളില്‍ നിന്നാണ് മനുഷ്യ വര്‍ഗം ഉടലെടുത്തതെന്നുമുള്ള ഡാര്‍വിന്റെ സിദ്ധാന്തം പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്ര മന്ത്രി സത്യപാല്‍ സിങ് ആവശ്യപ്പെട്ടത് കഴിഞ്ഞ മാസമാണ്. ന്യൂട്ടന്‍ കണ്ടുപിടിക്കുന്നതിനും വളരെക്കാലം മുമ്പേ ചലനനിയമങ്ങള്‍ ക്രോഡീകരിച്ച ചില മന്ത്രങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നും പിന്നീടൊരിക്കല്‍ ഇദ്ദേഹം പറയുകയുണ്ടായി. കേന്ദ്ര വിദ്യാഭ്യാസ ഉപദേശ സമിതിയുടെ 65ാം യോഗത്തിലാണ് സത്യപാല്‍ സിങ് ഇക്കാര്യം തട്ടിവിട്ടത്.

കാന്‍സര്‍ വരുന്നതും മരിക്കുന്നതുമെല്ലാം രോഗികള്‍ മുന്‍കാലങ്ങളിലും പൂര്‍വജന്മത്തിലും ചെയ്ത പാപത്തിന്റെ ഫലമാണെന്ന് അസമിലെ ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. ബിജെപിക്കാരനായ ഹിമാന്താ ബിശ്വാ ശര്‍മ്മ എന്ന മന്ത്രിയാണ് ശാസ്ത്രലോകത്തിന് പോലും അനുമാനിക്കാനാകാതിരുന്ന ‘നിരീക്ഷണം’ നടത്തിയത്. ചെറുപ്പക്കാരില്‍ കാന്‍സര്‍ വരുന്നതും ചെറുപ്രായത്തില്‍ അപകടം വന്ന് മരിക്കുന്നതും ദൈവിക നീതിയാണെന്നും അതില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുകയില്ലെന്നുമാണ് മന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. പ്രസ്താവന വിവാദമായപ്പോഴും മന്ത്രി തന്റെ ‘കണ്ടുപിടുത്ത’ത്തില്‍ നിന്ന് പിന്മാറിയില്ല.

ശാസ്ത്ര വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് കാരണമാകേണ്ട ശാസ്ത്ര കോണ്‍ഗ്രസ്സുകള്‍ മോദി ഭരണകാലത്ത് ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണം കെടുത്തിയെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. 102, 103-ാമത് കോണ്‍ഗ്രസ്സുകളില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളും ചര്‍ച്ചകളുമെല്ലാം അത്രമേല്‍ അപഹാസ്യമായിരുന്നു. ലോകത്തെ ആദ്യ വിമാനം കുബേരന്റെ കയ്യില്‍ ഇരുന്നതും പിന്നീട് രാവണന്‍ കൊണ്ടുപോയതുമായ പുഷ്പക വിമാനം, ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജ്ജറി ഗണപതിക്ക് തല മാറ്റി ആനത്തല വെച്ചത് തുടങ്ങി വിഡ്ഢിത്തരങ്ങളാല്‍ സമ്പന്നമായിരുന്നു മോദി ഭരണകാലത്തെ ശാസ്ത്ര കോണ്‍ഗ്രസുകള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ബിജെപി നേതാക്കളുടെ അസ്വാഭാവിക വാദങ്ങള്‍ക്ക് അക്കാദമിക സ്വഭാവം നല്‍കുന്നതിനായി ‘പൗരാണിക ശാസ്ത്രം സംസ്‌കൃതത്തിലൂടെ’ എന്ന പേരില്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഒരു സെഷന്‍ അനുവദിക്കപ്പെട്ടത് വാര്‍ത്തയായിരുന്നു. അവിടെ അവതരിപ്പിക്കപ്പെട്ട ശാസ്ത്രപ്രബന്ധങ്ങള്‍ സാമാന്യ ബുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്നവയായിരുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വേദങ്ങളിലും മറ്റും പരാമര്‍ശിക്കപ്പെട്ടതാണെന്നും അതിനാല്‍ ഈ മുന്നേറ്റത്തിന്റെയെല്ലാം ‘ക്രെഡിറ്’ ഭാരതത്തിലെ പൗരാണിക പണ്ഡിതന്മാര്‍ക്കാണെന്നുമുള്ള അവകാശ വാദമാണ് അവിടെ ഉന്നയിക്കപ്പെട്ടത്.

വിമാനവും പ്ലാസ്റ്റിക് സര്‍ജറിയും മാത്രമല്ല, വൈക്കോലില്‍ നിന്ന് സ്വര്‍ണ്ണം , മുടിനാരിനെപ്പോലും പിളര്‍ത്താന്‍ കഴിയുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍, പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രഹാന്തര യാത്ര നടത്തിയതിന്റെ ചരിത്രം എന്നിവയെല്ലാം ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഇന്ത്യയുടെ മാത്രം ‘നേട്ട’ങ്ങളാണ്.

നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കുന്ന റോക്കറ്റുകളെ രാമന്റെ അമ്പിനോടാണ് ഉപമിച്ചത്. രാമന്‍ മികച്ച എന്‍ജിനീയറായിരുന്നുവെന്നും ഇതിന് ഉദാഹരണമാണ് രാമസേതുവെന്നും രൂപാനി തട്ടിവിട്ടിരുന്നു. ബിജെപി നേതാക്കള്‍ക്ക് പുറമേ പശുവിനെ ദേശീയ മൃഗമാക്കണമെന്ന് പറഞ്ഞ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ വാക്കുകളും ഏറെ വിവാദമായിരുന്നു. മയില്‍ ഒരു നിത്യ ബ്രഹ്മചാരിയാണ്. അത് പെണ്‍ മയിലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ല. പെണ്‍ മയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ആണ്‍ മയിലിന്റെ കണ്ണ് നീര് കൊണ്ട് ഗര്‍ഭം ധരിച്ചതിന് ശേഷമാണെന്നാണ് നിയമജ്ഞനായ മഹേഷ് ചന്ദ്ര ശര്‍മയുടെ കണ്ടെത്തല്‍.

Image result for vijay rupani

രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനിയുടെ ‘കണ്ടുപിടുത്തം’ പശു ശ്വസിക്കുന്നതും, നിശ്വസിക്കുന്നതും ഓക്‌സിജന്‍ ആണെന്നാണ്. തന്റെ വിശദീകരണം ഗവേഷണ പ്രബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നാണ് മന്ത്രിയുടെ വിശദീകരണം. പല റേഡിയോ ആക്റ്റീവ് ഘടകങ്ങളെയും നിര്‍വീര്യമാക്കാന്‍ ചാണകം കൊണ്ട് സാധിക്കും. പശുവിന്റെ അടുത്തുപോയാല്‍ ”ജലദോഷവും പനിയും” ഒക്കെ മാറും എന്ന് ഒരു പൊതുപരിപാടിയില്‍ വെച്ച് അദ്ദേഹം പ്രസംഗിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദൈവികവും അമാനുഷികവുമായ പരിവേഷമാണ് ബിജെപി നേതാക്കള്‍ നല്‍കുന്നത്. മോദി കൃഷ്ണന്റെ അവതാരമാണെന്നും ലോകത്തെ രക്ഷിക്കാന്‍ അവതരിച്ചതാണെന്നും തട്ടിവിട്ടവര്‍ ഏറെയാണ്. അന്ധമായ ഭക്തി അബദ്ധജഡിലമായ പ്രസ്താവനകളിലേക്കാണ് ഇവരെ നയിക്കുന്നത്. പുരാണങ്ങളുടെ കൂട്ടുപിടിച്ച ശാസ്ത്രത്തെ മാത്രമല്ല, കേവല യുക്തിയെ പോലും ചോദ്യം ചെയ്യുന്ന പ്രവണതയാണിത്. ശാസ്ത്രത്തെ അവഗണിക്കുന്ന, മിഥ്യകളില്‍ അഭിരമിക്കുന്ന ജനതയെ കെട്ടിപ്പടുക്കുവാനുള്ള ശ്രമമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.