സ്വന്തം ലേഖകൻ
ന്യൂയോർക്ക് : കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ കഴിയുന്നതിനാൽ പല മേഖലകളും വാണിജ്യപരമായി കനത്ത നഷ്ടത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞതോടെ ക്രൂഡോയിൽ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് . യു.എസ് വിപണിയിൽ ഇന്നലെ ക്രൂഡ് ഓയിൽ വില പൂജ്യത്തിലും താഴ്ന്നു. ചരിത്രത്തിൽ ആദ്യമായാണ് യുഎസ് എണ്ണവില പൂജ്യത്തിലും താഴുന്നത്. മെയ് മാസത്തിൽ സംഭരണ ശേഷി തീർന്നുപോകുമെന്ന ഭയത്താൽ എണ്ണ ഉൽപാദകർ വാങ്ങുന്നവർക്ക് പണം നൽകുന്ന രീതിയിൽ ഓയിലിൻെറ വില തകർന്നടിയുന്ന സ്ഥിതിവിശേഷം ലോകചരിത്രത്തിലാദ്യമാണ്. യുഎസ് ഓയിൽ ബെഞ്ച്മാർക്ക് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ (ഡബ്ല്യുടിഐ) ബാരൽ വില -37.63 ഡോളർ ആയി ഇടിഞ്ഞു. വിപണിയിൽ വിൽക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. മെയ് ലേക്കുള്ള ഫ്യൂച്ചർ കരാർ ചൊവ്വാഴ്ച അവസാനിക്കാനിരിക്കേയാണ് എണ്ണവില താഴേക്കുപതിച്ചത്. ഇതോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ എണ്ണയുത്പാദകർക്കു മുന്നിൽ ഒരു ദിനം മാത്രമാണുള്ളത്. വിലക്കയറ്റത്തിലെ ചരിത്രപരമായ തിരിച്ചടി എണ്ണ വിപണി നേരിടുന്ന സമ്മർദ്ദങ്ങളെ ഓർമ്മപ്പെടുത്തുന്നതാണെന്നും ലോക്ക്ഡൗണുകൾ നിലനിൽക്കുകയാണെങ്കിൽ ജൂൺ വിലയിലും ഇടിവുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. യുഎസ് എണ്ണയുടെ നെഗറ്റീവ് വില വടക്കൻ കടലിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ബാധിക്കുമെന്ന് യുകെയുടെ ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് മേഖലയുടെ ബിസിനസ് ലോബിയായ ഒഗുകെ പറഞ്ഞു.
പ്രമുഖ കയറ്റുമതിക്കാരായ ഒപെക്കും സഖ്യകക്ഷികളായ റഷ്യയും ഉൽപാദനം റെക്കോർഡ് അളവിൽ കുറയ്ക്കാൻ ഇതിനകം സമ്മതിച്ചിട്ടുണ്ട്. അമേരിക്കയിലും മറ്റിടങ്ങളിലും എണ്ണ ഉൽപാദനം കുറയ്ക്കുന്നതിന് വാണിജ്യപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. എങ്കിലും ലോകത്തിന് ഉപയോഗിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അസംസ്കൃത എണ്ണ ഇപ്പോഴുണ്ട്. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം ലോക്ക്ഡൗണിൽ അകപെട്ടതോടെ ആണ് ഇത്രയും വലിയ ഇടിവ് ഉണ്ടായത്. ഉൽപ്പാദനത്തിൽ ഇടിവ് സംഭവിക്കാത്തതും സംഭരണം പരിധിവിട്ടതുമാണ് വില പൂജ്യത്തിലും താഴേക്ക് പോവാൻ കാരണമായത്. ഡബ്ല്യുടിഐയുടെ ജൂൺ വിലയും ഇടിഞ്ഞെങ്കിലും ബാരലിന് 20 ഡോളറിന് മുകളിലാണ് വ്യാപാരം. അതേസമയം യൂറോപ്പും മറ്റ് ലോകരാജ്യങ്ങളും ഉപയോഗിക്കുന്ന ബെഞ്ച്മാർക്ക് ആയ ബ്രെൻറ് ക്രൂഡ് ഇതിനകം തന്നെ ജൂൺ കരാറുകളെ അടിസ്ഥാനമാക്കി വ്യാപാരം നടത്തുന്നുണ്ട്. ഇത് 8.9% കുറഞ്ഞ് ബാരലിന് 26 ഡോളറിൽ താഴെയാണ്. ഇത് ബ്രെൻറ് ക്രൂഡിന്റെ 20 വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ്.
എണ്ണവിലയിൽ ഉണ്ടായ ഈ കനത്ത ഇടിവ് പല ജോലികൾക്കും കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. 2008ൽ റെക്കോർഡ് തുകയായ 148 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. കോവിഡിന്‍റെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില 20 ഡോളറിലെത്തുമെന്ന് റേറ്റിങ് ഏജൻസിയായ ഗോൾമാൻ സാച്ചസ് പ്രവചിച്ചിരുന്നു. എന്നാൽ പ്രവചിച്ചതിനേക്കാൾ കനത്ത ഇടിവാണ് ഇപ്പോൾ എണ്ണവിലയിൽ ഉണ്ടായത്.
Leave a Reply