സ്വന്തം ലേഖകൻ

ലോക്ഡൗൺ ഘട്ടം ഘട്ടമായി ഉയർത്തുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നൽകിയ നിർദ്ദേശത്തെ തുടർന്ന്, രണ്ടു മീറ്റർ അകലം പാലിക്കുകയോ സുരക്ഷാനടപടികൾ ശ്രദ്ധിക്കുകയോ ചെയ്യാതെ ട്രെയിനുകളും റോഡുകളും നിറഞ്ഞുകവിഞ്ഞു ജനങ്ങൾ. ഇത് അനാവശ്യമായ പ്രശ്നങ്ങൾക്ക് വഴി വയ്ക്കും എന്ന് പരാതി ഉയർന്നിട്ടുണ്ട്. ബോറിസ് ജോൺസൺ ലോക്ഡൗൺ ലഘൂകരിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകൾക്കകമാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. എന്നാൽ അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ, വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയാത്ത കൺസ്ട്രക്ഷൻ, അല്ലെങ്കിൽ നിർമ്മാണ തൊഴിലാളികൾ ഈ ആഴ്ച മുതൽ നല്ല രീതിയിൽ തൊഴിലിടങ്ങളിലേക്ക് മടങ്ങാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. എന്നാൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് കുറയ്ക്കാനും, സൈക്കിളോ മറ്റു സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പക്ഷെ പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി ആയ ഡൊമിനിക് റാബ് പറയുന്നത് മാറ്റങ്ങൾ ബുധനാഴ്ച മുതൽ നടപ്പിൽ വരുത്താനാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നാണ്.

എന്നാൽ ഇന്നലെ രാവിലെ മുതൽ തിങ്ങിനിറഞ്ഞ ട്രെയിനുകളുടെയും മറ്റു പൊതുഗതാഗത സൗകര്യങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. യാത്രക്കാരിൽ അധികം പേരും സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയിട്ടില്ല. ഇത് വലിയ തോതിലുള്ള പ്രശ്നങ്ങൾക്ക് വഴി വയ്ക്കുമെന്ന് ജനങ്ങൾ തന്നെ പരാതിപ്പെടുന്നു. ജനങ്ങളെല്ലാം ജോലിക്ക് ഇറങ്ങിയത് കാരണം റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. “പ്രധാനമന്ത്രി, തൊഴിലിടങ്ങളെ സംബന്ധിച്ച മാറ്റങ്ങളെക്കുറിച്ച് ബുധനാഴ്ച മുതൽ എന്നൊരു വാക്ക് പറഞ്ഞിട്ടില്ല, ഈ ആഴ്ച മുതൽ ജനങ്ങൾക്ക് ആദ്യ ചുവടുവെച്ചു തുടങ്ങാം എന്നുമാത്രമാണ് പറഞ്ഞത്, മറ്റു മാറ്റങ്ങളെക്കുറിച്ചാണ് ബുധനാഴ്ച എന്ന നിർദ്ദേശം വന്നത്. എന്തൊക്കെയായാലും കൃത്യമായ വിവരങ്ങൾ നൽകണമായിരുന്നു. അല്ലാത്തപക്ഷം ഇതു വലിയ കുഴപ്പത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്” എന്ന് ഷാഡോ ബിസിനസ് സെക്രട്ടറി എഡ് മിലിബണ്ട് ട്വീറ്റ് ചെയ്തു.

യുകെയിലെ ഏകദേശം അഞ്ച് മില്യണോളം വ്യക്തികൾ നിർമാണ തൊഴിലാളികളാണ്. ഇവർക്ക് ജോലി ചെയ്യുന്നതിന്, മുൻപ് കാര്യമായ വിലക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അവർ നിർബന്ധമായും ജോലിക്ക് ഇറങ്ങണം എന്ന് പറഞ്ഞത് പോലെയുള്ള അവസ്ഥയാണ് നിലവിലുള്ളത്.  എന്നാൽ  ഈ  സ്റ്റാഫുകൾക്ക്  തൊഴിലിടങ്ങളിൽ  എങ്ങനെ  സുരക്ഷ  ഉറപ്പാക്കാം എന്നതിനെപ്പറ്റി  ഒരു  വാക്ക് പോലും  മിണ്ടിയിട്ടില്ല. 12 മണിക്കൂർ  കാലയളവിനുള്ളിൽ  ഒട്ടും വ്യക്തതയില്ലാത്ത  നോട്ടീസ്  പുറപ്പെടുവിച്ചതിനെതിരെ  യൂണിയനുകൾ വ്യാപക  പ്രതിഷേധം രേഖപ്പെടുത്തി.  ചൊവ്വാഴ്ചയോടെ  വ്യക്തികൾ  തമ്മിൽ  രണ്ടു  മീറ്റർ  അകലം പാലിക്കുന്നതിനെക്കുറിച്ചും  ഫെയ്സ് മാസ്ക്, സാനിടൈസറുകൾ  എന്നിവ ഉപയോഗിക്കുന്നതിനെക്കുറിച്ചും വ്യക്തമായ നിർദ്ദേശങ്ങൾ നൽകാനാണ് സാധ്യത. ലേബർ നേതാവായ സർ കെയർ സ്റ്റാർമെർ നിർദേശങ്ങളുടെ അവ്യക്തതയെക്കുറിച്ചും അർത്ഥമില്ലായ്മയെ കുറിച്ചും മാധ്യമങ്ങളോട് തുറന്നടിച്ചു. കോവിഡിനെതിരെ പൊരുതുന്ന മുൻനിര സൈനികരായ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന നിർദ്ദേശമാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്ന് പലരും പ്രധാനമന്ത്രിക്ക് നേരിട്ടും ഓഫീസിലേക്കും ട്വീറ്റ് ചെയ്തിട്ടുണ്ട്.