ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദേശ കുറ്റവാളികളെ നാടുകടത്താനുള്ള പദ്ധതി പ്രശ്നങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യു കെ മലയാളികൾക്ക് വൻ തിരിച്ചടിയാകും. ഇംഗ്ലണ്ടിലും വെയിൽസിലും 2023 മുതലാണ് ഈ പദ്ധതി പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ 15 രാജ്യങ്ങളിൽ നിന്നുള്ള വിദേശ കുറ്റവാളികളെ ആയിരുന്നു നാടുകടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യ, ബൾഗേറിയ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർതലത്തിൽ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത് ഏറ്റവും കൂടുതലായി വിദ്യാർത്ഥി വിസയിൽ എത്തിയ യുകെ മലയാളികളെ പ്രതികൂലമായി ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. ലക്ഷങ്ങൾ ബാങ്ക് ലോൺ എടുത്ത് യുകെയിൽ എത്തി ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ചെന്നു പെട്ടാൽ പുതിയ നിയമമനുസരിച്ച് തിരിച്ച് കേരളത്തിലേയ്ക്ക് പോരേണ്ടിവരും. കഴിഞ്ഞദിവസം പാർട്ട് ടൈം ജോലി സ്ഥലത്ത് ഒന്നിച്ച് പ്രവർത്തിച്ചിരുന്ന സഹപ്രവർത്തകയെ നിരന്തരം ശല്യം ചെയ്ത എറണാകുളം സ്വദേശിയായ യുവാവിനെ ശിക്ഷിച്ച വിവരം മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ഇയാൾ ഉൾപ്പെടെ ജയിലിൽ കഴിയുന്ന നിരവധി വിദ്യാർത്ഥികളും അല്ലാത്തവരുമായ യു കെ മലയാളികൾ നാടുകടത്തൽ പട്ടികയിൽ ഉണ്ടെന്നാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ജയിലുകളിൽ തിരക്കേറിയതും വിദേശത്തുനിന്ന് വന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകളുമാണ് കുറ്റവാളികളെ നാടുകടത്തുന്നത് വേഗത്തിലാക്കാനുള്ള തീരുമാനം ലേബർ സർക്കാർ എടുത്തിന് പിന്നിൽ . നിശ്ചിതകാല തടവിന് ശിക്ഷിക്കപ്പെട്ട വിദേശ കുറ്റവാളികളെ ശിക്ഷയ്ക്ക് ശേഷം ഉടൻ നാടു കടത്താനും യുകെയിൽ വീണ്ടും പ്രവേശിക്കുന്നത് വിലക്കാനുമുള്ള നിർദ്ദേശങ്ങൾ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് ഞായറാഴ്ച പ്രഖ്യാപിച്ചു. തീവ്രവാദികൾ, കൊലപാതകികൾ തുടങ്ങിയ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കൂട്ടർ നാടുകടത്തലിന് പരിഗണിക്കുന്നതിന് മുമ്പ് യുകെയിൽ അവരുടെ മുഴുവൻ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും .