ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- നാഷണൽ ഹെൽത്ത് സർവീസ് കീഴിലുള്ള ആശുപത്രികളിൽ ജോലി ചെയ്യാൻ എത്തുന്നവരിൽ ഭൂരിഭാഗം പേരും വിദേശികൾ. ഏകദേശം പതിനായിരത്തോളം ഡോക്ടർമാർ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. 2003 – ന് ശേഷമുള്ള ഏറ്റവും വലിയ കണക്കുകളിൽ ഒന്നാണ് ഇത്. എന്നാൽ ബ്രിട്ടണിൽ നിന്ന് പഠനം കഴിഞ്ഞ് ഇറങ്ങുന്നത് വെറും 7500 പേർ മാത്രമാണ്. നാഷണൽ ഹെൽത്ത് സർവീസിന് ആശുപത്രികളിൽ ഏകദേശം പതിനായിരത്തോളം സ്റ്റാഫുകളുടെ കുറവുണ്ട്.
ഡോക്ടർമാരുടെ എണ്ണത്തിൽ ലോകത്തിലാകമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അതിനാൽ ഡിമാൻഡ് വർധിച്ചുവരികയാണെന്നും ജനറൽ മെഡിക്കൽ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ചാർളി മാസ്സയ് രേഖപ്പെടുത്തി. ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ വിദേശ ഡോക്ടർമാർ വഹിക്കുന്ന പങ്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം ഏകദേശം 8115 വിദേശ ഡോക്ടർമാരെ ആണ് നാഷണൽ ഹെൽത്ത് സർവീസ് റിക്രൂട്ട് ചെയ്തത്. എന്നാൽ അതേ വർഷം തന്നെ 7186 പേർ മാത്രമാണ് ബ്രിട്ടനിൽ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത്. 2019 – ൽ ഏകദേശം 19500 ഒഴിവുകളിൽ, പതിനായിരത്തോളം വിദേശ ഡോക്ടർമാരെ ആണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ നാഷണൽ ഹെൽത്ത് സർവീസ് വിദേശ ഡോക്ടർമാരെ ഇത്തരത്തിൽ ആശ്രയിക്കുന്നത് അപകടമാണെന്ന അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ബ്രിട്ടനിൽ നിന്നും പഠനം കഴിഞ്ഞ് ഇറങ്ങുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുവാൻ എല്ലാ പരിശ്രമങ്ങളും നടത്തണമെന്നും ആവശ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ രോഗികളുടെ എണ്ണത്തിന് ആവശ്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ ആണ് പുറത്തുനിന്നും റിക്രൂട്ട് ചെയ്യേണ്ടി വരുന്നത് എന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഹെഡ് ഡോക്ടർ ചാന്ത് നാഗ്പോൾ രേഖപ്പെടുത്തി.
Leave a Reply