ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ തിരക്കേറിയ നഗരപ്രദേശങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ഡ്രൈവർമാർ നൽകേണ്ട ഫീസാണ് കൺജഷൻ ചാർജുകൾ. 2003 ൽ അവതരിപ്പിച്ച ഈ പദ്ധതി ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതു ഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ (TfL) ആണ് ഈ ചാർജ് നിയന്ത്രിക്കുന്നത്. ഈ വർഷം വിദേശ എംബസികൾ അടയ്ക്കാത്ത കൺജഷൻ ചാർജ് കടങ്ങൾ ഏകദേശം £161 മില്യൺ കടന്നെന്നാണ് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻറെ (TfL) കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് £18 മില്യൺ വർദ്ധനവ് ആണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.
2025 ജൂൺ അവസാനത്തോടെ ആകെ 145 രാജ്യങ്ങളുടെ പേരിലായി 160,918,455 പൗണ്ടാണ് കുടിശിക ഉള്ളത്. പട്ടികയിൽ ഏറ്റവും മുന്നിൽ £15.6 മില്യണിലധികം കുടിശികയോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ്, തൊട്ട് പിന്നാലെ £10.7 മില്യൺ കുടിശികയോടെ ജപ്പാൻ രണ്ടാം സ്ഥാനത്ത് ഉണ്ട്. ചൈനയ്ക്ക് £10.7 മില്യൺ കുടിശികയും, ഇന്ത്യയ്ക്ക് £9.7 മില്യൺ കുടിശികയും ഉണ്ട്. കഴിഞ്ഞ ആഴ്ച, ഹൗസ് ഓഫ് ലോർഡ്‌സിലെ ചില അംഗങ്ങൾ വിദേശ നയതന്ത്രജ്ഞരുടെ കാറുകൾ കുടിശിക അടച്ച് തീർക്കുന്നത് വരെ പിടിച്ച് വയ്ക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
വിയന്ന കൺവെൻഷൻ പ്രകാരം വിദേശ എംബസികൾക്ക് ഈ ചാർജ് നൽകേണ്ടതില്ല എന്ന വാദവും പൊങ്ങി വരുന്നുണ്ട്. എന്നാൽ കൺജഷൻ ചാർജുകൾ നികുതിയുടെ കീഴിൽ വരാത്തതിനാൽ വിദേശ എംബസികളെ ഒഴിവാക്കില്ലെന്നാണ് TfL ൻെറ വാദം. ലണ്ടനിലെ ഭൂരിപക്ഷം എംബസികളും കൺജഷൻ ചാർജുകൾ അടയ്ക്കുന്നുണ്ടെന്ന് TfL പറയുന്നു. എന്നാൽ ഫീസ് അടയ്ക്കാത്ത ഒരു പക്ഷം ആളുകൾ ഇപ്പോഴും ഉണ്ടെന്ന് ടിഎഫ്എൽ ചൂണ്ടിക്കാട്ടി. നിലവിൽ ഒരു ദിവസം ഈടാക്കുന്ന കൺജഷൻ ചാർജ് £15 ആണ്. 2026 ഇൽ ഇത് £18 ആയി ഉയരും. എന്നിരുന്നാലും ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണം എന്ന് ഹൗസ് ഓഫ് ലോർഡ്‌സ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply