മലയാളികൾ അടക്കമുള്ള വിദേശ എൻ എച്ച് എസ് ജീവനക്കാർക്ക് ആശ്വസിക്കാം ; കുടിയേറ്റ തൊഴിലാളികളെ ഇമിഗ്രേഷൻ ഹെൽത്ത്‌ ചാർജിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചു

മലയാളികൾ അടക്കമുള്ള വിദേശ എൻ എച്ച് എസ് ജീവനക്കാർക്ക് ആശ്വസിക്കാം ; കുടിയേറ്റ തൊഴിലാളികളെ ഇമിഗ്രേഷൻ ഹെൽത്ത്‌ ചാർജിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചു
May 22 05:51 2020 Print This Article

സ്വന്തം ലേഖകൻ

ലണ്ടൻ : വിദേശ എൻ എച്ച് എസ് ജീവനക്കാരെ ഇമിഗ്രേഷൻ ഹെൽത്ത്‌ ചാർജിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചു. സ്വന്തം പാർട്ടിയിലെ എംപിമാരുടെ സമ്മർദ്ദത്തെ തുടർന്നാണ് മലയാളികൾ അടക്കമുള്ള കുടിയേറ്റ തൊഴിലാളികൾക്ക് സർചാർജ് ഒഴിവാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. ഒക്ടോബറിൽ നിലവിൽ വരുന്ന വർധന ഇനി ഇവർക്ക് ബാധകമല്ല. വിദേശ എൻ‌എച്ച്‌എസ് ജീവനക്കാരെയും കെയർ വർക്കർമാരെയും എത്രയും വേഗം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആഭ്യന്തര കാര്യാലയത്തോടും ആരോഗ്യവകുപ്പിനോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബോറിസ് ജോൺസന്റെ വക്താവ് പറഞ്ഞു. യൂറോപ്യൻ യൂണിയനല്ലാത്ത കുടിയേറ്റക്കാർക്ക് ഹെൽത്ത് ഇമിഗ്രേഷൻ സർചാർജ് പ്രതിവർഷം 400 പൗണ്ടാണ് ഒക്ടോബറിൽ ഇത് 624 പൗണ്ടായി ഉയരുമെന്നിരിക്കെയാണ് ഈ തീരുമാനം.

കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോർട്ടർമാരും ക്ലീനർമാരും സ്വതന്ത്ര ആരോഗ്യ പ്രവർത്തകരും സാമൂഹിക പരിപാലന പ്രവർത്തകരും ഉൾപ്പെടെയുള്ള എൻ‌എച്ച്‌എസ് തൊഴിലാളികൾക്കും പദ്ധതിയിൽ ഇളവുകൾ ഉണ്ടാകുമെന്ന് മനസ്സിലാക്കുന്നു. ക്ലീനർമാരും കെയർ പ്രൊഫഷണലുകളും ഉൾപ്പെടെയുള്ള വിദേശ എൻഎച്ച്എസ് ഉദ്യോഗസ്ഥരെ സർചാർജിൽ നിന്ന് ഒഴിവാക്കുന്നതിനായി ഇമിഗ്രേഷൻ ബില്ലിൽ ഭേദഗതി വരുത്താൻ പ്രതിപക്ഷം ഇന്നലെ ശ്രമിച്ചുവെങ്കിലും പ്രധാനമന്ത്രി ആദ്യം അത് നിരസിച്ചു. കുടിയേറ്റ ജീവനക്കാർ നൽകേണ്ടുന്ന എൻ എച്ച് എസ് സർചാർജ് റദ്ദാക്കുന്നതിലൂടെ 900 മില്യൺ പൗണ്ടിന്റെ നഷ്ടം വരെ ഉണ്ടായേക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ വിമർശനങ്ങൾ ഉയർന്നുവന്നതിനെ തുടർന്നാണ് പ്രധാനമന്ത്രി, തന്റെ തീരുമാനം മാറ്റിയത്. പ്രധാനമന്ത്രിയുടെ അവകാശവാദം നിലനിൽക്കെ കുടിയേറ്റ ജീവനക്കാരെ സർചാർജിൽ നിന്ന് ഒഴിവാക്കുന്നത് ഈ വകയിൽ ലഭിക്കുന്ന വരുമാനത്തിന്റെ പത്തു ശതമാനം മാത്രമേ കുറയ്ക്കുന്നുള്ളൂ എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം സാമ്പത്തികമായും വൈകാരികമായും ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ സമ്മർദ്ദം കുറയ്ക്കുമെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാം ഡോന്ന കിന്നയർ പറഞ്ഞു.

ഇളവ് ഉറപ്പാക്കുന്നതിന് ഇമിഗ്രേഷൻ ബില്ലിൽ ഭേദഗതി വരുത്താൻ പാർട്ടി പദ്ധതിയിട്ടിരുന്നതിനാൽ ഈ മാറ്റം ലേബർ പാർട്ടി സ്വാഗതം ചെയ്തു. മറ്റ് വിഭാഗങ്ങളായ വിസ അപേക്ഷകർക്ക് 400 പൗണ്ട് സർചാർജ് നിലവിലുണ്ട്. ആസൂത്രണം ചെയ്തതനുസരിച്ച് ഒക്ടോബറിൽ ഇത് 624 പൗണ്ടായി ഉയരും. വിദേശ ജീവനക്കാർക്ക് എൻ‌എച്ച്എസ് ചാർജ് നീക്കം ചെയ്യാനുള്ള ഞങ്ങളുടെ നിർദ്ദേശത്തെ ബോറിസ് ജോൺസൺ പിന്തുണച്ചത് ശരിയാണെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles