ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റഷ്യയിലുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും രാജ്യം വിടാൻ അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രാലയം. യുകെയിലേക്കോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കോ നേരിട്ട് യാത്ര ചെയ്യാൻ കഴിയില്ലെന്നും എന്നാൽ മിഡിൽ ഈസ്റ്റ് വഴിയോ തുർക്കി വഴിയോ യാത്ര സാധ്യമാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹായം ആവശ്യമുള്ള യുകെ പൗരന്മാർ മോസ്കോയിലെ ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചു. “റഷ്യയിൽ നിങ്ങൾക്ക് അടിയന്തര ആവശ്യമില്ലെങ്കിൽ രാജ്യത്ത് നിന്ന് പുറത്തുപോകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.” വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. റഷ്യക്ക് പുറത്തുള്ളവർ രാജ്യത്തേക്ക് യാത്ര ചെയ്യരുതെന്നായിരുന്നു മുൻപ് നൽകിയ നിർദ്ദേശം.
യുകെയിലേക്ക് മടങ്ങാനുള്ള വിമാനങ്ങളുടെ അഭാവവും റഷ്യൻ സമ്പദ്‌വ്യവസ്ഥയിലെ ചാഞ്ചാട്ടവും കാരണം റഷ്യയിലേക്കുള്ള യാത്രയ്‌ക്കെതിരെ സർക്കാർ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് ഇപ്പോൾ പരിഷ്കരിച്ചത്. വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമാനങ്ങൾ ഉപയോഗിക്കുന്ന എയർലൈനുകൾ മാർച്ച് 6 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവയ്ക്കണമെന്ന് റഷ്യയുടെ സ്റ്റേറ്റ് ഏവിയേഷൻ ഏജൻസി അറിയിച്ചു. കൂടാതെ, റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ മാർച്ച് 8 മുതൽ നിർത്തിവയ്ക്കാൻ ഏജൻസി ശുപാർശ ചെയ്യുന്നു.
അതേസമയം, യുഎസും യൂറോപ്യൻ യൂണിയനും മറ്റും ഏർപ്പെടുത്തിയ കടുത്ത ഉപരോധം റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തി. റൂബിളിന്റെ വില റെക്കോർഡ് നിലവാരത്തിലേക്കാണു താഴ്ന്നത്. എന്നാൽ ഇത് ലോക സമ്പദ്‌വ്യവസ്ഥയെ ആകെത്തന്നെ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക. അസംസ്കൃത എണ്ണയുടെ വിതരണത്തിലുണ്ടാകുന്ന ഇടിവ് വിലവർധനയ്ക്ക് ഇടയാക്കും. എണ്ണവില വർധനയാകട്ടെ ലോകമാകെ പണപ്പെരുപ്പത്തിനു വഴിവയ്ക്കും.
Leave a Reply