ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇലക്ട്രിക് കാറുകളുടെ മൂല്യം കുറയുന്നതിനാൽ പ്രമുഖ കാർ ബ്രാൻഡ് ജനപ്രിയ ഇലക്ട്രിക് കാറിന് 7000 പൗണ്ട് കുറച്ചു. മസ് താങ് മാക്ക്-ഇ എസ്‌യുവിയുടെ വിലയാണ് ഗണ്യമായി കുറച്ചത്. എലോൺ മസ്‌കിന്റെ ജനപ്രിയ ബ്രാൻഡായ ടെസ്‌ലയും ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് എന്നിവയിൽ നിന്നുള്ള മറ്റ് ഹൈ-എൻഡ് മോഡലുകളും ഇതേ ഭീഷണിയിലാണ്. ഇവിയുടെ ശരാശരി വില 24.1 ശതമാനമായി കുറഞ്ഞു. 2023-ൽ ടെസ്‌ല ഇതിനകം തന്നെ യുകെയുടെ പുതിയ കാറുകളുടെ വില പലതവണ വെട്ടിക്കുറച്ചിട്ടുണ്ട്. ഇത് സെക്കൻഡ് ഹാൻഡ് മോഡലുകളുടെ മൂല്യത്തെയും ബാധിച്ചു.

മറ്റെല്ലാ തരത്തിലുമുള്ള കാർ നിരോധിക്കുന്നതിൽ നിന്ന് ഋഷി സുനക് പിന്നോട്ട് പോയതിനെതുടർന്നാണ് ഇലക്ട്രിക് വാഹന വില്പനയിൽ ഇടിവുണ്ടായത്. ഉപയോഗിച്ച ഇലക്ട്രിക് കാറുകളുടെ ശരാശരി വിലയിൽ 21.4 ശതമാനം ഇടിവുണ്ടായതായി ഓൺലൈൻ മോട്ടോർ മാർക്കറ്റ് പ്ലേസ് ആയ ഓട്ടോട്രേഡർ നടത്തിയ ഗവേഷണം വെളിപ്പെടുത്തി. എലോൺ മസ്‌കിന്റെ ഏറ്റവും വിലകുറഞ്ഞ ടെസ്‌ല മോഡലിനേക്കാൾ കുറവായി വരുന്ന എൻട്രി ലെവൽ സെലക്ട് പതിപ്പായ ഫോർഡ് മാക്-ഇ വില £43,830 മുതൽ തുടങ്ങുന്നു.

ഫ്രഞ്ച് കമ്പനിയായ റെനോ, കാറുകൾ പൂർണമായും ഇലക്ട്രിക്കൽ ആകാനുള്ള പദ്ധതികൾ ഉപേക്ഷിക്കാനും തീരുമാനിച്ചു. അതേസമയം ഇലക്ട്രിക് മോഡലുകളുടെ ആവശ്യം കുറഞ്ഞതോടെ ഒരു വൻകിട നിർമ്മാതാവ് ഇ.വി ഉൽപ്പാദനം വെട്ടിക്കുറച്ചു. ജർമ്മനിയിലെ സ്വിക്കോവിലുള്ള തങ്ങളുടെ ഫാക്ടറിയിലെ ഇ.വി ഉൽപ്പാദനം ഒക്ടോബർ 16 വരെ നിർത്തിവയ്ക്കുമെന്ന് ഫോക്സ്വാഗൻ അറിയിച്ചു.