ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യൂണിവേഴ്സിറ്റികളിൽ പഠനം തുടരുന്നതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കുന്ന തീരുമാനമെടുക്കുന്നതിന് മുൻപായി ആവശ്യമായ മുന്നറിയിപ്പുകൾ നൽകുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ് ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. സെപ്റ്റംബറോടുകൂടി മാത്രമേ അന്തിമ തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂ. എന്നിരുന്നാൽ തന്നെയും വാക്സിൻ എടുക്കുന്നതിൽ ആരും വിട്ടുവീഴ്ച ചെയ്യരുത് എന്ന് അദ്ദേഹം നിർദ്ദേശിച്ചു. പ്രായമായവരിൽ 70 ശതമാനത്തോളം പേർ നിലവിൽ വാക്സിൻ ലഭിച്ചവരാണ്. ഈ കണക്ക് കൂടുതൽ ഉയർത്തേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നൈറ്റ് ക്ലബ്ബുകളിലും, മറ്റ് ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനത്തിലാണ് ഗവൺമെന്റ്. എൻ എച്ച് എസിന്റെ ഒരു കോവിഡ് പാസും സെപ്റ്റംബർ അവസാനത്തോടെ കൂടെ ജനങ്ങൾക്ക് ലഭ്യമാക്കും.
യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഇനിയും സമയം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്സിറ്റികളിലെ ലെക് ചറുകളിൽ പങ്കെടുക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനത്തിന് ശക്തമായ എതിർപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇത് കുട്ടികളോടു ചെയ്യുന്ന അനീതി ആണെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് വിദേശകാര്യ സെക്രട്ടറിയുടെ ഇത്തരമൊരു ഉറപ്പ്.
വാക്സിൻ നൽകുന്നതിൽ വിദ്യാർഥികൾക്ക് മുൻഗണന നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതോടൊപ്പംതന്നെ 10 മില്യൺ ഡോസ് വാക്സിനുകൾ മറ്റ് രാജ്യങ്ങളിലേയ്ക്ക് യുകെയിൽ നിന്ന് എത്തിക്കുന്നതിനുള്ള സൗകര്യങ്ങളും ചെയ്തുവരികയാണെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചിരുന്നു.
Leave a Reply