കുടിയേറ്റ നയങ്ങളിൽ കാനഡ ഭരണകൂടം നടപ്പാക്കിയ മാറ്റം നിരവധി വിദേശവിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു. 70000-ഓളം വിദേശ വിദ്യാർഥികൾ കാനഡയിൽനിന്ന് പുറത്താക്കപ്പെടൽ ഭീഷണി നേരിടുന്നുവെന്നാണ് റിപ്പോർട്ട്.

കനേഡിയൻ സർക്കാർ സ്റ്റഡി പെർമിറ്റ് പരിമിതപ്പെടുത്തിയതും സ്ഥിരതാമസത്തിനുള്ള അനുമതി വെട്ടിക്കുറച്ചതുമാണ് വിദ്യാർഥികൾക്ക് തിരിച്ചടിയായത്. പുതിയ സ്വപ്നങ്ങൾ നെയ്തെടുക്കാൻ കടൽ കടന്ന, ഇന്ത്യക്കാർ അടക്കമുള്ളവർ ജസ്റ്റിൻ ട്രൂഡോ സർക്കാരിനെതിരേ വലിയ പ്രതിഷേധത്തിലാണ്. രാജ്യത്തിന്റെ വിവിധഭാ​ഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

വർക്ക് പെർമിറ്റ് അവസാനിക്കുന്നതോടെ ഈ വർഷാവസാനം നിരവധി ബിരുദധാരികൾ നാടുകടത്തലിന് വിധേയരാകേണ്ടിവരുമെന്ന് വിദ്യാർഥി അഭിഭാഷക സംഘടനയായ നൗജവാൻ സപോർട്ട് നെറ്റ്വർക്ക് മുന്നറിയിപ്പ് നൽകുന്നു. പുതിയ പ്രവിശ്യാനയങ്ങളിലൂടെ സ്ഥിരതാമസ അപേക്ഷകളിൽ 25 ശതമാനമാണ് സർക്കാർ കുറവ് വരുത്തിയത്. നിരവധി വിദ്യാർഥികൾക്ക് ഇത് അപ്രതീക്ഷിത തിരിച്ചടിയായി.

2023-ൽ കാനഡയിലെ വിദ്യാർഥികളിൽ 37 ശതമാനവും വിദേശവിദ്യാർഥികളാണെന്നാണ് കണക്ക്. ഇത് രാജ്യത്തെ ഭവനം, ആരോ​ഗ്യസംരക്ഷണം, മറ്റുസേവനങ്ങൾ എന്നിവയിൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്നാണ് കനേഡിയൻ സർക്കാർ പറയുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് അടുത്ത രണ്ട് വർഷത്തേക്ക് വിദേശ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടി എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിധി നിശ്ചയിക്കുന്നതോടെ 2024-ൽ ഏകദേശം 3,60,000 അം​ഗീകൃത സ്റ്റഡി പെർമിറ്റുകൾ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനം കുറവാണ്. കാനഡയിൽ താൽകാലികമായി താമസിക്കുന്നവർ രാജ്യത്തിന് പുറത്തുപോയി വീണ്ടും പഠനത്തിനും ജോലിക്കും അപേക്ഷിക്കുന്നത് തടയാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.

കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം സർക്കാർ വെട്ടിക്കുറയ്ക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജോലിയും സ്ഥിരതാമസവും ആ​ഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റ് ഏറെ നിർണായകമായിരുന്നു.

2022-ലെ ഐ.ആര്‍.സി.സി (Immigration, Refugees, and Citizenship Canada) കണക്കനുസരിച്ച് 5.51 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ് ആ വര്‍ഷം കാനഡയിലെത്തിയത്. അതില്‍തന്നെ 2.264 ലക്ഷം പേരും, അതായത് 41 ശതമാനം പേരും ഇന്ത്യക്കാരാണ്. എട്ട് ലക്ഷത്തോളം അപേക്ഷകളാണ് (ബാക്ക്‌ലോഗ്) നിലവില്‍ പരിഗണനയിലുള്ളത്.

ഇന്ത്യ കഴിഞ്ഞാല്‍ ചൈന, ഫിലിപ്പൈന്‍സ്, ഫ്രാന്‍സ്, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നാണ്‌ കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്നത്. പത്ത് ലക്ഷത്തോളം ഇന്ത്യക്കാരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പഠനാവശ്യങ്ങള്‍ക്കായി മാത്രം കാനഡയില്‍ എത്തിയത്. 2022 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച് 3.19 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ക്യാനഡയിലുണ്ട്.