പ്രേക്ഷകനെ ത്രില്ലടപ്പിക്കാന്‍ മലയാള സിനിമയ്ക്ക് കഴിയില്ലെന്നൊരു വര്‍ത്തമാനമുണ്ട്. ഏറെക്കുറെ ശരിയുമായിരുന്നത്. തമിഴില്‍ രാക്ഷസന്‍ എന്ന സൈക്കോ ത്രില്ലര്‍ ഇറങ്ങി സകലമാന പ്രേക്ഷകരെയും കസേര തുമ്പത്തിരുത്തി ത്രില്ലടിപ്പിച്ചപ്പോള്‍, ആ സിനിമയെ പുകഴ്ത്തുന്നതിനൊപ്പം ഏറെ കേട്ട ഡയലോഗുകളില്‍ ഒന്ന്, ഇതുപോലൊരു ഐറ്റം മലയാളത്തില്‍ ഉണ്ടാകുമോ എന്നതായിരുന്നു. അതിലൊരുതരം പരിഹാസവും, അങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന അടിച്ചുറപ്പിക്കിലുമുണ്ടായിരുന്നു. നല്ലതെല്ലാം തമിഴിലും ബോളിവുഡിലുമൊക്കെ ഉണ്ടാകൂ എന്ന പെസിമിസ്റ്റ് പ്രേക്ഷകര്‍ക്കുള്ള ശക്തമായ മറുപടിയുമായാണ് 2020 ല്‍ മലയാള സിനിമ രംഗത്തു വന്നിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിര മേല്‍പ്പറഞ്ഞ വിഭാഗത്തിനുള്ള തലയ്ക്കടി തന്നെയായിരുന്നു. ഇപ്പോഴിതാ ഫോറന്‍സിക് കൂടി ആ ഗണത്തില്‍ ചേരുമ്പോള്‍, സധൈര്യം പറയാം, സൈക്കോ ത്രില്ലറുകളുടെത്ത് വിജയിപ്പിക്കാന്‍ മലയാളത്തിലെ പിള്ളേര്‍ക്കും അറിയാം.

അള്‍ട്ടിമേറ്റ് ഫ്രഷ് ആയിട്ടുള്ള ഐറ്റം ഒന്നുമല്ല ഫോറന്‍സിക്. നമ്മള്‍ കണ്ടിട്ടുള്ള സൈക്കോ ത്രില്ലറുകളിലെ സ്ഥിരം ചേരുവകള്‍ ഇതിലുമുണ്ട്. പ്രത്യേകിച്ച് സൈക്കോയുടെ ‘ കൊലമുറി’യൊക്കെ. എന്നാല്‍, മൊത്തത്തിലെടുത്താല്‍, ഫോറന്‍സിക്കിന് മുന്‍ഗാമികളൊന്നുമില്ല. അക്കാര്യത്തില്‍ ആദ്യത്തെ കൈയടി കൊടുക്കേണ്ടത്, അഖില്‍ പോള്‍- അനസ് ഖാന്‍ എന്ന തിരക്കഥാകൃത്തുക്കള്‍ക്കാണ്. അവര്‍ തന്നെയാണ് സിനിമയുടെ സംവിധായകരെങ്കിലും ഏതു മേഖലയിലാണ് അവര്‍ മികച്ചു നിന്നതെന്നു ചോദിച്ചാല്‍ സ്‌ക്രിപ്റ്റില്‍ എന്നുത്തരം പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ചെത്തി ചീകിയൊരുക്കിയ തങ്ങളുടെ തന്നെ സ്ക്രിപ്റ്റിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞോ എന്നൊരു ചോദ്യം അഖിലിനും അനസിനും സ്വയം ചോദിക്കുകയുമാവാം. ഇപ്പോള്‍ വേണ്ട, അടുത്ത സിനിമയ്ക്കൊരുങ്ങുമ്പോഴായാലും മതി.

ഫോറന്‍സിക് എന്ന പേരില്‍ തന്നെയുള്ള പ്രത്യേകതയാണ് സിനിമയുടെതും. ഫോറന്‍സിക് സര്‍ജന്‍മാരും മെഡിക്കോ ലീഗല്‍ അഡ്വൈസര്‍മാരും മലയാള സിനിമയില്‍ പുതുമുഖങ്ങളൊന്നുമല്ല. മിക്ക കുറ്റാന്വേഷണ സിനിമകളിലും ഇവര്‍ വന്നു പോകാറുള്ളതാണ്. എന്നാല്‍, ആദ്യമായിട്ടാണ് ഫോറന്‍സിക് വിദഗ്ധന്‍ കേന്ദ്രകഥാപാത്രമായി വരുന്നത്. ശാസ്ത്രീയമായി കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനെ പറ്റി ഒത്തിരി വായിച്ചു കേള്‍ക്കുന്നതാണെങ്കിലും ഒരു മലയാള സിനിമയില്‍ അതൊരു കാഴ്ച്ച അനുഭവമായി മാറുന്നത് ഇതാദ്യമായിരിക്കും. മുറിയടച്ചിട്ടിരുന്ന് ബീഡി വലിച്ചെഴുതിയതല്ല ഇതിന്റെ സ്‌ക്രിപ്റ്റ് എന്ന് കുറ്റാന്വേഷണത്തിലെ ശാസ്ത്രീയ രീതികള്‍ വിശദീകരിച്ചു പോകുന്നതില്‍ നിന്നു തന്നെ തിരിച്ചറിയാം. അതാണ് നേരത്തെ പറഞ്ഞതും, കൈയടി ഫോറന്‍സിക്കിന്റെ തിരക്കഥയ്ക്ക് തന്നെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫോറന്‍സിക് വെറും ത്രില്ലര്‍ മാത്രമാണോ എന്നു ചോദിച്ചാല്‍, അല്ല. ക്രൂരമായ കൊലകള്‍ കൊണ്ട് പ്രേക്ഷകന്റെ മനസും ശരീരവും മരവിപ്പിക്കുകയാണല്ലോ, സാധാരണ ഒരു സൈക്കോ ത്രില്ലറിന്റെ പണി. എന്നാല്‍, ഫോറന്‍സിക് അതില്‍ നിന്നും മാറി നില്‍ക്കുന്നുണ്ട്. കൊലകള്‍ വേദനിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നില്ലെന്നല്ല. പക്ഷേ, ഇരകള്‍; അവരാണ് മനസിനെ നോവിപ്പിക്കുന്നത്. കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നൊരു സമൂഹമാണ് ഇന്നത്തെ കേരളത്തിന്റേത്. എന്നാല്‍, ഈ സിനിമ പറയുന്ന കാര്യം കുട്ടികളെ രണ്ടു തരത്തില്‍ സമൂഹം ചൂഷണം ചെയ്യുന്നതിനെ കുറിച്ചാണ്. ഫോറന്‍സിക് മനസില്‍ ബാക്കി നിര്‍ത്തുന്ന അസ്വസ്ഥത അവിടെയാണ്. കൊലയാളിയും അയാളുടെ ഇരകളും പിന്നാലെ വരുന്ന അന്വേഷണ ഉദ്യോഗസ്ഥരും മാത്രം നിറഞ്ഞൊരു ചിത്രമായി ഇതിനെ മാറ്റിയിരുന്നെങ്കില്‍, ഫോറന്‍സിക് തിയേറ്റര്‍ വിട്ടിറിങ്ങുമ്പോള്‍ പുറകില്‍ ഉപേക്ഷിച്ചു കളയാന്‍ മാത്രമുള്ളൊരു സിനിമയായി മാറുമായിരുന്നു. ഇത്തരമൊരു ജോണറില്‍ ഒരു ചിത്രമൊരുക്കുമ്പോള്‍, അതില്‍ കുടുംബ ബന്ധങ്ങളും സെ്ന്റിമെന്റും നിറയ്ക്കുന്നത് അല്‍പ്പമൊരു അപകടം പിടിച്ച കളിയാണെങ്കിലും അഖിലും അനസും ആ കളി ഭംഗിയായി കളിച്ചു വിജയിച്ചിട്ടുമുണ്ട്.

നടുക്കുന്നൊരു തുടക്കത്തില്‍ നിന്നു സഞ്ചരിച്ചു തുടങ്ങുന്ന ചിത്രത്തിന്റെ ഗതിവിഗതികളില്‍ ഒരിക്കല്‍ പോലും വേഗത നഷ്ടപ്പെടുന്നില്ലെന്നിടത്താണ് അഖില്‍-അനസ് എന്ന ഇരട്ട സംവിധായകര്‍ക്ക് കൈയടി കൊടുക്കേണ്ടത്. കുറച്ച് ദൈര്‍ഘ്യം കൂടിപ്പോയോ എന്നൊരു ചോദ്യം പ്രേക്ഷകന് ഉണ്ടെങ്കിലും ഒരു മടുപ്പ് ഒരിടത്തും തോന്നിക്കാത്ത വിധം കൈകാര്യം ചെയ്തിട്ടുണ്ട് അഖിലും അനസും. ആദ്യ പകുതിയില്‍ എവിടെയൊക്കെയോ ക്ലിഷേ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമൊക്കെ വന്നു നിറഞ്ഞപ്പോള്‍ തോന്നിയ ചെറിയൊരു നിരാശയെ, ഇന്റര്‍വെല്‍ പഞ്ച് കൊണ്ട് ആവേശത്തിലേക്ക് എടുത്തുയര്‍ത്താനും സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്‌സിലേക്ക് അവര്‍ പ്രേക്ഷകനെയും കൊണ്ട് സഞ്ചരിച്ചതും അപ്രതീക്ഷിതമായ വളവുകളിലും തിരിവുകളിലും കൂടിയായിരുന്നു. എവിടെയീ വണ്ടി നില്‍ക്കുമെന്നൊരു ആകാംക്ഷയില്‍ ചിന്തിച്ചു കൂട്ടിയതെല്ലാം തട്ടിത്തെറിപ്പിച്ചവര്‍ പ്രേക്ഷകന്റെ കണ്ടെത്തലുകളെ തലകുത്തി മറിച്ചു കളഞ്ഞു. ഈ പറഞ്ഞതൊക്കെ, ഇതേ മൂഡില്‍ അനുഭവിക്കാന്‍ ഫോറന്‍സിക് തീയേറ്ററില്‍ തന്നെ കാണണം. അഖില്‍ പോളിന്റെ കാമറയും ജേക്‌സ് ബിജോയുടെ പശ്ചാത്തല സംഗീതവും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും എത്രകണ്ട് മികച്ചു നില്‍ക്കുന്നുവെന്നു കൂടി മനസിലാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു അഭ്യര്‍ത്ഥന.

മലയാള സിനിമ ഇപ്പോള്‍ ഏതു റൂട്ടിലൂടെയും ഓടാന്‍ കഴിവു തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇവിടെ എന്തും പോകും എന്ന സിനിമ ഡയലോഗ് പോലെ. തമിഴിലും ഹിന്ദിയിലുമൊക്കെ മാത്രമെ, തലപുകയ്ക്കുന്ന സിനിമകള്‍ ഇറങ്ങൂ എന്ന വാശിപിടുത്തം അഞ്ചാം പാതിര കണ്ടു കഴിഞ്ഞും ഉപേക്ഷിച്ചിട്ടില്ലാത്തവര്‍ ഫോറന്‍സിക് കൂടി കാണണം.