ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ലൈംഗികാരോപണത്തിന് ഇരയായ വൈദികൻ്റെ കേസ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണത്തെ തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ മുൻ നേതാവ് ജോർജ്ജ് കാരി വൈദികസ്ഥാനം രാജിവച്ചു. 1991 മുതൽ 2002 വരെ കാൻ്റർബറി ആർച്ച് ബിഷപ്പായിരുന്ന ജോർജ്ജ് കാരി, ലൈംഗികാതിക്രമത്തിൻ്റെ പേരിൽ വിലക്കപ്പെട്ട ഒരു വൈദികനെ പൗരോഹിത്യത്തിലേക്ക് മടങ്ങാൻ അനുവദിച്ചുവെന്ന ബിബിസി അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് രാജി. ഡിസംബർ 4 ന് അയച്ച രാജിക്കത്തിൽ, 1962 മുതൽ താൻ സജീവ ശുശ്രൂഷയിലാണെന്നും 90 വയസ്സ് തികയുകയാണെന്നും കാരി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കത്തിൽ അന്വേഷണത്തെ കുറിച്ച് പരാമർശിച്ചിട്ടില്ല. 1980 കളിൽ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കെതിരായ പീഡനാരോപണത്തിൽ ഡേവിഡ് ട്യൂഡർ എന്ന വൈദികനെ സഭാ ശുശ്രൂഷയിൽ നിന്ന് അഞ്ച് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ 1994 ൽ കാരി ഇദ്ദേഹത്തെ തിരികെ ശുശ്രൂഷയിൽ പ്രവേശിക്കുവാൻ അനുവദിക്കുകയായിരുന്നു. ഈ വർഷം ഒക്ടോബറിൽ ലൈംഗികാരോപണത്തെ തുടർന്ന് ട്യൂഡറിനെ വൈദിക സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടിരുന്നു. 1993-ൽ അന്നത്തെ കാൻ്റർബറി ആർച്ച് ബിഷപ്പായിരുന്ന ലോർഡ് കാരി, തൻ്റെ മേൽനോട്ടത്തിൽ സസ്പെൻഷനിൽ നിന്ന് മടങ്ങിവരാൻ ട്യൂഡറിനെ അനുവദിച്ചതായാണ് സഭ ബിബിസി അന്വേഷണത്തോട് മറുപടി നൽകിയത്. എന്നാൽ ബിബിസി അന്വേഷണത്തിൽ, ഡേവിഡ് ട്യൂഡറിന് ജോലി ലഭിക്കുവാൻ കാരി സഹായിച്ചതായുള്ള തെളിവുകൾ കണ്ടെത്തി. അതിലുപരി, അച്ചടക്ക നടപടിക്ക് വിധേയരായ പുരോഹിതരുടെ കേന്ദ്ര പട്ടികയിൽ നിന്ന് ട്യൂഡറിൻ്റെ പേര് നീക്കം ചെയ്യാൻ കാരി സമ്മതിച്ചതായും പുറത്തുവരുന്ന രേഖകൾ വ്യക്തമാക്കുന്നു.
ഈ നടപടിക്രമങ്ങൾ മതിയായതോ, ഈ കുറ്റകൃത്യങ്ങൾ അതിജീവിച്ചവരെ കേന്ദ്രീകരിക്കുന്നതോ അല്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നതായും, ഇന്ന് വളരെ വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമായിരുന്നു എന്നും സഭ ബിബിസിക്ക് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കുന്നു. 1991-2002 കാലത്ത് കാൻ്റർബറി ആർച്ച് ബിഷപ്പായിരുന്ന കാരി ട്യൂഡറിൻ്റെ പേര് തനിക്ക് ഓർമയില്ലെന്നാണ് അന്വേഷണത്തിൽ പറഞ്ഞത്. അന്വേഷണത്തെ സംബന്ധിക്കുന്ന യാതൊരു വിവരങ്ങളും രാജി കത്തിൽ കാരി രേഖപ്പെടുത്തിയിട്ടില്ല. ലണ്ടൻ, സൗത്ത്‌വെൽ, ഡർഹാം, ബ്രിസ്റ്റോൾ, ബാത്ത് ആൻഡ് വെൽസ്, കാൻ്റർബറി, ഒടുവിൽ ഓക്‌സ്‌ഫോർഡ് രൂപതകളിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് ലോർഡ് കാരി തന്റെ കത്തിൽ പറയുന്നു. നിലവിലെ വിവാദങ്ങളിൽ ഉള്ള സമ്മർദ്ദം മൂലമാണ് രാജി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Leave a Reply