ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കൊറോണ വൈറസിനെതിരായ വാക്സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. രാജ്യത്തിൻെറയും എൻഎച്ച്എസിൻെറയും ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിനാണ് ബ്രിട്ടൻ സാക്ഷ്യം വഹിക്കുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എൻഎച്ച്എസ് കൈവരിച്ച ഒരു നേട്ടമാണ് ഇപ്പോൾ രാജ്യത്തിന് അഭിമാനകരമായിരിക്കുന്നത്. ഇംഗ്ലണ്ടിലെ എല്ലാ കെയർഹോം അന്തേവാസികൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കിയതായി എൻഎച്ച്എസ് അറിയിച്ചു. എൻഎച്ച്എസിൻെറ ചരിത്രത്തിലെ നിർണ്ണായക നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന ഈ നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെയർ ഹോം ജീവനക്കാർക്കും പരിചരണക്കാർക്കും 70 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് ഫെബ്രുവരി 15 നുള്ളിൽ തീർക്കാനാണ് യുകെ ലക്ഷ്യമിട്ടിരുന്നത്.

ശനിയാഴ്ച യുകെയിൽ വിതരണം ചെയ്തത് 598389 ഡോസ് വാക്സിനാണ്. ഇതുകൂടി കണക്കാക്കി 9 ദശലക്ഷം ആളുകൾക്കാണ് രാജ്യത്ത് വാക്സിൻെറ ആദ്യഡോസ് ലഭിച്ചത്. 490,000 പേർക്ക് വാക്സിൻെറ രണ്ടാം ഡോസ്‌ ലഭിച്ചതായി കണക്കുകൾ വ്യക്തമാകുന്നു. ഈ മഹാമാരിയിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരു വഴി പ്രതിരോധ കുത്തിവെപ്പ് എടുക്കുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ രോഗബാധിതരുടെയും ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാൽ ഗുരുതരമായ സ്ഥിതിവിശേഷം തുടർന്നേക്കാം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.