ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : വിവാഹപ്രായം 18 ആക്കി ഉയർത്താനുള്ള നിയമനിർമ്മാണം മുന്നോട്ട് വെച്ച് മുൻ ചാൻസലർ സാജിദ് ജാവിദ്. ഇംഗ്ലണ്ടിലും വെയിൽസിലുമാണ് വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 ആയി ഉയർത്തണമെന്ന നിർദേശം ജാവിദ് മുന്നോട്ട് വെച്ചത്. കൗമാരക്കാരെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്ന മതപരവും സാംസ്കാരികവുമായ സമ്മർദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി അടുത്തയാഴ്ച ബിൽ അവതരിപ്പിക്കുമെന്ന് ജാവിദ് വ്യക്തമാക്കി. നടപടിക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 16 വയസുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ വിവാഹം കഴിക്കാം. എന്നാൽ ഇത് കൗമാരക്കാർ ദുരുപയോഗം ചെയ്യപ്പെടുന്നതിന് കാരണമാകുന്നുവെന്ന് ജാവിദ് പറഞ്ഞു.
“വികസ്വര രാജ്യങ്ങളിലെ ബാലവിവാഹം അവസാനിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ അശ്രാന്തമായി പ്രവർത്തിക്കുന്നു. എന്നിട്ടും നമ്മുടെ സ്വന്തം നിയമങ്ങൾ ബാലവിവാഹത്തെ പിന്തുണയ്ക്കുന്ന രീതിയിലാണ്. വാസ്തവത്തിൽ, ബംഗ്ലാദേശിൽ വിവാഹപ്രായം പതിനെട്ടിൽ നിന്ന് പതിനാറാക്കി കുറച്ചപ്പോൾ, മന്ത്രിമാർ അവരുടെ നീക്കത്തെ ന്യായീകരിക്കാനായി നമ്മുടെ നിയമങ്ങളെ ചൂണ്ടിക്കാണിക്കുകയുണ്ടായി.” അദ്ദേഹം വെളിപ്പെടുത്തി. ഈ പഴുതുകൾ അടയ്‌ക്കുന്നതിനായി നിയമനിർമ്മാണം നടത്തണമെന്നും അതിലൂടെ കുട്ടികളെ സംരക്ഷിക്കണമെന്നും ജാവിദ് കൂട്ടിച്ചേർത്തു.
തെരേസ മേയുടെ ഗവൺമെന്റിൽ ആഭ്യന്തര സെക്രട്ടറിയായിരിക്കെ സ്വന്തം സമുദായത്തിൽ ഈ വിവാഹ രീതി കണ്ടപ്പോൾ നിയമം മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി ജാവിദ് വെളിപ്പെടുത്തി. “ഞാൻ വളർന്നുവന്ന സമൂഹത്തിൽ ഇത് കണ്ടിട്ടുണ്ട്. ചെറുപ്പക്കാരായ പെൺകുട്ടികളെ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിക്കുകയാണ്.” നിർബന്ധിത വിവാഹത്തെ “നിന്ദ്യവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി” എന്നാണ് അദ്ദേഹം വിശേഷിച്ചത്.
Leave a Reply