കൊച്ചി: മൂന്നുവയസ്സുകാരിയുടെ ചികിത്സാ സഹായത്തിനെന്ന മട്ടിൽ ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തിയ അമ്മയും മകളും അറസ്റ്റിലായി. പാലാ സ്വദേശിനിയും എരൂരിൽ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്നവരുമായ മറിയാമ്മ സെബാസ്റ്റ്യൻ (59) അനിത ടി. ജോസഫ് (29) എന്നിവരാണ് ചേരാനല്ലൂർ പോലീസിന്റെ പിടിയിലായത്.

മറിയാമ്മയുടെ മകനും കൊച്ചിയിലെ ട്രാവൽ ഏജൻസിയിൽ ജോലിക്കാരനുമായ അരുൺ ജോസഫ് ഒളിലിവാണ്.

രായമംഗലം സ്വദേശി മൻമഥൻ പ്രവീണിന്റെ മകളുടെ ചികിത്സാ സഹായത്തിനായി സാമൂഹിക മാധ്യമങ്ങളിൽ ചിത്രം സഹിതം കുറിപ്പിട്ടിരുന്നു. ഈ കുറിപ്പ് തിരുത്തി തങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു മറിയാമ്മയും മറ്റും.

ഇതുവഴി വൻതുക അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. ഈ തുക മകൾ അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതിൽ ഒരു ലക്ഷത്തോളം രൂപ പിൻവലിച്ചിട്ടുമുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അക്കൗണ്ട് വിവരങ്ങൾ പോലീസ് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇവർ വേറെയും ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് എറണാകുളം സെൻട്രൽ എ.സി.പി കെ. ലാൽജി പറഞ്ഞു. അരുൺ ജോസഫിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിൽ കുട്ടിയുടെ ചിത്രത്തോടൊപ്പം ചേർത്തിരുന്ന അക്കൗണ്ട്,ഗൂഗിൾ പേ നമ്പറുകളിൽ സംശയം തോന്നിയ ഒരു ഡോക്ടർ വിവരം കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് മറിയാമ്മയുടെയും മക്കളുടേയും തട്ടിപ്പ് തിരിച്ചറിഞ്ഞത്.

പാലാ കീഴതടിയൂർ സഹകരണ ബാങ്കിൽ 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ പ്രതിയാണ് മറിയാമ്മ. ഇതേ ബാങ്കിൽ ജോലി ചെയ്തുവരുമ്പോഴായിരുന്നു തട്ടിപ്പ്. മകൻ അരുൺ വ്യാജ നോട്ട് കേസിൽ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. പാലായിൽ സിവിൽ സ്റ്റേഷന് സമീപം ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുൺ 2000 രൂപയുടെ കളർ പ്രിന്റെടുത്ത് എ.ടി.എം. കൗണ്ടറിലെ നിക്ഷേപ യന്ത്രത്തിൽ (സി.ഡി.എം.) നിക്ഷേപിക്കുകയും പിന്നീട് പിൻവലിക്കുകയുമായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് ബിരുദധാരിയാണ് അനിത ടി. ജോസഫ്. തട്ടിപ്പിൽ ബന്ധമില്ലെന്നാണ് ഇവരുടെ മൊഴി. എന്നാൽ, ഇവരുടെ പങ്ക് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു.