ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ഭരണകൂട വിരുദ്ധ പ്രതിഷേധം ഇറാനിൽ ശക്തമാകുന്നതിനിടെ രാജ്യത്തേക്ക് മടങ്ങി വരുന്നെന്ന സൂചന നൽകി മുൻ കിരീടാവകാശി റെസ പഹ്ലവി. സാമൂഹിക മാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രഖ്യാപനം. തെരുവുകളിൽ നിന്ന് പിന്മാറരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത പഹ്ലവി, താൻ ഉടൻ പ്രതിഷേധക്കാർക്കൊപ്പം ചേരുമെന്നും വ്യക്തമാക്കി. തെരുവുകളിലെ ജനക്കൂട്ടം ആയത്തുള്ള ഖമേനിയുടെ ഭരണകൂടത്തെയും അടിച്ചമർത്തലിനെയും ദുർബലപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
1979ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനായ 65-കാരൻ റെസ പഹ്ലവി കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിൽ പ്രവാസ ജീവിതമാണ് നയിക്കുന്നത്. രാജഭരണം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഖമേനിയുടെ ഭരണകൂടത്തിനായി ഇപ്പോൾ അവശേഷിക്കുന്നത് ഒരു വിഭാഗം അക്രമികളായ കൂലിപ്പടയാളികൾ മാത്രമാണെന്നും, സുരക്ഷാ സേനയിലെ പലരും ജനങ്ങളെ അടിച്ചമർത്താനുള്ള ഉത്തരവുകൾ അനുസരിക്കാതിരിക്കുകയോ ജോലിസ്ഥലങ്ങൾ ഉപേക്ഷിക്കുകയോ ചെയ്യുന്നുവെന്ന വിശ്വസനീയ റിപ്പോർട്ടുകൾ ലഭിക്കുന്നതായും പഹ്ലവി പറഞ്ഞു.
അതേസമയം, പ്രതിഷേധങ്ങൾ വർധിച്ചതോടെ ഇറാനിൽ മരണസംഖ്യ 200 കടന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ടെഹ്‌റാനിലെ ആറു ആശുപത്രികളിൽ നിന്നുള്ള കണക്കുകൾ ഉദ്ധരിച്ച് ടൈം മാസികയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭൂരിഭാഗവും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കലാപം അടിച്ചമർത്താൻ സർക്കാർ ഇന്റർനെറ്റും ഫോൺ സേവനങ്ങളും നിർത്തലാക്കിയിരിക്കുകയാണ്. സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, സ്ത്രീ സ്വാതന്ത്ര്യത്തിനെതിരായ കടുത്ത നിലപാട് എന്നിവയാണ് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുന്നത്. 2022ൽ മഹ്‌സ അമീനിയുടെ കസ്റ്റഡി മരണം സൃഷ്ടിച്ച പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ ജനകീയ എഴുന്നേൽപ്പിനാണ് ഇറാൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.











Leave a Reply