പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. 2019-ൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെ പ്രതിയാക്കിയത്. വാസുവാണ് കേസിലെ മൂന്നാം പ്രതി. കമ്മീഷണറായിരുന്ന കാലത്ത് സ്വർണം പൂശലിനിടെ ബാക്കി വന്ന സ്വർണം സംബന്ധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നതാണ് പ്രധാനമായ ആരോപണം.
2019 മാർച്ച് 19-ന് കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്താൻ വാസു നിർദേശം നൽകിയിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്. അതേ മാസം 31-ന് അദ്ദേഹം കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറി. പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റായും വാസു സേവനം അനുഷ്ഠിച്ചു. സ്വർണം പൂശൽ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണൻ പോറ്റി അയച്ച വിവാദ ഇമെയിൽ സന്ദേശം വാസുവിന് ലഭിച്ചിരുന്നുവെന്നും, അതിൽ ബാക്കിയുള്ള സ്വർണ്ണം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാമെന്നായിരുന്നു പരാമർശമെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇമെയിൽ ലഭിച്ചിട്ടും കാര്യത്തിൽ അന്വേഷണം ആരംഭിക്കാതിരുന്നതും നടപടി സ്വീകരിക്കാതിരുന്നതുമാണ് വാസുവിനെതിരായ ആരോപണം ശക്തിപ്പെടുത്തിയത്. അറസ്റ്റിലായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വാസുവിനെ എസ്.ഐ.ടി നേരത്തെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘം സമാഹരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.











Leave a Reply