കൗമാരക്കാരായ നിരവധി ഫുട്ബോൾ താരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച മുൻ ഫുട്ബോൾ പരിശീലകന് ബ്രിട്ടണിൽ 31 വർഷം തടവുശിക്ഷ. ലിവർപൂൾ ക്രൗൺ കോടതിയാണ് ഇന്നലെ മുൻ ഫുട്ബോൾ പരിശീലകൻ ബാരി ബെന്നലിനെ 31 വർഷം തടവിനു ശിക്ഷിച്ചത്.

പിശാചിന്റെ അവതാരമെന്ന് പ്രതിയെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ കനത്ത ശിക്ഷ. എട്ടിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള നിരവധി കുട്ടികളെ ഇയാൾ പരിശീലനത്തിന്റെ മറവിൽ ലൈംഗികമായി ദുരുപയോഗിക്കുകയും ഇതിനു വഴങ്ങാത്തവരെ ഫുട്ബോൾ കരിയറിൽനിന്നുതന്നെ ഒഴിവാക്കുകയും ചെയ്തതായാണ് പരാതി.

പന്ത്രണ്ടിലേറെപ്പെരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിധി. എന്നാൽ അമ്പതിലേറെപ്പേരെയെങ്കിലും ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുള്ളതായാണ് കരുതുന്നത്. വരുംദിവസങ്ങളിൽ കൂടുതൽപേർ പുതിയ വെളിപ്പെടുത്തലുകളുമായി എത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിലവിലെ പരാതിക്കാർ.

1979 മുതൽ 1991 വരെയുള്ള കാലയളവിലായിരുന്നു ഇയാൾ കൗമാരക്കാരായ നിരവധി ഫുട്ബോൾ പ്രതിഭകളെ പീഡനത്തിന് വിധേയരാക്കിയത്. ഇതോടെ പലരുടെയും ഫുട്ബോൾ കരിയർ തന്നെ അവസാനിച്ചു. കളിതുടർന്ന പലരും മാനം രക്ഷിക്കാനായി ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു.വർഷങ്ങൾക്കുശേഷം ഇപ്പോൾ ഓരോരുത്തരായി ഇക്കാര്യം തുറന്നടിച്ച് രംഗത്തുവന്നതോടെയാണ് ലോകമറിയുന്ന പരിശീലകന്റെ അറിയാകഥകൾ പുറത്തായതും കോടതി ഇയാളെ ശിക്ഷിച്ചതും