റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ശനിയാഴ്ച ഹൈ വൈകോമ്പില്‍ നടക്കും

റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ശനിയാഴ്ച ഹൈ വൈകോമ്പില്‍ നടക്കും
June 22 07:05 2018 Print This Article

റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാമത് ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  ശനിയാഴ്ച ഹൈ വൈകോമ്പില്‍ നടക്കും. ഫുട്ബോള്‍ മത്സരങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുത്ത് ആസ്വദിക്കാവുന്ന ഫാമിലി ഫണ്‍ ഡേയും അന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഫുട്ബോള്‍ മത്സരത്തിലൂടെയും ഫാമിലി ഫണ്‍ ഡേയിലൂടെയും ലഭ്യമാകുന്ന തുക റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരിക്കും ഉപയോഗിക്കുക. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന റയന്‍ നൈനാന്‍ ക്യാന്‍സര്‍ പ്രൊജക്റ്റിനുമായിരിക്കും ഈ പ്രോഗ്രാം വഴി ലഭിക്കുന്ന തുക നല്‍കുന്നത്.

ഏഴാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി ഈ ലോകത്തോട്‌ യാത്ര പറഞ്ഞ് സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ റയന്‍ നൈനാന്‍ എന്ന കിത്തു മോന്‍റെ ഓര്‍മ്മയ്ക്കായി ആരംഭിച്ചതാണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി. ഫുട്ബോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചെല്‍സി ടീമിന്‍റെ ആരാധകനായിരുന്ന റയന്‍ നൈനാന്‍ എന്ന കൊച്ചു മിടുക്കന്റെ അകാല വേര്‍പാടിനെ തുടര്‍ന്ന് റയന്‍റെ മാതാപിതാക്കളായ സജി ജോണ്‍ നൈനാനും ആഷ മാത്യുവും ചേര്‍ന്ന് ആണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. തങ്ങളുടെ മകന്‍റെ ജീവിതം തട്ടിയെടുത്ത ബ്രെയിന്‍ ട്യൂമര്‍ രോഗത്തിനെതിരെ പോരാടുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ ചുക്കാന്‍ പിടിക്കുന്നത്.

കഴിഞ്ഞ നാല് തവണയും നടത്തിയ ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും ഫാമിലി ഫണ്‍ ഡേയും നിരവധി ആളുകളെ ആകര്‍ഷിച്ചിരുന്നു. ഏകദേശം അഞ്ഞൂറോളം ആളുകള്‍ ഓരോ വര്‍ഷവും ഈ പ്രോഗ്രാമിനായി ഒത്ത് കൂടുന്നുണ്ട്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ലേഡീസ് കാറ്റഗറികളില്‍ ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കായി മറ്റ് നിരവധി വിനോദ പരിപാടികളും അന്ന് തന്നെ സംഘടിപ്പിക്കുന്നതിനാല്‍ ഓരോ വര്‍ഷവും നിരവധി കുട്ടികള്‍ ആണ് ഈ പരിപാടിക്കായി കാത്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഫുഡ് സ്റ്റാള്‍, രുചികരമായ കേക്കുകള്‍, ഫേസ് പെയിന്‍റിംഗ്, മെഹന്ദി, നെക്ക് ആന്‍ഡ്‌ ഷോള്‍ഡര്‍ മസ്സാജ്, നെയില്‍ ആര്‍ട്ട്, തംബോല തുടങ്ങി നിരവധി കാര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ച കാലത്ത് ഒന്‍പത് മണി മുതല്‍ ആരംഭിക്കുന്ന ഫുട്ബോള്‍ മത്സരങ്ങളും മറ്റ് വിനോദങ്ങളും വൈകിട്ട് അഞ്ച് മണിയോടെ ആയിരിക്കും സമാപിക്കുന്നത്.

നാല് വര്‍ഷം കൊണ്ട് അന്‍പതിനായിരം പൌണ്ടോളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടെത്തി കഴിഞ്ഞ ആര്‍എന്‍സിസിക്ക് കൂട്ടായി നില്‍ക്കുന്ന സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മികച്ച പിന്തുണയാണ് ഇവര്‍ക്ക് നല്‍കുന്നത്. മലയാളം യുകെ ആര്‍എന്‍സിസിയുടെ മീഡിയ പാര്‍ട്ണര്‍ ആയി രംഗത്തുണ്ട്. ടെസ്കോ, കിംഗ്ഡം യുകെ, വെയിറ്റ്റോസ്, ഹിയര്‍ ആന്‍ഡ്‌ നൌ തുടങ്ങിയവരാണ് ആര്‍എന്‍സിസി ഇവന്റുകളുടെ സ്പോണ്‍സര്‍മാരായി രംഗത്തുള്ളത്. ആര്‍എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ www.rncc.org.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ https://www.facebook.com/RNCCUK/ എന്ന ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്.

Also read : ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് റോഡ്‌ മാര്‍ഗ്ഗം സാഹസികയാത്രക്കൊരുങ്ങി മലയാളി; ലക്‌ഷ്യം ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച കുട്ടികള്‍ക്ക് ഒരു കൈസഹായം

 

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles