ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ജോൺ പ്രെസ്‌കോട്ട് അന്തരിച്ചു. 86 വയസ്സായിരുന്ന അദ്ദേഹം അൽഷിമേഴ്‌സ് ബാധിതനായിരുന്നു. മുൻ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന അദ്ദേഹം 40 വർഷക്കാലം കിംഗ്സ്റ്റൺ ഓൺ ഹൾ ഈസ്റ്റിൻ്റെ എംപിയായിരുന്നു . സർ ടോണി ബ്ലെയറിൻ്റെ മന്ത്രിസഭയിലെ ശക്തമായ സാന്നിധ്യമായിരുന്നു ജോൺ പ്രെസ്‌കോട്ട് .
മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക നീതിക്ക് വേണ്ടി പോരാടുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി തൻ്റെ ജീവിതം ചെലവഴിച്ചു എന്ന് ജോൺ പ്രെസ്‌കോട്ട് മരിച്ച വിവരം പങ്കുവെച്ചുകൊണ്ട് കുടുംബം പറഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട ഭർത്താവും പിതാവും മുത്തച്ഛനുമായ ജോൺ പ്രെസ്‌കോട്ട് ഇന്നലെ 86-ാം വയസ്സിൽ സമാധാനപരമായി അന്തരിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട് എന്ന് അദ്ദേഹത്തിൻ്റെ മരണശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ, അദ്ദേഹത്തിൻ്റെ ഭാര്യ പോളിനും മക്കളായ ജോനാഥനും ഡേവിഡും പറഞ്ഞു. 2019 -ൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ പരിചരിച്ച എൻഎച്ച്എസ് ഡോക്ടർമാരും നേഴ്സുമാരും അൽഷിമേഴ്‌സ് ബാധിച്ച ശേഷം കെയർ ഹോമിൽ പരിചരിച്ചവർക്കും കുടുംബം നന്ദി രേഖപ്പെടുത്തി. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവർ പുഷ്പങ്ങൾ സമർപ്പിക്കുന്നതിന് പകരം അൽഷിമേഴ്‌സ് റിസർച്ച് യുകെയിലേക്ക് സംഭാവന നൽകാൻ കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ഉപപ്രധാനമന്ത്രിയായിരുന്നു ജോൺ പ്രെസ്‌കോട്ട് . ടോണി ബ്ലെയർ മന്ത്രിസഭയിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയാകുന്നതിനു മുൻപ് നീൽ കിന്നക്കിൻ്റെ ഷാഡോ കാബിനറ്റിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അതികായകനും അവിശ്വസനീയമാവിധം സ്വാധീനമുള്ള തൊഴിലാളി നേതാവുമായിരുന്ന ജോൺ പ്രെസ്‌കോട്ട് എന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും വിധമായിരുന്നു അദ്ദേഹത്തിൻറെ പ്രവർത്തനം . ഒരു സാധാരണ റെയിൽവെ ജീവനക്കാരന്റെ മകനും ഖനി തൊഴിലാളിയുടെ ചെറു മകനുമായ ജോൺ പ്രെസ്‌കോട്ടിൻ്റെ പശ്ചാത്തലം മറ്റു പല ബ്രിട്ടീഷ് രാഷ്ട്രീയക്കാരുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടനിലെ സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും ശബ്ദമാകാൻ ജോൺ പ്രെസ്‌കോട്ടിന് കഴിഞ്ഞു.
Leave a Reply