ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗം യഥാസമയം ജിപിമാർ കണ്ടുപിടിക്കാത്തതു മൂലം ആയിരക്കണക്കിന് വൃക്ക രോഗികളുടെ നില വഷളായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിൽ 66 ശതമാനം വൃക്ക രോഗികളും രോഗം കണ്ടുപിടിക്കാൻ താമസിച്ചതു മൂലമുള്ള പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരാണെന്ന ഞെട്ടിക്കുന്ന കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഈ പ്രശ്നങ്ങൾ 7.2 ദശലക്ഷം പേരെ ബാധിക്കുന്നതായാണ് കണക്കുകൾ.


ചികിത്സാ കാലതാമസം മൂലം പല രോഗികളും ഡയാലിസിസിലേക്ക് എത്തി ചേരേണ്ടതായി വരുന്നതായാണ് കണ്ടെത്തിയത്. ചെറുപ്പത്തിലെ വൃക്ക പൂർണമായും തകരാറിലായ ചിലർ കിഡ്നി മാറ്റിവയ്ക്കുകയല്ലാതെ വേറെ മാർഗമില്ലാത്ത അവസ്ഥയിലാണ്. രക്തത്തിലെ ക്രിയാറ്റിന്റെ അളവാണ് കിഡ്നിയുടെ പ്രവർത്തനത്തിന്റെ അളവ്കോൽ. ക്രിയാറ്റിൻ ഉയർന്ന തോതിൽ ആണെങ്കിൽ നേരത്തെ കണ്ടെത്തി മരുന്നുകളിലൂടെയും ആഹാരക്രമീകരണങ്ങളിലൂടെയും കിഡ്നിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനാകും. എൻഎച്ച്എസിൻ്റെ ചികിത്സാ പിഴവുമൂലം പല രോഗികളും ആഴ്ചയിൽ ഒന്നിൽ കൂടുതൽ തവണ ഡയാലിസിസ് നടത്തേണ്ട അവസ്ഥയിലാണ് . ഡയാലിസിസ് ആയിരക്കണക്കിന് രോഗികൾക്ക് നടത്തേണ്ടി വരുന്നത് ആരോഗ്യ മേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു.

ചാരിറ്റി കിഡ്നി റിസർച്ച് യുകെയാണ് എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയെ ചൂണ്ടി കാണിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. വിവിധ മത്സരങ്ങളിൽ സമ്മാനാർഹനായ പ്രശസ്ത സൈക്കിളിസ്റ്റ് സ്റ്റീഫൻ സ്ലോം കിഡ്നി രോഗം താമസിച്ച് കണ്ടെത്തിയ ചികിത്സാ പിഴവിന്റെ ഇരയാണ്. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസിന് വിധേയനാകുന്ന അദ്ദേഹം ഇപ്പോൾ തന്റെ രണ്ടാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണ്. കിഡ്നി തകരാറിലായതിനെ തുടർന്ന് നൂറുകണക്കിന് ആളുകളാണ് രാജ്യത്ത് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പലപ്പോഴും വർഷങ്ങളോളമാണ് കാത്തിരിക്കേണ്ടതായി വരുന്നത്.