വിഖ്യാത പാകിസ്താന്‍ ലെഗ് സ്പിന്നര്‍ അബ്ദുള്‍ ഖാദിര്‍ അന്തരിച്ചു. 63 വയസായിരുന്നു. ലാഹോറിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇതുവരെ അബ്ദുള്‍ ഖാദിറിന് ഹൃദയസംബന്ധമായ പ്രശ്‌നമൊന്നും ഇല്ലായിരുന്നു എന്ന് മകന്‍ സല്‍മാന്‍ ഖാദിര്‍, വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. പ്രത്യേക ശൈലി മൂലം ഡാന്‍സിംഗ് ബൗളര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 67 ടെസ്റ്റുകളിലും 104 104 ഏകദിനങ്ങളില്‍ നിന്ന് 132 വിക്കറ്റുകള്‍ നേടി.
1955 സെപ്റ്റംബര്‍ 15ന് ലാഹോറിലാണ് അബ്ദുള്‍ ഖാദിന്റെ ജനനം. 1977ല്‍ ലാഹോറില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും 1983ല്‍ ബിര്‍മിംഗ്ഹാമില്‍ ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തിലും അരങ്ങേറി. അവസാന ടെസ്റ്റ് വെസ്റ്റ് ഇന്‍ഡീസിനെതിരെ 1990ലായിരുന്നു. അവസാന ഏകദിനം 1993ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഷാര്‍ജയില്‍.
നൃത്തസമാനമായ ബൗളിംഗിലൂടെയും മാരകമായ ഗൂഗ്ലികളിലൂടെയും ഫ്‌ളിപ്പറുകളിലൂടെയും എതിര്‍ ടീമുകളുടെ പേടി സ്വപ്‌നമായി മാറിയിരുന്നു 80കളില്‍ അബ്ദുള്‍ ഖാദിര്‍. ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ഖാദിര്‍. 1989ലെ അരങ്ങേറ്റ മത്സരത്തില്‍ പാക് ബൗളിംഗ് നിരയുടെ ആക്രമണത്തില്‍ മുറിവേറ്റ 16കാരനായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കല്‍ പിന്നീട് അബ്ദുള്‍ ഖാദിറിന്റെ ഒരു ഓവറില്‍ നാല് സിക്‌സര്‍ പറത്തിയാണ് മറുപടി നല്‍കിയത്. അന്ന് സച്ചിനെ അഭിനന്ദിക്കാന്‍ അബ്ദുള്‍ ഖാദിര്‍ മടി കാണിച്ചില്ല. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ അടക്കമുള്ള ലെഗ് സ്പിന്നര്‍മാര്‍ പ്രചോദനമായി കണ്ടിരുന്നത് അബ്ദുള്‍ ഖാദിറിനെയായിരുന്നു.
അബ്ദുള്‍ ഖാദിറിന്റെ നിര്യാണം തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളെയാണ് നഷ്ടമാക്കിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.
16കാരനായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന് അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ നേരിടേണ്ടി വന്നത് ഇമ്രാന്‍ ഖാനും അബ്ദുള്‍ ഖാദിറും വസീം അക്രവും, പിന്നെ സച്ചിനെ പോലെ തുടക്കാരനായിരുന്നെങ്കിലും അപകടകാരിയായിരുന്ന വഖാര്‍ യൂനിസും ഉള്‍പ്പെട്ട ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയെ ആണ്. ഇവരുടെ ആക്രമണത്തിന് മുന്നില്‍ ആദ്യ മത്സരത്തില്‍ പതറിയ സച്ചിന്‍ പിന്നീടുള്ള മത്സരങ്ങളില്‍ തന്റെ വരവ് അങ്ങനെ വെറുതെ വന്നുപോകാനല്ല എന്ന് തെളിയിക്കുകയായിരുന്നു. നാല് ടെസ്റ്റുകളില്‍ രണ്ട് അര്‍ദ്ധ സെഞ്ചുറികളടക്കം 239 റണ്‍സാണ് സച്ചിന്‍ നേടിയത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടന്ന ഏകദിനത്തില്‍ അബ്ദുള്‍ ഖാദറിനെ കടന്നാക്രമിച്ചാണ് സച്ചിന്‍ ശരിക്കും വരവറിയിച്ചത്.
പെഷവാറിലെ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 30 ഓവറിലുള്ള ഒരു പ്രദര്‍ശന മത്സരം കാണികള്‍ക്കായി നടത്തി. സ്‌റ്റേഡിയം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കൃഷ്ണമാചാരി ശ്രീകാന്തും സച്ചിനുമാണ് അന്ന് ആദ്യമിറങ്ങിയത്. ശ്രീകാന്തിന് റണ്‍ ഒന്നും വിട്ടുകൊടുക്കാതെ അബ്ദുള്‍ ഖാദിറിന്റെ മെയ്‌ഡെന്‍ ഓവര്‍.
അബ്ദുള്‍ ഖാദിര്‍ സച്ചിനോട് പറഞ്ഞു – “അടുത്ത ഓവറില്‍ എന്റെ ഒരു ബോള്‍ സിക്‌സ് അടിച്ച് കാണിക്ക്, എന്നാല്‍ നീ താരമാകും” എന്ന്. ഒരു സികസര്‍ ചോദിച്ച അബ്ദുള്‍ ഖാദറിന് സച്ചിന്‍ കൊടുത്തത് നാല് സിക്‌സറാണ്. നന്നായി കളിച്ചിരുന്ന ആ കുട്ടിയോട് തനിക്ക് അന്ന് തന്നെ വളരെയധികം താല്‍പര്യം തോന്നിയിരുന്നതായി 2018ല്‍ ദുബായില്‍ നടന്ന സലാം ക്രിക്കറ്റ് പരിപാടിയില്‍ അബ്ദുള്‍ ഖാദിര്‍ പറഞ്ഞിരുന്നു.
“സച്ചിന്‍ എന്നോട് മറുപടിയൊന്നും പറഞ്ഞില്ല, പകരം അടുത്ത ഓവറില്‍ നാല് സിക്‌സ് അടിച്ചു” – അബ്ദുള്‍ ഖാദര്‍ ഓര്‍ത്തിരുന്നു. 18 ബോളില്‍ നിന്ന് 53 റണ്‍സ്. അബ്ദുള്‍ ഖാദിറിന്റെ ഒരു ഓവറില്‍ 28 റണ്‍സ്. ആദ്യം ഒരു സിക്‌സ്, പിന്നെ ഫോര്‍, മൂന്നാമത്തെ ബോളില്‍ റണ്ണൊന്നുമില്ല. പിന്നെ തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍. മുഷ്താഖ് അഹമ്മദിനും കിട്ടി ഒരോവറില്‍ നാല് സിക്‌സ്. “ഞാന്‍ സച്ചിനെ ഒതുക്കാന്‍ നോക്കി. പക്ഷെ അയാളുടെ പ്രതിഭ അതിനെ മറികടന്നു” – അബ്ദുള്‍ ഖാദര്‍ പിന്നീട് പറഞ്ഞു
ഓർമ്മകളിലെ ഖാദിർ, അബ്ദുള്‍ ഖാദറിനെതിരെ സച്ചിന്റെ പ്രകടനം – വിഡീയോ
Leave a Reply