സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖകള്‍ ലഭിച്ചത് ഇ മെയില്‍ വഴിയാണെന്ന മൊഴിക്ക് പിന്നാലെ ഫാ. പോള്‍ തേലക്കാട്ടിന്റെ ഓഫീസില്‍ റെയ്ഡ്. കലൂരിലെ സത്യദീപം ഓഫീസില്‍ അന്വേഷണ സംഘം നടത്തിയ റെയ്ഡില്‍ ഫാ.തേലക്കാട്ടിന്റെ കമ്പ്യൂട്ടര്‍ അടക്കമുള്ളവ പിടിച്ചെടുത്തു. വ്യാജരേഖാ കേസില്‍ വൈദിക സമിതി യോഗത്തിന്റെ മിനിട്ട്സ് ഹാജരാക്കാന്‍ സംഘം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.
ആലഞ്ചേരിക്കെതിരെ സിനഡില്‍ ഹാജരാക്കിയ ബാങ്ക് രേഖകള്‍ വ്യാജമെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു. കര്‍ദിനാളിന്റെ പേരില്‍ ഇത്തരമൊരു അക്കൗണ്ട് ഇല്ലെന്ന് പൊലീസ് കണ്ടെത്തി. ഫാദര്‍ പോള്‍ തേലക്കാട്ട് തന്നെയാണ് സിനഡില്‍ ബാങ്ക് രേഖകള്‍ കൈമാറിയത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനഡിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസില്‍ പരാതി നല്‍കിയത്. ഈ അന്വേഷണത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കര്‍ദിനാളിനെതിരെ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തിരുന്നു. സിനഡിനായി പരാതി നല്കിയ സഭാ ഐ.ടി. വിഭാഗം മേധാവി ഫാദര്‍ ജോബി മാപ്രക്കാവിലിന്റെ രഹസ്യ മൊഴിയും അന്ന് സംഘം രേഖപ്പെടുത്തിയിരുന്നു.
2019 ജനുവരി 7 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ സമര്‍പ്പിച്ച് മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ്, സിറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രകാവില്‍ ഫാ. പോള്‍ തേലക്കാട്ടിലിനെതിരേ നല്‍കിയ പരാതി. ഈ പരാതി പ്രകാരമാണ് തൃക്കാക്കര പൊലീസ് ഫാ. തേലക്കാട്ടിനെതിരേ കേസ് എടുത്തത്. എന്റെ കൈവശം കിട്ടിയ ചില രേഖകള്‍ ഞാന്‍ ചട്ടപ്രകാരം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് ജേക്കബ് മാനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും ഈ രേഖകളുടെ നിജസ്ഥിതി അന്വേഷിച്ച് അറിയുകയെന്നു മാത്രമാണ് പറഞ്ഞതെന്നും ഫാ. തേലക്കാട്ട് പറയുന്നു.
സിനഡില്‍ ഈ രേഖകള്‍ കൊണ്ടുപോയത് ഞാനല്ല. അത് ബിഷപ്പ് ജേക്കബ് മനത്തോടത്ത് ആയിരിക്കണം കൊടുത്തത്. എന്തായാലും ഞാന്‍ എന്റെ അഭിഭാഷകനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഏതാനും ദിവസം മുന്‍പ് ഫാ. തേലക്കാട്ട് പ്രതികരിച്ചിരുന്നു. ഫാ. പോള്‍ തേലക്കാട്ടിന് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്കെതിരായ രേഖകള്‍ ചില വൈദികര്‍ കൈമാറുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എറണാകുളത്തെ ചില ബിസിനസുകാരുമായി ആലഞ്ചേരിക്ക് ബിസിനസ് ഇടപാടുകളുണ്ടെന്നും ഇതിന്റെ മറവില്‍ അനധികൃതമായി കോടിക്കണക്കിനു രൂപയുടെ സാമ്ബത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും അവ തെളിയിക്കുന്ന ആലഞ്ചേരിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണെന്നും പറഞ്ഞാണ് രേഖകള്‍ ഫാ. തേലക്കാട്ടിന് കൈമാറിയതെന്നാണ് സൂചന.
ഈ രേഖകള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവും നല്‍കിയവര്‍ ഫാ. പോള്‍ തേലക്കാട്ടിനു മുന്നില്‍ അവതരിപ്പിച്ചിരുന്നുവെന്നു കേള്‍ക്കുന്നു. എന്നാല്‍ രേഖകള്‍ മാധ്യമങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ നല്‍കാതെ നേരിട്ട് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേര്‍ക്ക് കൈമാറി അവയുടെ ആധികാരിത പരിശോധിച്ചറിയാനായിരുന്നു ഫാ. പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടത്. ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിക്കെതിരേ കിട്ടിയ രേഖയുടെ നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന് ഫാ. പോള്‍ തേലക്കാട്ട് സ്വകാര്യമായി കൈമാറിയ രേഖ കക്കനാട് സെന്റ്.തോമസ് മൗണ്ടില്‍ ചേര്‍ന്ന സിനഡില്‍ എത്തുകയാണുണ്ടായത്. ഫാ. തേലക്കാട്ട് തന്നെയാണ് സിനഡില്‍ രേഖകള്‍ എത്തിച്ചതെന്നായിരുന്നു ആദ്യത്തെ ആരോപണം.
എന്നാല്‍ രേഖകള്‍ താന്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നു ഫാ. തേലക്കാട് പറയുമ്പോള്‍, ആ രേഖകള്‍ ആര് സിനഡില്‍ എത്തിച്ചെന്നുവെന്നതാണ് ചോദ്യം. ഇതോടൊപ്പം തന്നെ സഭാ വിശ്വാസിയും ഇന്ത്യന്‍ കാത്തലിക്ക് ഫോറത്തിന്റെ പ്രസിഡന്റുമായ ബിനു ചാക്കോ പൊലീസിന് മൊഴി നല്‍കിയത് ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഭയുടെ പ്രാദേശികമായ അധികാരവും സഭാ ഭൂമി ഇടപാട് സംബന്ധിച്ചും മാര്‍ ആലഞ്ചേരിയോട് ഫാ. പോള്‍ തേലക്കാടിന് ശത്രുതയുണ്ടെന്നും ആലഞ്ചേരി പിതാവും ലത്തീന്‍ സഭയിലെ മെത്രാന്മാരും മാരിയറ്റ് ഹോട്ടല്‍ ക്ലബില്‍ അംഗത്വം നേടുന്നതിന് വേണ്ടി യോഗം ചേര്‍ന്നു എന്നുള്ളത് വ്യാജമായി സൃഷ്ടിച്ച ഒന്നാണെന്നും ബിനു മൊഴിയില്‍ വ്യക്തമാക്കുന്നു.
സിനഡ് അംഗമായ മാര്‍ ജേക്കബ് മനത്തോടത്തിനെ തെറ്റിധരിപ്പിച്ചാണ് സിനഡില്‍ ഇക്കാര്യം അവതരിപ്പിച്ചതെന്നും സഭയിലെ ഒരു മുതിര്‍ന്ന വൈദികനും അഞ്ച് യുവ വൈദികരും ചേര്‍ന്നാണ് വ്യാജരേഖകള്‍ നിര്‍മ്മിച്ചതായി തനിക്ക് അറിവുള്ളതെന്നും ബിനു മൊഴിയില്‍ പറയുന്നു. ആലഞ്ചേരി പിതാവിനെ തേജോവധം ചെയ്ത് രാജിവയ്പ്പിക്കാന്‍ വേണ്ടിയാണ് ഫാ.പോള്‍ തേലക്കാടും സംഘവും ഇത്തരത്തില്‍ വ്യാജ രേഖ സൃഷ്ടിച്ചതെന്നും ഇതിന് പിന്നില്‍ സഭയിലെ ചില യുവ വൈദികരുണ്ടന്നും ബിനു വ്യക്തമാക്കി.
Leave a Reply