ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മുൻ റോയൽ എയർഫോഴ്സ് എൻജിനീയറും നേഴ്സായ അദ്ദേഹത്തിന്റെ ഭാര്യയും സ്വിറ്റ്സർലൻഡിൽ അനുവദനീയമായ സൂയിസൈഡ് പോഡുകൾ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 46 വർഷമായി വിവാഹിതരായ പീറ്ററും ക്രിസ്റ്റിൻ സ്കോട്ടുമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേരുന്ന ആദ്യ ബ്രിട്ടീഷ് ദമ്പതികൾ. ആഴ്ചകൾക്ക് മുൻപ് 80 വയസ്സുള്ള ക്രിസ്റ്റിന് ഡിമെൻഷ്യ രോഗം കണ്ടെത്തിയതിനെ തുടർന്നാണ് ദമ്പതികൾ ഈ ഒരു തീരുമാനത്തിലേക്ക് നടന്നടുത്തത്. സാർക്കോ എന്നറിയപ്പെടുന്ന ഈ സൂയിസൈഡ് പോഡ് സ്വിറ്റ്സർലൻഡിൽ മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്.

മെഡിക്കൽ മേൽനോട്ടം ഇല്ലാതെ ഒരാളെ മരിക്കാൻ അനുവദിക്കുന്നതാണ് ഇത്തരം സൂയിസൈഡ് പോഡുകൾ. ഏകദേശം 10 മിനിറ്റിനുള്ളിൽ തന്നെ ഇതിനുള്ളിൽ കയറുന്ന ആൾ മരണത്തിന് വിധേയപ്പെടും. വായുവിന് നൈട്രജന്റെ അളവ് കൂട്ടിയാണ് ഇതിനുള്ളിൽ മരണം സംഭവിക്കുന്നത്. മാതാപിതാക്കളുടെ തീരുമാനത്തെ മക്കൾ മടിയോടെയാണെങ്കിലും അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തങ്ങളുടെ സുദീർഘവും സന്തുഷ്ടവുമായ ദാമ്പത്യത്തിന് അന്ത്യം കുറിച്ച്, ആറ് പേരക്കുട്ടികളുള്ള പീറ്ററും ക്രിസ്റ്റീനും അസിസ്റ്റഡ് ഡൈയിംഗ് വാഗ്ദാനം ചെയ്യുന്ന സ്വിസ് ആസ്ഥാനമായുള്ള ദി ലാസ്റ്റ് റിസോർട്ടിൽ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയയിലാണ്.


യുകെയിൽ ഇതുവരെയും ഇത്തരത്തിലുള്ള ദയാവധം പോലെയുള്ള മരണങ്ങൾ നിയമവിരുദ്ധമാണ്. ഇത് പൂർണ്ണമായും തങ്ങൾ ഇരുവരും ചേർന്നെടുത്ത തീരുമാനമാണെന്ന് ദമ്പതികൾ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടർ ഡെത്ത് എന്ന് വിളിപ്പേരുള്ള ഓസ്‌ട്രേലിയൻ വംശജനായ ഫിലിപ്പ് നിറ്റ്‌ഷ്‌കെയാണ് ഈ ഉപകരണം ആദ്യമായി കണ്ടെത്തിയത്. നമുക്ക് വേണ്ടത് തിരഞ്ഞെടുക്കാനുള്ള അവകാശമാണെന്നും അത് യുകെയിൽ ലഭിക്കാത്തത് നിരാശാജനകമാണെന്നും ദമ്പതികൾ പറഞ്ഞു. വാർദ്ധക്യത്തിലെ അസുഖങ്ങൾക്ക് എൻ എച്ച് എസിലൂടെ ചികിത്സ ലഭിക്കാനുള്ള സാധ്യത വിദൂരം ആണെന്നും അതിനാൽ തന്നെ ജീവിതം ദുഃഖവും ദുരിത പൂർണവുമായി തീരുമെന്നും ഇരുവരും വ്യക്തമാക്കി.