കത്തിയമർന്ന് ആമസോൺ മഴക്കാടുകൾ : ജി 7 ഉച്ചകോടിയിലും ചർച്ചാ വിഷയം, ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പുനൽകി നേതാക്കൾ.ബ്രിട്ടൻെറ അകമഴിഞ്ഞ പിന്തുണയുമായി ബോറിസ് ജോൺസൻ .

കത്തിയമർന്ന് ആമസോൺ മഴക്കാടുകൾ : ജി 7 ഉച്ചകോടിയിലും ചർച്ചാ വിഷയം, ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പുനൽകി നേതാക്കൾ.ബ്രിട്ടൻെറ അകമഴിഞ്ഞ പിന്തുണയുമായി  ബോറിസ് ജോൺസൻ .
August 27 04:06 2019 Print This Article

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകള്‍ കത്തിച്ചാമ്പലാവുകയാണ്. ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധത്തിലാണ് ആമസോൺ മഴക്കാടുകളിൽ കാട്ടുതീ ആളിപ്പടരുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ബാധിച്ചതിനേക്കാൾ 80 ശതമാനം അധികം ഇടങ്ങളിലേക്ക് ഇത്തവണ തീ വ്യാപിച്ചു. മാത്രമല്ല ആമസോൺ മേഖലയിലെ പകുതിയിലധികം പ്രദേശവും ഇപ്പോൾ പലതരം പാരിസ്ഥിതിക ഭീഷണികളിലുമാണ്. ഈ വർഷം ഇതുവരെ ഏകദേശം 79,000 കാട്ടുതീകളാണു ബ്രസീലിൽ രേഖപ്പെടുത്തിയത്– ഇതേ കാലയളവിൽ കഴിഞ്ഞ വർഷമുണ്ടായിരുന്നതിനേക്കാള്‍ 85% വർധന. അതിൽ പകുതിയിലേറെയും ആമസോൺ കാടുകളിൽ. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രമുണ്ടായത് 9500 ലേറെ കാട്ടുതീയാണ്.ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിലുണ്ടായ തീ ആഗോളതലത്തിൽ ചർച്ചയായി മാറിയിരുന്നു. ഫ്രാൻസിലെ ബിയാരിറ്റസ്സിൽ നടക്കുന്ന ജി–7 ഉച്ചകോടിയിലും ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു.

കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ നേതാക്കൾ, മഴക്കാടുകളിലെ തീപിടുത്തത്തെ നേരിടുന്നതിനുള്ള എല്ലാ വിധ സാമ്പത്തിക പിന്തുണയും നൽകാൻ സമ്മതിച്ചു. ഇതിനായി ജി 7 രാജ്യങ്ങൾ 18 മില്യൺ പൗണ്ട് നൽകുമെന്ന് ഫ്രാൻസ് പ്രസിഡന്റ്‌ ഇമ്മാനുവേൽ മാക്രോൺ പറഞ്ഞു. പണം ഉടൻ തന്നെ അഗ്നിശമന വിമാനങ്ങൾക്ക് വേണ്ടി ചെലവിടുന്നതാണെന്നും ആ പ്രദേശത്തെ സൈന്യത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും മാക്രോൺ അറിയിച്ചു.തീപിടുത്തത്തെ ഒരു അന്താരഷ്ട്ര പ്രതിസന്ധി എന്ന് വിശേഷിപ്പിച്ച മാക്രോൺ, തന്റെ രാജ്യം ആതിഥേയത്വം വഹിക്കുന്ന ജി 7 ഉച്ചകോടിയിൽ അതിന് മുൻഗണന നൽകുകയും ചെയ്തു. തീപിടുത്തത്തിന്റെ കാഠിന്യവും ബ്രസീൽ സർക്കാരിന്റെ പ്രതികരണവും ആഗോള പ്രതിഷേധത്തിന് കാരണമായി മാറുകയുണ്ടായി.ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആവശ്യമായ നടപടി സ്വീകരിച്ചില്ല എന്ന വിമർശനവും ഉയർന്നു. ഓഗസ്റ്റ് 23നാണ് തീപിടുത്തത്തെ നേരിടാൻ അദ്ദേഹം സൈന്യത്തെ അധികാരപ്പെടുത്തിയത്. ഏഴ് സംസ്ഥാനങ്ങളിൽ സൈനിക സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. യുദ്ധവിമാനങ്ങൾ വഴി വെള്ളം ഒഴിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് ദശലക്ഷം ഇനം സസ്യങ്ങളും മൃഗങ്ങളും ഒരു ദശലക്ഷം തദ്ദേശവാസികളും ഉൾപ്പെടുന്ന ആമസോൺ മഴക്കാടുകൾ സംരക്ഷിക്കണം എന്ന ആവശ്യവുമായി ആയിരകണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര പൊതുസമ്മേളനത്തിൽ ആമസോണിനെ തിരികെകൊണ്ടുവരാനുള്ള പദ്ധതികളെക്കുറിച്ച് ജി 7 നേതാക്കൾ ചർച്ച ചെയ്യാനിരിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles