കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഇവരെ പിൻതുടർന്ന വാഹനത്തിലുള്ളവരെ വീണ്ടും ചോദ്യംചെയ്യും. അപകടത്തിൽ പെട്ടവർ ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ നിന്ന് ഇറങ്ങിയത് മുതൽ ഇവരെ ഒരു ആഡംബരക്കാറിലുള്ളവർ പിൻതുടർന്നിരുന്നു. ഇവർ തമ്മിൽ മത്സരയോട്ടം നടത്തിയോ എന്നും സംശയമുണ്ട്. എന്നാൽ വേഗം കുറയ്ക്കാൻ പറയാനാണ് പിന്തുടർന്നത് എന്നാണ് കാറിലുണ്ടായിരുന്നവരുടെ മൊഴി. പക്ഷേ അപകടത്തിന് ശേഷം ഈ കാറിലുണ്ടായിരുന്നവർ ഇടപ്പള്ളിയിൽ നിന്ന് തിരിച്ചെത്തി അപകട സ്ഥലം സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാകും വീണ്ടും ചോദ്യം ചെയ്യുന്നത്.
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് മുന്‍ എസ്പി ജോര്‍ജ്ജ് ജോസഫ്. ഒരു ഓഡി കാര്‍ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാര്‍ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഓഡി കാര്‍ എന്തിനാണ് ഇവരെ പിന്തുടര്‍ന്നതെന്ന് പോലീസ് അന്വേഷിക്കണം.
മൂന്ന് പേരുടെ ജീവന്‍ നഷ്ടമായ കേസാണിത്. ഡ്രൈവര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ബാലഭാസ്‌കര്‍ കേസിലും ഇതേപോലെയാണ് സംഭവിച്ചത്. കൊല്ലം മുതല്‍ ബാലഭാസ്‌കറുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നിരുന്നു. പക്ഷേ പോലീസിന്റെയോ ക്രൈംബ്രാഞ്ചിന്റെയോ അന്വേഷണത്തില്‍ ഇത് കണ്ടെത്തിയില്ല. സിബിഐ വന്നിട്ടും പിന്തുടര്‍ന്ന കാറിനെ കുറിച്ച് അന്വേഷണം നടന്നില്ല.
മിസ് കേരള അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടത് അപകട മരണം ആണെന്ന കാര്യത്തില്‍ പൊലീസിന് സംശയമില്ല. പക്ഷെ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് പോലീസ് അന്വേഷിക്കേണ്ടത്. ഓഡി കാര്‍ പിറകെ പായുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഓഡി കാര്‍ ഇവര്‍ക്ക് പിന്നാലെ വന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരു ഓഡി കാര്‍ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് കാറോടിച്ച അബ്ദുല്‍ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് റഹ്മാന്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന് റഹ്മാന്‍ മൊഴിനല്‍കിയത്. അപകട ശേഷം നിമിഷങ്ങള്‍ക്ക് ഓഡി കാര്‍ തിരികെ അപകടസ്ഥലത്തെത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഓഡി കാറിലുണ്ടായിരുന്ന റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശമം. ചികിത്സയില്‍ കഴിയുന്നതിനാല്‍ പൊലീസിന് ഇതുവരെ റഹ്മാനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നിശാ പാര്‍ട്ടി നടന്ന ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ റോയ് ഉള്‍പ്പെടെ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പാര്‍ട്ടി നടന്ന രാത്രിയിലെ ഹോട്ടലിലെ ചില സിസിടിവി ദൃശ്യങ്ങള്‍ കാണാതായതിലും പൊലീസിന് ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഒക്ടോബര്‍ 31-ന് രാത്രി നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍, അന്‍ജന ഷാജന്‍, ആഷിഖ്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മുന്‍ മിസ് കേരള വിജയികളായ അന്‍സി കബീറും അന്‍ജന ഷാജനും തല്‍ക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖും പിന്നീട് മരിച്ചു. കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു. രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി നടന്ന ഹോട്ടല്‍ എക്സൈസ് അധികൃതര്‍ പൂട്ടിക്കുകയും ചെയ്തിരുന്നു.
Leave a Reply