ജോജി തോമസ്

വെയ്ക്ക് ഫീൽഡ്.  വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് രൂപീകൃതമായി. ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും. അൻപതോളം അംഗങ്ങൾ പങ്കെടുത്ത വെയ്ക്ക് ഫീൽഡ് ബാലയസ് ക്ലബ്ബിൽ വച്ച് നടത്തപ്പെട്ട പ്രഥമയോഗത്തിൽ ജിമ്മി ദേവസ്യകുട്ടിയെ പ്രസിഡന്റായും , അജിത് കുമാർ സുകുമാരനെ സെക്രട്ടറിയായും , രാഘവേന്ദ്രൻ നായരെ ട്രഷററായും, സജേഷ് സോമനെ പി.ആർ.ഒ ആയും തിരഞ്ഞെടുത്തു. ലെനിൻ തോമസ്, റോഷൻ കിടങ്ങൻ , വിജോയി വിൻസന്റ് , ജെറിൻ കെ ജെയിംസ് , സാന്റോ പൊടിയത്ത്, സ്മിജിത്ത് പൊൻന്തൻ എന്നിവരാണ് വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ കോഓർഡിനേറ്റേഴ്സ് . ബിജു ചാക്കോ , അബിലാഷ് നന്തിക്കാട്ട്, ജോസ് പരപ്പനാട്ട്, സിബി മാത്യു, ജോജി തോമസ് തുടങ്ങിയവർ അഡ്വൈസറി കമ്മിറ്റിയിൽ പ്രവർത്തിക്കും.

റ്റോണി പാറടി, ലെനിൻ തോമസ്, റോഷൻ കിടങ്ങൻ സജേഷ് സോമൻ എന്നിവരുടെ നേതൃത്വത്തിൽ മലയാളികളുടെ മാനസികോല്ലാസത്തിനായി വെയ്ക്ക് ഫീൽഡ് ക്വീൻ എലിസബത്ത് ഗ്രാമർ സ്കൂൾ ഗ്രൗണ്ടിൽ ചെറുതായി ആരംഭിച്ച ഫുട്ബോൾ കളിയാണ് ഇപ്പോൾ വിശാലമായ ലക്ഷ്യങ്ങളുള്ള ക്ലബ്ബായി രൂപീകൃതമായത്. മത്സര സജ്ജമായ ഒരു ടീം ഇതിനോടകം തന്നെ വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന് ഉണ്ട്. രൂപീകൃതമായിട്ട് അധികകാലം പിന്നിട്ടില്ലെങ്കിൽ കൂടി അടുത്തകാലത്ത് യോർക്ക് ഷെയറിലെ കീത്തിലിയിൽ വച്ച് നടന്ന മത്സരത്തിൽ വളരെ മികച്ച പ്രകടനമാണ് വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ എ ടീമും ബി ടീമും പുറത്തെടുത്തത്. കേരള പോലീസിനു വേണ്ടി ബൂട്ട് അണിഞ്ഞിട്ടുള്ള റോഷൻ കിടങ്ങനേ പോലുള്ളവർ ടീമിലുള്ളത് വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന് കരുത്ത് പകരുന്നു.

പ്രഥമയോഗത്തിന് എത്തിയവർക്ക് ടോണി പാറടി സ്വാഗതം പറയുകയും, ജിമ്മി ദേവസ്യകുട്ടി നന്ദി പറയുകയും ചെയ്തു. വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് ഒരു സംഘടനാ രൂപം കൈവരിച്ചതിൽ ജിമ്മി ദേവസ്യകുട്ടിയുടെ സംഘാടക മികവിനെ ടോണി പാറടി തന്റെ സ്വാഗത പ്രസംഗത്തിൽ അഭിനന്ദിച്ചു. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബ്ബുകളെ ഉൾപ്പെടുത്തി ഫുട്ബോൾ ടൂർണ്ണമെൻറ് നടത്താനുള്ള ഒരുക്കത്തിലാണ് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് .