2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ വിജയിച്ചത് ഒത്തുകളിയിലൂടെയാണെന്ന ശ്രീലങ്കൻ മുൻ കായിക മന്ത്രി മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേയുടെ വാദങ്ങളെ ചോദ്യം ചെയ്ത് ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരങ്ങളായ മഹേലാ ജയവർധനെയും കുമാർ സംഘക്കാരയും. ഇന്ത്യയും ശ്രീലങ്കയുമായിരുന്നു 2011 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത്. എന്നാൽ ശ്രീലങ്ക ഇന്ത്യയ്ക്കു മുൻപിൽ മനഃപൂർവം അടിയറവു പറയുകയായിരുന്നു എന്നാണ് മഹിന്ദാനന്ദ അലുത്ഗാമേഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്. 2011 ൽ ലോകകപ്പ് നടക്കുമ്പോൾ അലുത്ഗാമേയായിരുന്നു ശ്രീലങ്കയുടെ കായികമന്ത്രി.
ഒത്തുകളി ആരോപണത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ പുരോഗതി രണ്ടാഴ്ച കൂടുമ്പോൾ ധരിപ്പിക്കണമെന്ന് ശ്രീലങ്കൻ കായിക മന്ത്രി ഡള്ളാസ് അലഹപ്പെരുമ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ലോകകപ്പിൽ ഒത്തുകളി നടന്നതായി ആരോപിച്ച മുൻ കായിക മന്ത്രിയോട് അതിനുള്ള തെളിവുകൾ ഹാജരാക്കണമെന്ന് ജയവർധനെയും സംഘക്കാരയും ആവശ്യപ്പെട്ടു. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകനായിരുന്നു സംഘക്കാര. ഫൈനലിൽ ഇന്ത്യക്കെതിരേ 103 റൺസ് നേടിയിരുന്നു ജയവർധനെ.
തെളിവ് ഹാജരാക്കണമെന്ന് ജയവർധനെയും സംഘക്കാരെയും ആവശ്യപ്പെട്ട ശേഷം ഇരുവരെയും കുറിച്ച് അവർ ഈ വിഷയത്തെ വലിയ കാര്യമായി കാണാൺ ശ്രമിക്കുകയാണെന്നാണ് മുൻ കായിക മന്ത്രി മറുപടി പറഞ്ഞത്. ” മഹേല പറഞ്ഞത് സർക്കസ് ആരംഭിച്ചെന്നാണ്. എന്തുകൊണ്ടാണ് സംഗയും മഹേലയും ഇതിനെ വലിയ കാര്യമായി കാണുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. അർജുന രണതുംഗെ പോലും നേരത്തെ ഒത്തുകളി പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഒപ്പം, ഞാൻ നമ്മുടെ കളിക്കാരെയൊന്നും പരാമർശിച്ചിരുന്നില്ല, ” അലുത്ഗാമേ ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞു.
എന്നാൽ ഈ വിഷയത്തിൽ ജയവർധനേ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി. “ഞങ്ങൾ 2011 ലോകകപ്പ് കിരീടം വിറ്റും എന്ന് ആരെങ്കിലും ആരോപിക്കുമ്പോൾ സ്വാഭാവികമായും ഇത് ഒരു വലിയ കാര്യമാണ്, കാരണം ഒരാൾക്ക് എങ്ങനെ ഒരു മത്സരം ഒത്തുകളിച്ച് പ്ലേയിങ്ങ് 11ന്റെ ഭാഗമാകാതിരിക്കാനാവും എന്ന് ഞങ്ങൾക്കറിയില്ല? 9 വർഷത്തിനുശേഷം ഞങ്ങൾക്ക് ഉത്ഭുദ്ധത നേടുമെന്ന് പ്രതീക്ഷിക്കാം. ”- ജയവർധനേ ട്വീറ്റ് ചെയ്തു
2011 ലോകകപ്പ് ഫൈനലിൽ മുമ്പ് 10 പന്തുകൾ ബാക്കി നിൽക്കേയാണ് ശ്രീലങ്ക ഇന്ത്യയോട് തോറ്റത്. പരിക്കേറ്റ മുത്തയ്യ മുരളീധരനും ഏഞ്ജലോ മാത്യൂസിനും പകരം സൂരജ് റൺദീവിനെയും ചാമിന്ദ വാസിനെയും കളത്തിലിറക്കുമെന്ന് ഫൈനലിനു മുൻപ് ലങ്കൻ ടീം അറിയിച്ചിരുന്നു. എന്നാൽ മത്സരത്തിൽ മുരളീധരൻ കളിക്കുകയും ഏഞ്ജലോ മാത്യൂസ് പുറത്തുനിൽക്കുകയും ചെയ്തു.
ഫൈനലിൽ ഒത്തുകളി നടന്നതായും ഇതിൽ ചില സംഘങ്ങൾ പങ്കാളികളായിരുന്നെന്നുമാണ് ആലുത്ഗാമെ പറയുന്നത്. “2011 ലെ ഫൈനൽ ഒത്തുകളിച്ചതാണ്. ഞാൻ അത് ഉത്തരവാദിത്തത്തോടെയാണ് പറഞ്ഞത്, അതിനായി ഒരു സംവാദത്തിന് ഞാൻ മുന്നോട്ട് വരാം. ഇതിൽ ഞാൻ ക്രിക്കറ്റ് കളിക്കാരെ ഉൾപ്പെടുത്തില്ല. എന്നിരുന്നാലും, ഒത്തുകളിയിൽ ചില ഗ്രൂപ്പുകൾ തീർച്ചയായും പങ്കാളികളായിരുന്നു. അവസാന മത്സരം കളിച്ച ടീം ഞങ്ങൾ തിരഞ്ഞെടുത്തു അന്തിമായി പ്രഖ്യാപിച്ച് അയച്ചതുമായ ടീമായിരുന്നില്ല,” എന്ന് ആലുത്ഗാമെ നേരത്തെ ഡെയ്ലി മിററിനോട് പറഞ്ഞിരുന്നു.
ലോകകപ്പ് ഫൈനൽ മത്സരത്തിൽ രണ്ടാമതും ടോസ് ഇടണമെന്ന് ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി ആവശ്യപ്പെട്ടിരുന്നതായി സംഗക്കാര നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ആദ്യം ടോസിട്ടപ്പോൾ തങ്ങൾക്ക് അനുകൂലമായിരുന്നു ഫലമെന്നും എന്നാൽ ധോണി രണ്ടാമതും ടോസിടാൻ ആവശ്യപ്പെടുകയായിരുന്നെന്നും സംഗക്കാര പറഞ്ഞു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ മത്സരം നടന്നത്. ആയിരക്കണക്കിനു കാണികളാണ് മത്സരം കാണാൻ തടിച്ചുകൂടിയത്. കളി കാണാൻ കൂടിയ ആളുകളുടെ ഓളിയും ബഹളവും കാരണം ടോസ് വിളിച്ചത് കൃത്യമായി കേട്ടില്ലെന്നും അതുകൊണ്ട് വീണ്ടും ടോസ് ഇടുമോ എന്ന് ധോണി ചോദിക്കുകയായിരുന്നു എന്നും സംഗക്കാര പറഞ്ഞിരുന്നു. രണ്ടാമത് ടോസ് വീണപ്പോഴും ശ്രീലങ്കയ്ക്ക് തന്നെ ലഭിച്ചെന്നും ഇന്ത്യയെ ഫീൽഡിങ്ങിനു വിടുകയായിരുന്നെന്നും സംഗക്കാര പറഞ്ഞു.
ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 274 റണ്സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പത്ത് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയും ചെയ്തു.
Leave a Reply