കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഉന്നതാധികാരസമിതി അംഗവും തിരുവല്ല മുൻ എംഎൽഎയുമായ ജോസഫ് എം പുതുശ്ശേരി പി ജെ ജോസഫ് പക്ഷത്തേക്ക്. കെഎം മാണിയുടെ പാർട്ടിയെ അദ്ദേഹത്തെ വഞ്ചിച്ച ഇടതുപക്ഷത്തിൻറെ ലാവണത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള കടുത്ത എതിർപ്പാണ് പുതുശ്ശേരിയുടെ മനംമാറ്റത്തിന് കാരണം

കെഎം മാണിയുടെ കാലത്ത് കേരള കോൺഗ്രസിന്റെ പ്രധാന ശക്തി കേന്ദ്രമായിരുന്നു പത്തനംതിട്ട ജില്ല. എന്നാൽ ജോസ് ജോസഫ് തർക്കത്തിൽ വ്യക്തമായ മേൽക്കൈ ആണ് പത്തനംതിട്ട ജില്ലയിൽ പി ജെ ജോസഫ് നേടിയത്. അവിഭക്ത കേരള കോൺഗ്രസിൽ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ആയ വിക്ടർ ടി തോമസ് നിലവിൽ ജോസഫ് പക്ഷത്താണ്. പുതുശ്ശേരി കൂടി ജോസഫ് പക്ഷത്തേക്ക് മാറുമ്പോൾ പത്തനംതിട്ട ജില്ലയിൽ ജോസ് കെ മാണിക്ക് ഇനി തലയെടുപ്പുള്ള നേതാക്കളുടെ പിന്തുണ ഇല്ല.കേരള കോൺഗ്രസ് അംഗങ്ങളും ഇപ്പോൾ പി ജെ ജോസഫിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരാണ്.

നിയമസഭയിൽ കല്ലൂപ്പാറ മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്നു തവണ എംഎൽഎ ആയിട്ടുള്ള നേതാവാണ് ജോസഫ് എം പുതുശ്ശേരി. ബാർ കോഴ വിഷയം വലിയ വിവാദമായപ്പോൾ കെ എം മാണിക്ക് ഏറ്റവും ശക്തമായ പ്രതിരോധം തീർത്ത നേതാവായിരുന്നു അദ്ദേഹം. ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ ആകുന്നതിനു ശക്തമായ പിന്തുണയാണ് പുതുശ്ശേരി നൽകിയത്. എന്നാൽ ഒരു ഹിഡൻ അജണ്ടയോടു കൂടി ഇടതുപക്ഷ ബന്ധം ലക്ഷ്യമാക്കിയ രാഷ്ട്രീയ നീക്കങ്ങളാണ് ജോസ് കെ മാണി നടത്തിയതെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നു. യുഡിഎഫ് വിടില്ല എന്ന് തീർച്ച പറഞ്ഞാണ് അദ്ദേഹം നേതാക്കളെ തെറ്റിദ്ധരിപ്പിച്ചത് എന്നും പുതുശ്ശേരിയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

എൽഡിഎഫ് ബന്ധത്തിൻറെ പേരിൽ ജോസ് വിഭാഗത്തെ തള്ളിപ്പറയുന്ന അവസാനത്തെ നേതാവില്ല പുതുശ്ശേരി എന്നാണ് കേരള കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. റോഷി അഗസ്റ്റിൻ എംഎൽഎ യും ആശയക്കുഴപ്പത്തിലാണ്. ഇടുക്കിയിൽ ഇടതുപക്ഷത്തിൽ നിന്നാൽ അദ്ദേഹത്തിൻറെ വിജയ സാധ്യത തീരെ കുറവാണ്. ഇടതുപക്ഷ പ്രതിനിധിയായി പത്തുകൊല്ലത്തോളം ഇടുക്കി പാർലമെൻറ് അംഗമായ ജനകീയത ഉള്ള നേതാവ് ഫ്രാൻസിസ് ജോർജ് കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാർത്ഥി ആയപ്പോൾ റോഷി അദ്ദേഹത്തെ പരാജയപ്പെടുത്തിയത് പതിനായിരത്തിലധികം വോട്ടുകൾക്കാണ്. ശക്തമായ ഇടതു തരംഗത്തിനിടയിലും യുഡിഎഫിന് അത്ര സുരക്ഷിത മണ്ഡലമാണ് ഇടുക്കി. അതുകൊണ്ടുതന്നെ താൻ ഇടതുപക്ഷ സ്ഥാനാർത്ഥി ആയാലും ഫ്രാൻസിസ് ജോർജിന് സംഭവിച്ചത് തനിക്ക് സംഭവിക്കുമെന്നാണ് റോഷിക്കുള്ള ആശങ്ക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കേണ്ടി വന്നാൽ പാലാ പൂഞ്ഞാർ സീറ്റുകളിലാണ് റോഷി നോട്ടമിടുന്നത്. എന്നാൽ കോട്ടയം ജില്ലയിലേക്ക് അദ്ദേഹത്തെ മടക്കി കൊണ്ടുവരുന്നതിന് ജോസ് കെ മാണിക്ക് തീരെ താല്പര്യമില്ല. കെഎംമാണി ഉള്ള കാലത്ത് പോലും റോഷി അഗസ്റ്റിന് സ്വന്തം സ്ഥലമായ കോട്ടയം ജില്ലയിൽ, പ്രത്യേകിച്ച് പാലായിൽ പൊതു പരിപാടികളിൽ/ പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ നിന്ന് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. റോഷി തനിക്ക് വലിയ ഭീഷണി ആകുമെന്ന് ജോസ് കെ മാണിക്ക് ഉണ്ടായിരുന്നു ഭീതിയാണ് ഇതിന് പിന്നിൽ ഉള്ളത് എന്ന് അന്നേ കേരളകോൺഗ്രസിൽ പാട്ടായിരുന്നു. എന്നാൽ ജോസഫുമായി ആശയ ഭിന്നത ഉണ്ടായപ്പോൾ ജോസ് പക്ഷത്ത് റോഷി ഉറച്ചു നിന്നത് പാർട്ടിയിൽ രണ്ടാമൻ ആകുകയും, ജോസ് കെ മാണി എം പി ആയതിനാൽ തനിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രമുഖസ്ഥാനം ലഭിക്കുമെന്നും റോഷി അഗസ്റ്റിൻ കണക്കുകൂട്ടിയിരുന്നു. മുന്നണി പ്രവേശനം നേരത്തെ നടന്നിരുന്നെങ്കിൽ അദ്ദേഹം മന്ത്രിയാകുമെന്ന് പോലും കണക്കുകൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ തനിക്ക് അനുകൂലമല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഭയാശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കേരളകോൺഗ്രസ് പ്രമുഖൻ പ്രതികരിച്ചു.

ജോസ് കെ മാണി – പി ജെ ജോസഫ് പോരാട്ടത്തിൽ ഉള്ള ഒരു വലിയ പ്രത്യേകത കെഎം മാണിയുടെ വിശ്വസ്തനായിരുന്നവരാണ് ഇന്ന് ജോസഫിനെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം നേതാക്കളും എന്നതാണ്. മാണി-ജോസഫ് ലയനം നടക്കുമ്പോൾ കെഎം മാണിയുടെ ശക്തരായ വക്താക്കളാണ് ഇന്ന് അദ്ദേഹത്തിൻറെ മകനെ കൈവിട്ട ജോസഫിനൊപ്പം നിൽക്കുന്നത്. ഇത് കൃത്യമായും യുഡിഎഫ് നോടുള്ള അനുഭാവം കൊണ്ടുതന്നെയാണ്.

സി എഫ് തോമസ്, തോമസ് ഉണ്ണിയാടൻ, ജോയി എബ്രഹാം,പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ, വിക്ടർ ടി തോമസ്എന്നീ നേതാക്കൾ കെ എം മാണിയുടെ ഏറ്റവും വിശ്വസ്തരും അന്ധമായ ആരാധകരും ആയിരുന്നു. എന്നാൽ ഇവരെ കൂടെ നിർത്താൻ കഴിയാതെ പോകുന്നത് ജോസ് കെ മാണിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. കേരള കോൺഗ്രസ് അണികൾക്കിടയിലും ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും

ഏതായാലും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് ഒഴുക്കു തുടരുമെന്ന് തന്നെയാണ്. യുഡിഎഫ് മനോഭാവമുള്ള നേതാക്കളും അണികളും ആണ് കേരള കോൺഗ്രസിൽ ഭൂരിപക്ഷവും. ഇടതുപക്ഷവുമായി ഒരു ബന്ധം അവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇതുകൊണ്ടാണ്. കത്തോലിക്കാ സഭയുടെ പിന്തുണയും നിലവിൽ യുഡിഎഫ് പക്ഷത്തുള്ള പി ജെ ജോസഫിന് തന്നെയാണ്. സഭയുടെ അന്ധമായ പിന്തുണയാണ് പാലാ ഉൾപ്പെടെ കോട്ടയം ജില്ലയിൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിലും, നിയമസഭാ തിരഞ്ഞെടുപ്പുകളിലും കേരള കോൺഗ്രസിന് പലപ്പോഴും പിടിച്ചുനിർത്തിയത്. ഇടതുപക്ഷ ബന്ധത്തിൻറെ പേരിൽ ഇതാണ് ജോസ് കെ മാണിക്ക് നഷ്ടമാവുക.