ഒരു മതവിഭാഗത്തെ മറ്റൊരു വിഭാഗത്തിന് എതിരാക്കിയും ചില ഇന്ത്യക്കാരെ രണ്ടാംകിട പൗരന്മാരാക്കിയും ഇന്ത്യക്ക് അതിന്റെ വികസന വെല്ലുവിളികളെ മറികടക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പൗരത്വ ഭേദഗതി നിയമ (സിഎഎ) ത്തിന്റെയും അനുബന്ധ നിയമങ്ങളുടേയും ബാക്കിപത്രം ഇതാണെന്ന് താന്‍ ഭയപ്പെടുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ മൂണ്‍ വ്യക്തമാക്കുന്നു. ഒരു മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പൗരത്വം നിഷേധിക്കുകയും മറ്റുള്ളവര്‍ക്ക് അത് യാതൊരു ബുദ്ധിമുട്ടുംകൂടാതെ ലഭിക്കുകയും ചെയ്യുന്ന സ്ഥിതി മാനവരാശിയുടെ സമീപകാല ചരിത്രത്തിലെ ചില കറുത്ത അധ്യായങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് എന്നും അദ്ദേഹം പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് 21-ാം നൂറ്റാണ്ടിലെ വന്‍ശക്തികളിലൊന്നായി മാറാനുള്ള ശേഷിയുണ്ട്. ജനാധിപത്യത്തിലൂടെയും അഹിംസയിലൂടെയും ഇന്ത്യ വളരെയധികം കാര്യങ്ങള്‍ ലോകത്തെ പഠിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അതിനെയൊക്കെ തകിടം മറിക്കുന്നതും നിരാശയുളവാക്കുന്നതുമായ കാര്യമാണ് ഡല്‍ഹിയില്‍ അടുത്തിടെ നടന്ന കലാപമെന്ന് മൂണ്‍ പറയുന്നു. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും കൂടുതലായും മുസ്ലീങ്ങള്‍ക്കു നേരെയുണ്ടായ അക്രമം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ പൗരത്വവുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്ന പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

“ഈ കൊണ്ടുവരുന്ന നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ 14-ാം അനുച്‌ഛേദവുമായി ചേര്‍ന്നു നില്‍ക്കേണ്ടതുണ്ട്. അത് വ്യക്തമാക്കുന്നത് എല്ലാ പൗരന്മാരും നിയമത്തിനു മുന്നില്‍ തുല്യരാണ് എന്നാണ്. അതുകൊണ്ടു തന്നെ ഇപ്പോഴുണ്ടായിട്ടുള്ള കാര്യങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയും അതോടൊപ്പം, ആഗോള രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനവും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഒരു സ്വതന്ത്ര രാജ്യമായി ഇന്ത്യ പിറന്നുവീഴുമ്പോഴുണ്ടായ അക്രമങ്ങള്‍ക്ക് കാരണം സാമ്രാജ്യത്വമായിരുന്നു എങ്കില്‍ ഇന്ന് ഇന്ത്യ എങ്ങോട്ടാണ് ചലിക്കുന്നത് എന്നതിന്റെ ഏക ഉത്തരവാദി ഇന്ത്യക്കാര്‍ മാത്രമാണ്” എന്നും മൂണ്‍ പറയുന്നു.

ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയില്‍ നിന്ന് ലോകത്തിലെ കോടിക്കണക്കിന് മനുഷ്യര്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. അവരില്‍ ഒരാളാണ് നെല്‍സല്‍ മണ്ടേല. 2008-ലെ ഗാന്ധി പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് ഉയര്‍ന്നു വരുന്ന ശക്തികളായ ഇന്ത്യക്കും ദഷിണാഫ്രിക്കയ്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അതുവഴി ലോകക്രമത്തില്‍ ജനാധിപത്യവും തുല്യതയും കൊണ്ടുവരാന്‍ കഴിയുമെന്നുമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ എത്ര ശരിയാണെന്ന് ഇന്ന് തെളിയുന്നു. ഗാന്ധിയുടെ ഈ ആശയങ്ങള്‍ ഇന്ന് വര്‍ഗീയ അക്രമങ്ങളാലും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ നടപടികളാലും ഭീഷണി നേരിടുന്നതില്‍ താന്‍ ആശങ്കാകുലനാണ് എന്നും ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“ഗോവധവും ബീഫ് കഴിക്കുന്നതും വ്യക്തികള്‍ തമ്മില്‍ ഇടപെടുന്ന സാമുദായിക ബന്ധങ്ങളുടേയുമൊക്കെ പേരില്‍ ഉണ്ടാകുന്ന അഭ്യൂഹങ്ങളുടെ പുറത്ത് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് നേര്‍ക്കുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ച് ഞാനുള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിരീക്ഷകര്‍ പലതവണ ആശങ്കയയുര്‍ത്തിയിട്ടുള്ളതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ സംഘടിത അക്രമി സംഘങ്ങളുടെ അക്രമത്തിനും സാമുദായിക ബന്ധങ്ങള്‍ തകരാറിലാകുന്നതിനും രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുന്നതിനും കാരണമായിത്തീരും. ഇന്ത്യ ഈ വിധത്തില്‍ ദേശീയതയുടേയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങളുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ തലമുറകള്‍ നീളുന്ന വിധത്തില്‍ രാജ്യത്തിന്റെ വികസനത്തെ ബാധിക്കുന്ന സാമൂഹിക, രാഷ്ട്രീയ ദുരന്തങ്ങള്‍ക്ക് ഇടയാക്കും”- മൂണ്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുന്നോടിയായി അസമില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞപ്പോള്‍ രാജ്യവ്യാപകമായി ആശങ്കകള്‍ ഉയര്‍ന്നപ്പോഴെങ്കിലും ഈ നടപടികള്‍ നിര്‍ത്തിവച്ച് സ്വന്തം പൗരന്മാരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടതായിരുന്നു എന്ന് അദ്ദേഹം പറയുന്നു. “പൗരത്വവുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്ന ഈ നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ മുസ്ലീങ്ങളെയും ഹിന്ദുക്കളെയും ഇന്ത്യയിലെ മറ്റ് മതവിഭാഗങ്ങളിലുള്ളവരെയും ഒരുമിപ്പിക്കുകയാണ് ചെയ്തത്. തങ്ങളുടെ മതേതര ജനാധിപത്യത്തിന് ഉണ്ടാകുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്കയാണ് അവരെ അതിന് പ്രേരിപ്പിച്ചത്. പൗര സമൂഹത്തില്‍ നിന്നടക്കം ഉണ്ടായിട്ടുള്ള ഈ ഒത്തൊരുമ ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്ക് സഹായം എത്തിക്കുന്നതിലും പ്രതിഫലിച്ചു എന്നു കാണാം”, അദ്ദേഹം പറയുന്നു.

താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്കുകള്‍ സന്ദര്‍ശിച്ചിരുന്നു എന്നു വ്യക്തമാക്കുന്ന മൂണ്‍, മതത്തിന്റെയോ ജാതിയുടേയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ സൗജന്യവും സാര്‍വത്രികവുമായി നല്‍കുന്ന ആരോഗ്യമാതൃകയാണ് ഇതെന്ന് പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

“സ്വതന്ത്രവും ഒത്തൊരുമയുള്ളതുമായ ഒരു ഇന്ത്യക്ക് മാത്രമേ സമാധാനവും നീതിയും ഉന്നതിയും എത്തിപ്പിടിക്കാന്‍ കഴിയൂ. ഇന്ത്യയുടെ സ്ഥാപക നേതാക്കള്‍ക്ക് അക്കാര്യത്തിന്റെ പ്രാധാന്യം വളരെ നന്നായി അറിയാമായിരുന്നു. അവര്‍ മുന്നോട്ടു വച്ച ആശയങ്ങളാണ് ഇന്ത്യയുടെ ഭാവി”യെന്നും മൂണ്‍ പറയുന്നു.