ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് ബോക്സിംഗ് ഇതിഹാസമായ റിക്കി ഹാറ്റൺ (46) -നെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ തന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ ഹൈഡിലെ ജി ക്രോസ് പ്രദേശത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റോക്ക്‌പോർട്ടിൽ ജനിച്ച അദ്ദേഹം ദ ഹിറ്റ്‌മാൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രാവിലെ 6.45ഓടെ സമീപവാസിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. അന്വേഷണം ആരംഭിച്ചെങ്കിലും സംശയകരമായ സാഹചര്യം ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മരണകാരണം അറിവായിട്ടില്ല . പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ലോക ബോക്സിംഗ് രംഗത്ത് അപൂർവ്വ കരുത്തോടെ പേര് നേടിയ ഹാറ്റൺ തന്റെ ആക്രമണ ശൈലിയെ തുടർന്നാണ് “ദ ഹിറ്റ്‌മാൻ” എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. നിരവധി ലോക കിരീടങ്ങളും യുകെ കിരീടങ്ങളും നേടിയ അദ്ദേഹം 2015-ൽ റിംഗ് മാസികയുടെ ഫൈറ്റർ ഓഫ് ദ ഇയർ പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ റിങ്ങിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ഡിസംബറിൽ നടക്കുന്ന മത്സരത്തിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്.
ഹാറ്റൺ തന്റെ ജീവിതത്തിലെ ഇരുണ്ട കാലങ്ങളെയും വെല്ലുവിളികളെയും തുറന്ന് സമ്മതിച്ചിട്ടുള്ള ഒരാളായിരുന്നു. ഡിപ്രഷൻ, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാശ്രമങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും പിന്നീട് സഹായം തേടി കുടുംബബന്ധങ്ങൾ പുതുക്കിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ അകാലമരണം ലോക ബോക്സിംഗ് ലോകത്ത് വലിയൊരു ശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്. റിങ്ങിനകത്തും പുറത്തും അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നാണ് മരണത്തെ തുടർന്ന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പലരും അഭിപ്രായപ്പെട്ടത് .
Leave a Reply