ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യയും ഉക്രെയിനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ യുകെയിലെ ഒരു ഹൈക്കോടതി ജഡ്ജിയുടെ വിധി എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് അധികൃതർ. നിലവിൽ ഇംഗ്ലണ്ടിൽ അച്ഛനൊപ്പം താമസിക്കുന്ന ഏഴുവയസ്സുകാരനെ റഷ്യയിൽ താമസിക്കുന്ന അവൻറെ അമ്മയുടെ അടുത്ത് എത്തിക്കണമെന്നാണ് വിധി . റോയൽ കോർട്ട് ഓഫ് ജസ്റ്റിസിൻെറ ഹൈക്കോടതിയിലാണ് കേസ് പരിഗണിച്ചത്.

2015 -ൽ കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കൾ റഷ്യയിലായിരുന്നു . ഒരു വർഷത്തിനു ശേഷം ദമ്പതികൾ വേർ പിരിഞ്ഞപ്പോൾ പിതാവ് ഇംഗ്ലണ്ടിലേയ്ക്ക് വന്നു . കഴിഞ്ഞ വേനലവധിക്കാലത്ത് ഉഭയ സമ്മതപ്രകാരം കുട്ടിയെ പിതാവ് ഇംഗ്ലണ്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ചെയ്തു. മൂന്നുവർഷത്തേയ്ക്ക് കുട്ടിയെ തൻറെ ഒപ്പം നിർത്താൻ അവൻറെ അമ്മ സമ്മതിച്ചതായാണ് പിതാവ് കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ രണ്ടുമാസത്തേയ്ക്ക് മാത്രമാണ് താൻ സമ്മതിച്ചതെന്ന് കുട്ടിയുടെ മാതാവ് കോടതിയെ അറിയിച്ചു . മാതാപിതാക്കൾ തമ്മിലുള്ള ഈ തർക്കത്തിൽ കുട്ടിയുടെ മാതാവിന് അനുകൂലമായാണ് ജസ്റ്റിസ് പീൽ വിധി പ്രഖ്യാപിച്ചത്. കുട്ടിയെ അവൻറെ റഷ്യയിലുള്ള അമ്മയുടെ അടുത്തെത്തിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.