ലോകത്തെ ഏറ്റവും ജനപ്രിയ കംപ്യൂട്ടര്‍ ഗെയിമായ ഫോര്‍ട്ട്‌നൈറ്റ് കളിക്കുന്ന കുട്ടികള്‍ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഈ ഗെയിമിലൂടെയുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ക്രിമിനലുകള്‍ ഇതിലൂടെ കുട്ടികളെ ചൂഷണം ചെയ്യുകയാണെന്ന് പോലീസിന്റെ സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്ന വിഭാഗമായ ആക്ഷന്‍ ഫ്രോഡ് പറയുന്നു. ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ഗെയിമായ ഫോര്‍ട്ട്‌നൈറ്റില്‍ ലോകമൊട്ടാകെ 125 മില്യന്‍ ആളുകളാണ് കളിക്കാരായുള്ളത്. ഇതിലെത്തുന്ന കുട്ടികളെ തങ്ങളുടെ മാതാപിതാക്കളുടെ ബാങ്ക് വിവരങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഇങ്ങനെ ഇരകളാക്കപ്പെടുന്നവര്‍ക്ക് ഓരോ തവണയും 110 പൗണ്ട് വീതം നഷ്ടമാകുന്നുണ്ടെന്നാണ് സിറ്റി ഓഫ് ലണ്ടന്‍ പോലീസിന്റെ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് സെന്റര്‍ പറയുന്നത്.

ഈ വീഡിയോ ഗെയിമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. 12 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും കളിക്കാമെന്ന് സാക്ഷ്യപ്പെടുത്തിയ ഗെയിമാണ് ഫോര്‍ട്ട്‌നൈറ്റ്. ഭൂമിയില്‍ വിഹരിക്കുന്ന വിചിത്രജീവികളെ പരാജയപ്പെടുത്തി ഭൂമി തിരിച്ചുപിടിക്കുകയാണ് കളിക്കാരുടെ ദൗത്യം. ഈ ഗെയിമില്‍ ആയുധങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിനായുള്ള ഓണ്‍ലൈന്‍ കറന്‍സി ലഭിക്കാന്‍ ഒരു തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രവേശിക്കണമെന്ന് കളിക്കാരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. സൗജന്യമായി ഓണ്‍ലൈന്‍ കറന്‍സി ലഭിക്കുമെന്ന വാഗ്ദാനത്തില്‍ പലരും വീഴുന്നു. വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ബാങ്ക് വിവരങ്ങള്‍ നല്‍കണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു.

ക്രിസ്മസിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റി ശ്രദ്ധിക്കണമെന്ന് പോലീസ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ക്രിസ്മസ് കാലത്ത് ഫോര്‍ട്ട്‌നൈറ്റില്‍ കൂടുതല്‍ പര്‍ച്ചേസുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധ അത്യാവശ്യമാണെന്ന് നാഷണല്‍ ഫ്രോഡ് ഇന്റലിജന്‍സ് ബ്യൂറോ ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ കരോള്‍ പറഞ്ഞു.