ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ഒഴിവു സമയങ്ങള്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നത് സ്‌ക്രീനുകള്‍ക്ക് മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. സാധാരണയായ പുറത്തുപോയി കൂട്ടുകാരുമായി കളിക്കുന്നതിന്റെ ഇരട്ടി സമയം ഇവര്‍ സ്‌ക്രീനുകള്‍ക്ക് മുന്നിലാണ് ചെലവഴിക്കുന്നതെന്ന് പഠനം പറയുന്നു. ഏഴ് വയസാകുമ്പോഴേക്കും സ്‌ക്രീന്‍ കാഴ്ച്ചകള്‍ക്ക് മുന്നില്‍ ഏതാണ്ട് 456 ദിസങ്ങള്‍ കുട്ടി ചെലവഴിച്ചിട്ടുണ്ടാകും. ശരാശരി ഒരു ദിവസം നാല് മണിക്കൂറാണ് ഒരു കുട്ടി സ്‌ക്രീനിന് മുന്നിലിരിക്കുന്നത്. ആദ്യകാലങ്ങളില്‍ കമ്പ്യൂട്ടറുകളും ടെലിവിഷനും മാത്രമായിരുന്നു വിനോദോപാധികള്‍. എന്നാല്‍ പിന്നീടത് മൊബൈല്‍ ഫോണുകളിലേക്കും ഐപാഡുകളിലേക്ക് മാറിയെന്നും പഠനം നിരീക്ഷിക്കുന്നു.

പഠനത്തിന് വിധേയരായ കുട്ടികളില്‍ പകുതിയും സ്‌ക്രീനിന് മുന്നില്‍ ചെലവഴിക്കുന്ന സമയങ്ങളില്‍ പൂര്‍ണമായും അതിലേക്കു മാത്രം ശ്രദ്ധ ചെലുത്തുന്നവരാണ്. സുഹൃത്തുക്കളെയും കുടുംബത്തിലുള്ളവരെയും വരെ പൂര്‍ണമായും ആ സമയങ്ങളില്‍ ഇവര്‍ മാറ്റി നിര്‍ത്തും. 7 വയസ് പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. ഏതാണ്ട് 1000ത്തോളം ബ്രിട്ടീഷ്-ഐറിഷ് മാതാപിതാക്കള്‍ ഈ പഠനത്തില്‍ പങ്കെടുത്തു. പത്തില്‍ ആറ് മാതാപിതാക്കളും അമിതമായി സ്‌ക്രീനുകള്‍ക്ക് മുന്നിലിരിക്കുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. ഈ ശീലം കുട്ടികളിലെ സര്‍ഗാത്മകത ഇല്ലാതാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നിന്ന് മാറി പുറത്തുപോയി കളിക്കുന്നതും ഇതര ക്രിയാത്മക പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതും ഒരു കുട്ടിയുടെ ജീവിതത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഗുഡ് ചൈല്‍ഡ് ഡെവല്പ്‌മെന്റ് അഡൈ്വസറി ബോര്‍ഡ് അംഗവും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധനുമായ സര്‍ കെന്‍ റോബിന്‍സണ്‍ പറയുന്നു. ഒരു കൗമാരക്കാരന്‍ കുട്ടിക്കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ ജീവിതത്തില്‍ വളരെ ക്രിയാത്മകമായി ഇടപെട്ട സമയം കുട്ടിക്കാലമാണെന്ന് വ്യക്തമാവും. കുട്ടികള്‍ കൂട്ടുകാരോടൊത്ത് കളിക്കുക, സ്വന്തമായി കളികളുണ്ടാക്കുക, ഓടിക്കളിക്കുക തുടങ്ങിയവ നിര്‍ബന്ധമായും ശീലിക്കേണ്ടതുണ്ടെന്നും റോബിന്‍സണ്‍ വ്യക്തമാക്കി.