ന്യൂസ് ഡെസ്ക് മലയാളം യുകെ
അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 41 പേർ ബോട്ട് മറിഞ്ഞ് കൊല്ലപ്പെട്ടു. സംഭവത്തിൽ 4 പേർ മാത്രമാണ് രക്ഷപ്പെട്ടത്. കുടിയേറ്റത്തിനായി ടുണീഷ്യയിലെ സ്ഫാക്സിൽ നിന്ന് ഇറ്റലിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് ദുരന്തം സംഭവിച്ചത്. രക്ഷപ്പെട്ട 4 പേരിൽ 13 വയസ്സുള്ള ഒരു ആൺകുട്ടിയും രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ആണ് ഉള്ളത്.
20 അടി നീളമുള്ള ബോട്ട് കഴിഞ്ഞ ആഗസ്റ്റ് 3-ാം തീയതി വ്യാഴാഴ്ചയാണ് സ്ഫാക്സിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ പുറപ്പെട്ട് മണിക്കൂറുകൾക്കകം വലിയ തിരമാലകളിൽ പെട്ട് ബോട്ട് മുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ . ബോട്ടിലുണ്ടായിരുന്ന 15 പേർ മാത്രമാണ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നത്. എന്നാൽ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന എല്ലാവരും രക്ഷപ്പെട്ടില്ല.
ലൈഫ് ജാക്കറ്റുകളുടെ സഹായത്തോടും തകർന്ന ബോട്ടിലെ ടബ്ബുകളിലും പൊങ്ങിക്കിടന്ന നാലു പേരെ മറ്റൊരു ബോട്ട് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു എന്ന് ഇറ്റാലിയൻ റെഡ് ക്രോസ് പറഞ്ഞു. രക്ഷപ്പെട്ട നാലുപേർക്കും ചെറിയ പരുക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇറ്റാലിയൻ തീര സംരക്ഷണ സേന ഞായറാഴ്ച പ്രദേശത്ത് രണ്ട് ബോട്ടുകളുടെ അവശിഷ്ടങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 41 പേരുടെ അപകടത്തിന് കാരണമായ ബോട്ട് അതിൽ പെട്ടതാണോ എന്ന് വ്യക്തമല്ല.വടക്കേ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റ ശ്രമങ്ങളിൽ ഈ വർഷം ഇതുവരെ 1800 -ലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
Leave a Reply