ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൊക്കെയിൻ പോലെയുള്ള നിയമവിരുദ്ധമായ മയക്കുമരുന്നുകൾ ഉപയോഗിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും, മരണമടയുകയും ചെയ്യുന്നത് സാധാരണ യുവാക്കളാണെന്ന ചിന്ത തിരുത്തി കുറിക്കപ്പെടുകയാണ്. ബ്രിട്ടനിൽ ഇപ്പോൾ 40 വയസ്സിന് മുകളിലുള്ളവരാണ് ഇത്തരത്തിൽ വിനോദത്തിനായി മയക്കുമരുന്ന് ഉപയോഗത്തിന്റെ പ്രധാന ഇരകളായി മാറുന്നതെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. 1960കളിലും 1970 കളിലും ജനിച്ച ആളുകൾ കഞ്ചാവ് മുതൽ ഹാലുസിനോജൻ വരെയുള്ള വിനോദ മയക്കുമരുന്നുകൾ റെക്കോർഡ് അളവിൽ ഉപയോഗിക്കുന്നതായി യുകെയിലെ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഭീഷണിയായി നിലനിൽക്കുന്നത് കൊക്കെയിനാണ്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഏറ്റവും പുതുതായി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021ൽ ഇംഗ്ലണ്ടിലും വെയിൽസിലും മയക്കുമരുന്ന് ഉപയോഗത്തിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 40 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം റെക്കോർഡ് കടന്നതായി സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ മയക്കുമരുന്ന് മരണങ്ങൾ ഒരു ദശാബ്ദം മുൻപുണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ 7 ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. 40കളിലുള്ളവർ കൊക്കെയിൻ ഉപയോഗിക്കുമ്പോൾ മരണസാധ്യത ഇരുപതുകളിലുള്ളവരേക്കാൾ പതിന്മടങ്ങാണ്.


ഇത്തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പ്രാഥമികമായും ഹൃദയത്തിനാണ് കേടുപാടുകൾ സംഭവിക്കുന്നത്. എന്നാൽ പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, മയക്കുമരുന്ന ഡിമെൻഷ്യ പോലെയുള്ള രോഗങ്ങളും ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണെന്നാണ്. കൊക്കെയ്ൻ ഉപയോഗിച്ചതിന് ശേഷമുള്ള 24 മണിക്കൂറിനുള്ളിൽ ഏത് പ്രായത്തിലുമുള്ള ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഏഴ് മടങ്ങ് കൂടുതലാണ്. ഇത്തരത്തിൽ മധ്യവയസ്കർ കൂടുതലായി മയക്കുമരുന്ന് ഉപയോഗം നടത്തുമ്പോൾ അത് എൻഎച്ച്എസിന്റെ മേലും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.