ടെക്‌സസിിലെ സാന്‍ അന്റോണിയോയില്‍ ട്രക്കിനുളളില്‍ 46 മൃതദേഹങ്ങള്‍ കണ്ടെത്തി. 16 പേരെ അവശനിലയിലും കണ്ടെത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് നടന്ന മനുഷ്യക്കടത്താണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന.

ഒരു ട്രാക്ടര്‍ ട്രെയിലറിലാണ് ആളുകളെ കുത്തിനിറച്ച് കൊണ്ടുവന്നിരുന്നതെന്ന് സാന്‍ അന്റോണിയോ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കടുത്ത ചൂടും ശ്വാസംമുട്ടിയുമാണ് മരണം നടന്നിരിക്കുന്നതെന്നാണ് സൂചന. മരിച്ചവരില്‍ നാലു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തതായും അധികൃതര്‍ അറിയിച്ചു.

തെക്കന്‍ അതിര്‍ത്തിക്കു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്തെ റെയില്‍വേ ലൈന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. ദുരന്തത്തിനിരയായവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.

അടുത്തകാലത്തായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് വലിയ തോതില്‍ അഭയാര്‍ഥികള്‍ അമേരിക്കയിലെത്തുന്നുണ്ട്. ഇതില്‍ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

2017ലൂം സാന്‍ അന്റോണിയോയില്‍ ഒരു വാള്‍ മാര്‍ട്ട് പാര്‍ക്കിംഗ് ഏരിയയില്‍ കണ്ടെത്തിയ ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍നിന്ന് 10 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കിട്ടിയിരുന്നു.