ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്ലാസ്ഗോ : ഫോസിൽ ഇന്ധന വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 503 പേർ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് റിപ്പോർട്ട്. മറ്റു രാജ്യത്തിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ പ്രതിനിധികളാണ് ഫോസിൽ ഇന്ധന വ്യവസായവുമായി ബന്ധപ്പെട്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രതിനിധികളുടെ വിവരങ്ങൾ യുഎൻ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വിലയിരുത്തിയ ഗ്ലോബൽ വിറ്റ്‌നസിന്റെ പ്രവർത്തകർ , ഫോസിൽ ഇന്ധന വ്യവസായ ലോബികളെ ഉച്ചകോടിയിൽ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഫോസില്‍ ഇന്ധന വ്യവസായം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാര്‍ബണ്‍ പുറംതള്ളലില്‍ നിർണായക പങ്കു വഹിക്കുന്നു. ഇത് സംബന്ധിച്ച് ഗ്ലോബൽ വിറ്റ്‌നസ് വിശദീകരണം നൽകുകയുണ്ടായി. 25 വർഷത്തെ യുഎൻ കാലാവസ്ഥാ ഉച്ചകോടികൾ ഫലപ്രാപ്തിയിൽ എത്താത്തതിന്റെ പ്രധാന കാരണം ഇത്തരക്കാരാണെന്ന് അവർ തുറന്നടിച്ചു.
Cop26 ൽ ഏകദേശം 40,000 പേർ പങ്കെടുക്കുന്നുണ്ട്. യുഎൻ ഡേറ്റാ പ്രകാരം, ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ 479 പ്രതിനിധികളുള്ള ബ്രസീലാണ് ഏറ്റവും വലിയ സംഘം. യുകെയിൽ രജിസ്റ്റർ ചെയ്ത 230 പ്രതിനിധികളുണ്ട്. 100-ലധികം ഫോസിൽ ഇന്ധന കമ്പനികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു. പങ്കെടുക്കുന്നവരിൽ ഏറ്റവും വലിയ ഗ്രൂപ്പുകളിലൊന്ന് ഇന്റർനാഷണൽ എമിഷൻസ് ട്രേഡിംഗ് അസോസിയേഷൻ (IETA) ആണ്. ഇവരുടെ പ്രതിനിധികളായി 103 പേർ ചർച്ചയിൽ പങ്കെടുക്കുന്നു. നിരവധി പ്രമുഖ എണ്ണ കമ്പനികൾ ഇന്റർനാഷണൽ എമിഷൻസ് ട്രേഡിംഗ് അസോസിയേഷനെ പിന്തുണയ്ക്കുന്നുണ്ട്.
അതേസമയം, ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വ്യവസായങ്ങളെ ഇനി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് ഇരുപത് രാജ്യങ്ങൾ തീരുമാനിച്ചു. വളരെ വേഗം ഇല്ലതായിക്കൊണ്ടിരിക്കുന്ന പ്രകൃതിവിഭവങ്ങളായ ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കാനുളള നീക്കത്തിലേക്ക് കൂടുതൽ ലോകരാജ്യങ്ങൾ അടുക്കുകയാണ്. എണ്ണ പ്രകൃതി വാതക മേഖലയിൽ വലിയ മാറ്റം വരും. വിദേശരാജ്യങ്ങളിൽ ഒരു കാരണവശാലും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന കമ്പനികൾക്കായി ഇനി മുതൽമുടക്കില്ലെന്ന നിർണ്ണായക തീരുമാനവും കൈകൊണ്ടു. അമേരിക്ക, ബ്രിട്ടൺ, കാനഡ, ഇറ്റലി, സ്വിറ്റ്‌സർലന്റ് തുടങ്ങിയ രാജ്യങ്ങൾ 2022ഓടെ കൽക്കരി മേഖലയിലെ മുതൽമുടക്ക് നിർത്തലാക്കാൻ തീരുമാനിച്ചു.
Leave a Reply