കോടിയേരി ബാലകൃഷ്ണൻ പ്രമേഹ ചികിത്സയ്ക്കായി ആദ്യമായി എന്നെ കാണാൻ വന്നത് 17 വർഷം മുൻപാണ്. ഏറെ തിരക്കുണ്ടായിട്ടും നിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന അനുസരണയുള്ള രോഗിയായിരുന്നു അദ്ദേഹം. അതുകൊണ്ട് സാധാരണയായുള്ള പ്രമേഹ സങ്കീർണതകൾ ഒന്നുംതന്നെ അദ്ദേഹത്തെ ബാധിച്ചില്ല.

3 വർഷം മുൻപു വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിനു തൊട്ടടുത്ത ദിവസം (2019 ഒക്ടോബർ 18) പതിവു പ്രമേഹ പരിശോധനകൾക്കായി അദ്ദേഹം എത്തി. ഭാര്യ വിനോദിനിയും ഒപ്പമുണ്ടായിരുന്നു. ശാരീരിക പരിശോധനകൾക്കുശേഷം ഞാൻ പറഞ്ഞു; ‘നമുക്ക് ഇപ്രാവശ്യം എല്ലാ കാൻസർ മാർക്കേഴ്‌സും കൂടി നോക്കിയാലോ?’. (പ്രധാന അവയവങ്ങൾക്കു കാൻസർ ബാധയുണ്ടോ എന്നറിയുന്നതിനുള്ള പരിശോധന). രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു: പിന്നെന്താ നമുക്ക് എല്ലാം പരിശോധിക്കാം.

അദ്ദേഹം ആശുപത്രി വിട്ടു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഫലം വന്നു. അദ്ദേഹത്തിന്റെ സിഎ 19-9 (പാൻക്രിയാസിനു കാൻസർ ബാധയുണ്ടോ എന്നറിയുന്നതിനുള്ള പരിശോധന) വളരെ കൂടുതലാണെന്നായിരുന്നു റിപ്പോർട്ട്. ഉറപ്പിനുവേണ്ടി ഒരുതവണകൂടി സിഎ 19-9 ചെയ്യാൻ തീരുമാനിച്ചു. അതിനു വീണ്ടും രക്തം കുത്തിയെടുക്കണം.

വർഷങ്ങളായുള്ള ആത്മബന്ധം കൊണ്ടാകാം, എന്റെ ശബ്ദത്തിലെ ഇടർച്ച അദ്ദേഹം തിരിച്ചറിഞ്ഞു. കണ്ണൂരിലേക്കു പോകാൻ തുടങ്ങിയ അദ്ദേഹം എകെജി സെന്ററിൽ ഞങ്ങൾക്കായി കാത്തിരുന്നു. റിപ്പോർട്ട് വന്നപ്പോൾ സിഎ 19-9 ആയിരത്തിലധികമാണെന്ന് ഉറപ്പിച്ചു.

പിന്നീടങ്ങോട്ടുള്ളത് ഒരു സമരകഥയാണ്. അന്നേ ദിവസം തന്നെ കണ്ണൂരിൽനിന്ന് സിടി സ്കാൻ എടുത്തു. അദ്ദേഹത്തിന്റെ പത്നി പറഞ്ഞു: ‘ഡോക്ടർ, എന്തുവേണമെന്നു പറയൂ; ഞങ്ങൾ അതുപോലെ ചെയ്യാം’. ഞാൻ വിശദീകരിച്ചു: ‘സാധാരണ പാൻക്രിയാസിലെ കാൻസർ തിരിച്ചറിയുന്നതു മഞ്ഞപ്പിത്തമോ കലശലായ വേദനയോ ഒക്കെ വരുമ്പോഴാണ്. ഒരു രോഗലക്ഷണവും ഇല്ലാതെയാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. എത്രയും പെട്ടെന്നു ചികിത്സ തുടങ്ങണം’. അവർ സമ്മതിച്ചു.

ഞങ്ങൾ രാജ്യത്തെ പല ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു. ഞാൻ അമേരിക്കയിലെ പ്രശസ്ത കാൻസർ ചികിത്സകൻ ഡോ. ഹരി പരമേശ്വരനുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘നമുക്ക് പാൻക്രിയാസിലെ കാൻസർ സംബന്ധിച്ച ആഗോള വിദഗ്ധനായ മാത്യു എച്ച്.ജി. കട്സുമായി ബന്ധപ്പെടാം. അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നത് അമേരിക്കയിലെ എംഡി ആൻഡേഴ്സൻ കാൻസർ സെന്ററിലാണ്’. ഒരാഴ്ചയ്ക്കുള്ളിൽ അമേരിക്കയിൽനിന്നു ചികിത്സാ നിർദേശങ്ങളെത്തി. അതിലെ ചില കാതലായ നിർദേശങ്ങൾ ഈ കുറിപ്പ് വായിക്കുന്നവർക്കും പ്രയോജനം ചെയ്യും. ‘കാൻസർ കണ്ടുപിടിക്കുന്ന വേളയിൽ അദ്ദേഹത്തിന് ഒരു രോഗലക്ഷണവും ഇല്ല. സിടി സ്കാൻ, പെറ്റ് സ്കാൻ എന്നിവയിൽ പാൻക്രിയാസിന്റെ വാലിന്റെ ഭാഗത്തല്ലാതെ ശരീരത്തിന്റെ ഒരു ഭാഗത്തും അതു പടർന്നിട്ടേയില്ല. സാധാരണഗതിയിൽ, ശസ്ത്രക്രിയയിലൂടെ കാൻസർ മുറിച്ചു മാറ്റിയാൽ അതു ഭേദമാകുമെന്നു തോന്നിയേക്കാം. പക്ഷേ, അതു തെറ്റാണ്. സിഎ 19-9 ഇത്രയും ഉയർന്നു നിൽക്കുന്നതിനാൽ അർബുദത്തിന്റെ കോശങ്ങൾ ശരീരത്തിന്റെ പല ഭാഗത്തും സ്ഥിതിചെയ്യുന്നുണ്ടാകാം. അതുകൊണ്ട് നിയോ അഡ്ജുവന്റ് കീമോതെറപ്പിയിലൂടെ ഈ കോശങ്ങളെല്ലാം നശിപ്പിച്ച ശേഷമാകണം ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കു ശേഷവും കീമോതെറപ്പി വർഷങ്ങളോളം കൃത്യമായി തുടരേണ്ടിയുംവരും.’

കോടിയേരിയുടെ ശസ്ത്രക്രിയയ്ക്ക് എംഡി ആൻഡേഴ്സൻ കാൻസർ സെന്ററിൽ ഡോ. ഹരി പരമേശ്വരനും ഞാനും ഉണ്ടായിരുന്നു. 2020 ജനുവരിയിൽ നടന്ന ശസ്ത്രകിയയ്ക്കു ഡോ.മാത്യു കട്സ് ആണ് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ വിജയമായിരുന്നു. അദ്ദേഹം നടന്നുതുടങ്ങിയതിനു ശേഷമാണ് ഞാൻ ഇന്ത്യയിലേക്കു മടങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കയിൽ ദീർഘകാലം ജോലി ചെയ്ത് ഇപ്പോൾ കൊച്ചിയിൽ ഓങ്കോളജിസ്റ്റായി സേവനം അനുഷ്‌ഠിക്കുന്ന ഡോ. അജു മാത്യുവിനെയാണ് തുടർചികിത്സാ ചുമതല ഏൽപിച്ചിരുന്നത്.

തീവ്രമായ ഗ്ലൂക്കോസ് നിയന്ത്രണമാണു വേണ്ടതെന്നും അലംഭാവം കാട്ടിയാൽ അർബുദ ചികിത്സാവിജയത്തെയും ശരീരത്തിന്റെ പ്രതിരോധശക്തിയെയും അതു പ്രതികൂലമായി ബാധിക്കുമെന്നും പതിവായി അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ഓർമിപ്പിക്കാറുണ്ടായിരുന്നു. ഡയബറ്റിസ് സെന്ററിലെ രണ്ടു ഡോക്ടർമാരും നാല് ആരോഗ്യപ്രവർത്തകരും ടെലിമെഡിസിൻ ഗ്രൂപ്പിലൂടെ കഴിഞ്ഞ രണ്ടര വർഷമായി 24 മണിക്കൂറും പ്രമേഹ നിയന്ത്രണത്തിൽ അതീവ ജാഗരൂകരായി ഒപ്പം ഉണ്ടായിരുന്നു.

ചികിത്സ സമ്പൂർണമായും വിജയിച്ച അവസ്ഥയിൽ തിരക്കുകൾ കൂടി, യാത്രകൾ വർധിച്ചു, സമ്മേളനങ്ങളിൽ കൂടുതൽ വ്യാപൃതനായി. കൂടെക്കൂടെ സ്നേഹപൂർവം ഞാൻ ഫോണിൽ വിളിച്ച് അപേക്ഷിക്കും: ‘സർ, മരുന്നു മുടക്കരുത്, കൂടാതെ പഞ്ചസാരയുടെ നിയന്ത്രണവും’. അസുഖം ഭേദമായ ശേഷവും കീമോതെറപ്പി തുടരുന്നതിൽ പലപ്പോഴും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു.

അപ്പോഴെല്ലാം തിരുവനന്തപുരത്തു ചികിത്സ തുടർന്നിരുന്ന ജിജി ഹോസ്പിറ്റലിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. ബോബൻ തോമസും ഞാനും പറയും.‘ സർ, ഇതു പാൻക്രിയാസ് കാൻസറാണ്. കീമോതെറപ്പി നിർത്താൻ പാടില്ലെന്നാണ് അമേരിക്കയിൽനിന്നു നിർദേശിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഒന്നും കൂടാതെ കാൻസർ മാർക്കറിലൂടെ മാത്രം കണ്ടുപിടിച്ചതുകൊണ്ടാണ് നമുക്ക് ഈ പ്രായത്തിലും ഇത്രവരെ എത്താൻ കഴിഞ്ഞത്. വർഷങ്ങളായി പ്രമേഹം ഉണ്ടായിരുന്നിട്ടും വൃക്കയും ഹൃദയവും കരളും സാധാരണ രീതിയിൽ പ്രവർത്തിച്ചിരുന്നതുമൂലം, കീമോതെറപ്പി തീവ്രമായി നൽകിയിരുന്നപ്പോൾപോലും വിജയകരമായി തുടരുവാൻ സാധിച്ചു. പാൻക്രിയാസ് കാൻസർ ബാധിക്കുന്നവരുടെ ശരാശരി ആയുസ്സ് വളരെക്കുറവാണെന്നതു നമുക്കു തിരുത്തിക്കുറിക്കണം…’

അർബുദരോഗ ചികിത്സ, അതും പാൻക്രിയാസിൽ അർബുദം വരുമ്പോഴുള്ള അവസ്ഥ അത്ര നിസ്സാരമല്ല. പത്നി വിനോദിനിയും കുടുംബാംഗങ്ങളും ഉറ്റ സ്നേഹിതരും എപ്പോഴും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.

കോടിയേരി രോഗത്തെ നേരിട്ടത് നിറപുഞ്ചിരിയോടെ, നിറഞ്ഞ ആത്മധൈര്യത്തോടെയാണ്. അദ്ദേഹത്തിന്റെ ഈ മനോവീര്യം ഞങ്ങൾ ഡോക്ടർമാരെ പലപ്പോഴും അദ്ഭുതപ്പെടുത്തിട്ടുണ്ട്. അവസാനം വരെ അദ്ദേഹം ആത്മധൈര്യം വിടാതെ അർബുദത്തോടു സമരം ചെയ്തു.