ഇന്‍ഫോ പാര്‍ക്കിലെ വഴിയരികില്‍ 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ആയുര്‍ സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരപുത്രന്റെ ഭാര്യാപിതാവ് കോട്ടയം പൊന്‍കുന്നം സ്വദേശി അനില്‍കുമാര്‍, ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷ്, സഞ്ജയ്, കൊല്ലം സ്വദേശിനി ഷാനിഫ എന്നിവരാണ് അറസ്റ്റിലായത്.
മരിച്ചയാളെ തിരിച്ചറിഞ്ഞത് ജ്യോത്സ്യന്റെ സഹായത്താൽ – ഞായറാഴ്ചയാണ് ശരീരമാസകലം പരുക്കുകളുമായി ദിവാകരന്‍ നായരുടെ മൃതദേഹം വഴിയരികില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ കടലാസു കഷണത്തില്‍ കുറിച്ച കൊല്ലത്തെയൊരു ജ്യോത്സ്യന്റെ ഫോണ്‍നമ്പര്‍ കണ്ടെത്തി. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാലുള്ള ജയസാധ്യത അറിയുന്നതിനായി രണ്ടാഴ്ച മുമ്പ് എത്തിയ ദിവാകരന്‍ നായരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞ ശേഷം മൊബൈല്‍ ടവറുകളും സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
കൊലയ്ക്ക് കാരണം സഹോദരനുമായുള്ള സ്വത്തുതര്‍ക്കം – മരിച്ച ദിവാകരന്‍ നായരും സഹോദരന്‍ മധുവും തമ്മില്‍ ഒന്നരയേക്കറിലധികം വരുന്ന ഭൂമിയെച്ചൊല്ലി തര്‍ക്കം നില നിന്നിരുന്നു. കോടതിയില്‍ നിന്നും മധു അനുകൂലമായ വിധിയും സമ്പാദിച്ചു. എന്നാല്‍, വിധി നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടും വിജയിച്ചില്ല. തുടര്‍ന്നാണ് മധുവിന്റെ മകന്റെ ഭാര്യാപിതാവ് അനില്‍കുമാര്‍ വിഷയത്തില്‍ ഇടപെട്ടത്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കിടെ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. പൊന്‍കുന്നം സ്വദേശിയായ അനില്‍കുമാര്‍ ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷിനും സഞ്ജയ്ക്കുമൊപ്പം ദിവാകരനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കൊച്ചിയിലെത്തിക്കാൻ ഹണിട്രാപ്പ് – നാല്‍പ്പതുകാരനായ രാജേഷ് കാമുകിയായ 55കാരി ഷാനിഫയെയാണ് ദിവാകരന്‍ നായരെ കൊല്ലത്തെത്തിക്കാന്‍ ഉപയോഗിച്ചത്. ഷാനിഫ ദിവാകരന്‍ നായരുമായി ഫോണിലൂടെ സംസാരിച്ച് അടുപ്പം സ്ഥാപിച്ച ശേഷം ആലുവയിൽ എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കാക്കാനാട്ടുള്ള പ്ലോട്ട് സന്ദര്‍ശിക്കാനെന്ന പേരില്‍ കൊച്ചിയിൽ എത്തിയ ദിവാകരനെ ഷാനിഫയെ കാണാന്‍ ആലുവയിലേക്ക് പോകും വഴി പ്രതികള്‍ ഇന്നോവ കാറില്‍ കയറ്റുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു.
യാതൊരു തുമ്പുകളും ഇല്ലാതിരുന്ന കേസില്‍ സി.സി.ടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ദിവാകരന്‍ നായര്‍ സഞ്ചരിച്ച ഓട്ടോറക്ഷയെ പിന്തുടരുന്ന ഇന്നോവ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. തൃക്കാക്കര എ.സി.പി കെ.എം ജിജിമോന്റെ മേല്‍നോട്ടത്തില്‍ നാലു ടീമുകളായി തിരിച്ചായിരുന്നു അന്വേഷണം.
Leave a Reply