ന്യൂസ് ഡെസ്ക് , മലയാളം യുകെ
വെയിൽസ് : രോഗവ്യാപനം ഉയർന്നതിനെത്തുടർന്ന് സൗത്ത് വെയിൽസിലെ നാല് പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക്. മെർതിർ ടൈഡ്‌ഫിൽ, ബ്രിഡ്ജന്റ്, ബ്ലെന ഗ്വെന്റ്, ന്യൂപോർട്ട് എന്നീ പ്രദേശങ്ങളിൽ നാളെ വൈകുന്നേരം 6 മണി മുതൽ ലോക്ക്ഡൗൺ നടപ്പിലാകും. വ്യക്തമായ കാരണമില്ലാതെ ആളുകൾക്ക് പുറത്ത് പോകാനോ അകത്തേക്ക് കടക്കാനോ സാധിക്കില്ല. പബ്ബുകൾ പോലുള്ളവ രാത്രി 11 മണിയോടെ അടയ്‌ക്കേണ്ടി വരും. പല വീടുകളിൽ നിന്നുള്ളവരുമായുള്ള കൂടിക്കാഴ്ച നാല് മേഖലകളിലും നിരോധിക്കുന്നതാണ്. 431,000 പൊതുജനങ്ങളെയാണ് ഈ നിയന്ത്രണങ്ങൾ ബാധിക്കുന്നത്. വെയിൽസിൽ 850,000 ത്തിലധികം പേർ ഇപ്പോൾ പ്രാദേശിക ലോക്ക്ഡൗണിന് കീഴിലാണ്. സെപ്റ്റംബർ ആദ്യം കീർഫില്ലി കൗണ്ടി ബൊറോയിലേക്കും റോണ്ട സിനോൺ ടാഫിലേക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാല് കൗണ്ടികളിലെ കോവിഡ് -19 കേസുകളിൽ വർദ്ധനവുണ്ടായതായി ആരോഗ്യമന്ത്രി വോൺ ഗെത്തിംഗ് പറഞ്ഞു.
സൗത്ത് വെയിൽസിലെ എല്ലാ കൗൺസിലുകൾ, ഹെൽത്ത് ബോർഡുകൾ, പോലീസ് സേനകൾ എന്നിവരുമായി ബുധനാഴ്ച അടിയന്തര യോഗം ചേരുമെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. വിശാലമായ പ്രാദേശിക ലോക്ക്ഡൗണിനെക്കുറിച്ചും കൂടുതൽ കൊറോണ വൈറസ് നിയന്ത്രണ നടപടികൾ ആവശ്യമാണോയെന്നും ഈ യോഗത്തിൽ ചർച്ച ചെയ്യും. ഈ പ്രാദേശിക ലോക്ക്ഡൗണുകൾ എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് പറയാൻ കഴിയില്ലെന്നും ഗെത്തിംഗ് പറഞ്ഞു. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതോടെ കൂടുതൽ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply