മലപ്പുറം: മൈസൂരുവിലെ വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാല് പ്രതികളും കുറ്റംസമ്മതിച്ചതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്. പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്‌റഫാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ക്ക് പുറമേ സുല്‍ത്താന്‍ ബത്തേരി പൊന്നക്കാരന്‍ ശിഹാബുദ്ദീന്‍, കയ്പഞ്ചേരി തങ്ങളകത്ത് നൗഷാദ്, ഷൈബിന്റെ ഡ്രൈവര്‍ നിഷാദ് എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഭവത്തിലടക്കം കൂടുതല്‍പ്രതികള്‍ ഉള്‍പ്പെട്ടതായാണ് സൂചനയെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മലപ്പുറം എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.

വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കിയ ശേഷം എടവണ്ണ സീതിഹാജി പാലത്തില്‍നിന്നാണ് ചാലിയാര്‍ പുഴയില്‍ തള്ളിയത്. മൃതദേഹാവശിഷ്ടങ്ങള്‍ക്കായി ഇനി തിരച്ചില്‍ നടത്തണം. പ്രതികള്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റുപ്രതികള്‍ കവര്‍ച്ചചെയ്ത ഷൈബിന്റെ ലാപ്‌ടോപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ നൗഷാദ് കൈമാറിയ പെന്‍ഡ്രൈവില്‍ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകളുണ്ടെന്നും എസ്.പി. പറഞ്ഞു. വൈദ്യനെ കാണാതായ സംഭവത്തില്‍ മൈസൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണവുമായി മൈസൂരു പോലീസ് സഹകരിക്കുന്നുണ്ടെന്നും കൂടുതല്‍വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും എസ്.പി. വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM

മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം സ്വന്തമാക്കാനായാണ് മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷെരീഫി(60)നെ ഷൈബിന്‍ അഷ്‌റഫും സംഘവും തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റിലാണ് ഷൈബിനും സംഘവും ഷാബാ ഷരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് നിലമ്പൂരിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ക്രൂരമായ പീഡനമാണ് ഇക്കാലയളവില്‍ വൈദ്യന് നേരിടേണ്ടിവന്നത്. എന്നാല്‍ ക്രൂരമായി മര്‍ദിച്ചിട്ടും ഒറ്റമൂലിയുടെ രഹസ്യം വൈദ്യന്‍ വെളിപ്പെടുത്തിയില്ല. ഇതിനിടെ, 2020 ഒക്ടോബറിലെ ഒരുദിവസം മര്‍ദനത്തിനിടെ ഷാബാ ഷരീഫ് കൊല്ലപ്പെട്ടു. ഇതോടെ പ്രതികള്‍ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നു.

വൈദ്യനെ തട്ടിക്കൊണ്ടുവന്നതിനും കൊലപ്പെടുത്തിയതിനും മറ്റുപ്രതികള്‍ക്ക് ഷൈബിന്‍ പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ പണം ലഭിക്കാതായതോടെ ഷൈബിനും കൂട്ടുപ്രതികളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നാണ് പോലീസ് നിഗമനം. പിന്നാലെ മറ്റുപ്രതികള്‍ ഷൈബിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തുകയും ചെയ്തു. നിര്‍ണായക ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പ് അടക്കമുള്ളവയാണ് അന്ന് കവര്‍ച്ച ചെയ്തത്. ഈ സംഭവത്തില്‍ ഷൈബിന്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രതികളിലൊരാളെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് കവര്‍ച്ചാക്കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ഷൈബിനൊപ്പം കൊലപാതകം നടത്തിയതിന് തെളിവുണ്ടെന്നും അന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങള്‍ തിരുവനന്തപുരം പോലീസ് നിലമ്പൂര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞത്.