ന്യൂസ് ഡെസ്ക്, മലയാളം യുകെ

അനധികൃത കുടിയേറ്റത്തിന് സഹായം നൽകുന്നതായുള്ള പരസ്യം നൽകിയ 4 വിയറ്റ്നാമീസ് പൗരന്മാരെ ഇംഗ്ലണ്ടിൽ അറസ്റ്റ് ചെയ്തു . ഫെയ്സ്ബുക്ക് വഴിയാണ് ഇവർ വ്യാപകമായ രീതിയിൽ പരസ്യം നൽകിയത്. ദക്ഷിണ ലണ്ടനിലെ ക്രോയ്‌ഡണിൽ 23 കാരിയായ സ്ത്രീയെയും ദക്ഷിണ ലണ്ടനിലെ ഡെപ്‌റ്റ്‌ഫോർഡിൽ 64 കാരനെയും ലെസ്റ്ററിൽ 34 കാരനായ പുരുഷനെയും നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായിച്ചുവെന്ന് സംശയിച്ച് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ക്രോയ്‌ഡോണിൽ നിന്ന് തന്നെ 25 കാരനായ ഒരാളെ അനധികൃത കുടിയേറ്റത്തിനു സഹായിച്ചതിനൊപ്പം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിലും പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട് .

വിയറ്റ്നാം സ്വദേശികളെ ലക്ഷ്യമിട്ട് അനധികൃത കുടിയേറ്റത്തെ കുറിച്ച് വ്യാപകമായ രീതിയിൽ പ്രചാരണം നടത്തുകയും യാത്ര ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്ന് ആയിരക്കണക്കിന് പൗണ്ട് ഈടാക്കിയതിനും ആണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ സഹായിച്ചെന്ന് കരുതുന്ന 12 പേരെയും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം യുകെയിലേയ്ക്ക് വരുന്ന അനധികൃത കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത് വിയറ്റ്നാമിൽ നിന്നാണ് . യുകെയിലേയ്ക്ക് അനധികൃതമായി ആളുകളെ കൊണ്ടുവരുന്നതിനെ തടയുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലവർലി പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിനായി കഴിഞ്ഞ ആഴ്ച യുകെ വിയറ്റ്നാമുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു .