ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഫ്രാൻസുമായുള്ള നിർണായക കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങി ഇംഗ്ലണ്ട്. ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്നത് തടയാനുള്ള നിർണായക നടപടിയുടെ കരാറിലാണ് ഒപ്പുവെക്കാൻ ഒരുങ്ങുന്നത്. ഇതിനായി ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പാരീസിലേക്ക് പോകും. നിർണായകമായ കരാർ ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം.

പുതുക്കിയ ഉടമ്പടി പ്രകാരം, വർദ്ധിച്ച പട്രോളിംഗിന്റെ ചെലവ് നികത്താൻ യുകെ ഫ്രാൻസിന് നൽകുന്ന തുക പ്രതിവർഷം 55 മില്യൺ പൗണ്ടിൽ നിന്ന് 63 മില്യൺ പൗണ്ടായി ഉയരും. ആളുകൾ പുറപ്പെടുന്നത് തടയാൻ ഫ്രഞ്ച് തീരത്ത് പട്രോളിംഗ് നടത്തുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇതോടെ 200 ൽ നിന്ന് 300 ആയി ഉയരും. അടുത്ത ആഴ്‌ചകളിൽ, ഈ വിഷയത്തിൽ സുല്ല ബ്രാവർമാൻ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും.

ഈ വർഷം ഇതുവരെ, 40,000-ത്തിലധികം ആളുകൾ അപകടകരമായ ക്രോസിംഗ് നടത്തി. ഇത് റെക്കോർഡിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്. വിപുലീകരിച്ച കരാർ ഫ്രാൻസിൽ പ്രവർത്തിക്കുന്ന കള്ളക്കടത്തുകാരെ കൂടുതൽ തടസ്സപ്പെടുത്തുമെങ്കിലും അവരുടെ വ്യാപാരം അവസാനിപ്പിക്കാൻ സാധ്യതയില്ലെന്ന് ബിബിസി റിപ്പോർട്ട്‌ ചെയ്തു. ആയിരക്കണക്കിന് കുടിയേറ്റക്കാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി ചെറിയ ബോട്ടുകളിൽ ചാനൽ മുറിച്ചുകടക്കുന്നതിന്റെ പ്രശ്നത്തിന് ഒരൊറ്റ പരിഹാരവുമില്ലെന്നായിരുന്നു. എന്നാൽ അതിനിപ്പോൾ നിർണായകമായ തീരുമാനമാണ് കൈകൊണ്ടിരിക്കുന്നത്.